അമേരിക്കൻ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല എട്ട് ദശലക്ഷം കാറുകളുടെ ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം കൈവരിക്കാൻ കമ്പനിക്ക് 17 വർഷമെടുത്തു
അമേരിക്കൻ ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ല എട്ട് ദശലക്ഷം മൊത്ത ഉൽപ്പാദനം എന്ന നാഴികക്കല്ല് പിന്നിട്ടു. ഈ നാഴികക്കല്ല് കടക്കാൻ ടെസ്‌ലയ്ക്ക് 17 വർഷമെടുത്തു. 2008 ൽ ആണ് കമ്പനി ആദ്യമായി കാറുകൾ നിർമ്മിക്കാൻ തുടങ്ങിയത്. ബ്രാൻഡിന്റെ ബെർലിൻ ഗിഗാഫാക്ടറിയിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഒരു മോഡൽ Y കാർ പുറത്തിറങ്ങി.
2024 കലണ്ടർ വർഷത്തിൽ ടെസ്‌ല 1.77 ദശലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിച്ചു. എന്നാൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ടെസ്‌ല അവസാന ഒരുദശലക്ഷം കാറുകൾ നിർമ്മിച്ചു. എന്നാൽ 2024 ലെ അവസാന പാദത്തിൽ ടെസ്‌ല നിർമ്മിച്ച 459,445 കാറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, അടുത്ത പാദത്തിൽ (2025 ലെ ആദ്യ പാദം) 362,615 കാറുകൾ മാത്രമേ നിർമ്മിച്ചുള്ളൂ. അതിന്റെ ഫലമായി 20 ശതമാനത്തിൽ അധികം ഇടിവ് സംഭവിച്ചു.
ടെസ്‌ല കാറുകൾ നിർമ്മിക്കുന്ന ലോകമെമ്പാടുമുള്ള നാല് ജിഗാഫാക്റ്ററികളിൽ ഒന്നാണ് ബെർലിൻ. നിലവിൽ ലോകമെമ്പാടും ടെസ്‌ല കാറുകൾ നിർമ്മിക്കുന്ന നാല് സ്ഥലങ്ങളുണ്ട്. ഇതിൽ രണ്ടെണ്ണം അതായത് ഫ്രീമോണ്ട്, ഓസ്റ്റിൻ എന്നിവ അമേരിക്കയിലാണ്. അതേസമയം കമ്പനിക്ക് ചൈനയിലെ ഷാങ്ഹായിലും ജർമ്മനിയിലെ ബെർലിനിലും ഗിഗാ ഫാക്ടറികളുണ്ട്. എന്നാൽ ടെസ്‌ലയുടെ ഇന്ത്യയുടെ നിർമ്മാണ പ്ലാന്റിനെക്കുറിച്ച് ചില വാർത്തകളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്‌ഡി കുമാരസ്വാമി ടെസ്‌ല ഷോറൂമുകൾ മാത്രമേ ആരംഭിക്കാൻ പോകുന്നുള്ളൂ എന്ന് പറഞ്ഞിരുന്നു.
ഇന്ത്യാ ഗവൺമെന്റ് അടുത്തിടെ പ്രഖ്യാപിച്ച പുതിയ ഇവി നയം, ടെസ്‌ല ഇന്ത്യയിൽ ഉൽപ്പാദനം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തി. ചില നിബന്ധനകൾ പാലിച്ചാൽ ഇറക്കുമതി ചെയ്ത ഇവികളുടെ തീരുവ 100% ൽ നിന്ന് വെറും 15% ആയി ഈ നയം കുറച്ചു . ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ ഒരു നിർമ്മാണ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് അനുസൃതമായി ഈ പുതിയ പദ്ധതി സർക്കാർ ആവിഷ്‍കരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ (ഇവി) പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പാസഞ്ചർ കാറുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്ന സമയത്താണ് ഈ കമ്പനികളുടെ ഈ നീക്കം. ഇതിനായി അടുത്തിടെ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യയിൽ ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (SPMEPCI) പ്രകാരം ഘന വ്യവസായ മന്ത്രാലയം (MHI) ഇളവുകൾ നൽകും.
പദ്ധതി പ്രകാരം ആഗോള കാർ നിർമ്മാതാക്കളെ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി, അംഗീകൃത അപേക്ഷകർക്ക് അപേക്ഷിച്ച തീയതി മുതൽ 5 വർഷത്തേക്ക് 15 ശതമാനം കുറഞ്ഞ കസ്റ്റംസ് തീരുവയിൽ കംപ്ലീറ്റ് ബിൽറ്റ് യൂണിറ്റ് (CBU) വഴി കുറഞ്ഞത് 35,000 ഡോളർ സിഐഎഫ് മൂല്യമുള്ള ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. ഈ പദ്ധതിയുടെ നിയമങ്ങൾ അനുസരിച്ച്, അപേക്ഷകർ കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
