Asianet News MalayalamAsianet News Malayalam

ടെസ്‍ല സൈബർട്രക്ക് നിർമ്മാണം 2022ലേക്കു മാറ്റി

എന്നാല്‍ വാഹനത്തിന്റെ ഉൽപ്പാദനം 2022ലാവും തുടങ്ങുക എന്ന് ഇപ്പോൾ കമ്പനി പറയുന്നതായി ഫസ്റ്റ്‍പോസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

Tesla Cybertruck production delayed to 2022 reports
Author
Mumbai, First Published Aug 16, 2021, 4:17 PM IST
  • Facebook
  • Twitter
  • Whatsapp

ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക് 2019 നവംബര്‍ അവസാനവാരമാണ് അവതരിപ്പിക്കുന്നത്. 2021 അവസാനത്തോടെ ഈ ഇലക്ട്രിക്ക് പിക് അപ്പ് വിൽപ്പനയ്ക്കെത്തുമെന്നും അന്നു പ്രഖ്യാപിച്ചിരുന്നു കമ്പനി. എന്നാല്‍ വാഹനത്തിന്റെ ഉൽപ്പാദനം 2022ലാവും തുടങ്ങുക എന്ന് ഇപ്പോൾ കമ്പനി പറയുന്നതായി ഫസ്റ്റ്‍പോസ്റ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

2022ല്‍ ഉപയോക്താവിന്റെ അഭിരുചിക്കൊത്ത് സൈബർട്രക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന കോൺഫിഗറേറ്റർ സംവിധാനം തുടങ്ങുക എന്നും വെബ്സൈറ്റിൽ സൂചിപ്പിക്കുന്നു. സൈബർട്രക്കിന്റെ മൂന്നു വകഭേദങ്ങളുടെയും ഉൽപ്പാദനം ടെസ്‌ല അടുത്ത വർഷത്തേക്കു മാറ്റിയിട്ടുണ്ട്. പിക് അപ്പിന്റെ ഉയർന്ന പതിപ്പുകളായ ഡ്യുവൽ മോട്ടോർ, ട്രൈമോട്ടോർ വകഭേദങ്ങളാവും ആദ്യം എത്തുകയെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്തയിടെ മാത്രമാണു സൈബർട്രക്കിന്റെ എൻജിനീയറിങ് ഡിസൈൻ ടെസ്ല പൂർത്തിയാക്കിയത്. ഇതാണ് ഉൽപ്പാദനം വൈകാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, സൈബർട്രക്കിന്റെ സ്റ്റീൽഎക്സോസ്കെലിറ്റൻ ബോഡി എന്നിവ നിർമിക്കാൻ പുതിയ നിർമാണപ്രക്രിയ തന്നെ വേണ്ടിവരുമെന്ന് ടെസ്‌ല മേധാവി ഇലോൺ മസ്കും മുമ്പ് സൂചിപ്പിച്ചിരുന്നു. 

മൂന്ന് വകഭേദങ്ങളിലാണ് ടെസ്‌ല സൈബര്‍ട്രക്ക് വിപണിയിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ മോട്ടോര്‍, റിയര്‍ വീല്‍ ഡ്രൈവ് വേര്‍ഷനിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്‍താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 39,900 ഡോളറാണ് വില.  ഇരട്ട ഇലക്ട്രിക് മോട്ടോര്‍, ഓള്‍ വീല്‍ ഡ്രൈവ് വാഹനമാണ് രണ്ടാമത്തെ വേരിയന്റ്. 482 കിലോമീറ്ററാണ് ഇതിന്‍റെ റേഞ്ച്. 49,900 ഡോളറാണ് വില. മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ സഹിതം ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തോടെ വരുന്നതാണ് ടോപ് വേരിയന്റ്. സിംഗിള്‍ ചാര്‍ജില്‍ 800 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാം. 69,000 യുഎസ് ഡോളറാണ് വില. ബേസ് മോഡല്‍ സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവാണ് (250 മൈല്‍). 7500 പൗണ്ട് ഭാരവാഹക ശേഷിയുണ്ട് ഇതിന്. 6.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗതയിലെത്താന്‍ ബേസ് മോഡലിന് സാധിക്കും. 

300 മൈല്‍ റേഞ്ചുള്ള രണ്ടാമനില്‍ ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണ്. 10,000 പൗണ്ട് ഭാരവാഹക ശേഷിയുണ്ടിതിന്.  4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്താം. ഏറ്റവും ഉയര്‍ന്ന 500 മൈല്‍ റേഞ്ച് മോഡലില്‍ ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും.

പരമ്പരാഗത പിക്കപ്പ് ട്രക്കുകളില്‍നിന്ന് വേറിട്ട രൂപമാണ് ടെസ്‌ല ട്രക്കിന്റെ പ്രത്യേകത. ഭാവിയിലെ കവചിത വാഹനങ്ങളുടെ കരുത്തന്‍ രൂപശൈലിയിലാണ് സൈബര്‍ ട്രക്ക്. വളരെ ദൃഢതയേറിയ കോള്‍ഡ് റോള്‍ഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് സൈബര്‍ട്രക്കിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 

അള്‍ട്രാ ഹാര്‍ഡ് 30X കോള്‍ഡ്-റോള്‍ഡ് സ്‌റ്റെയിന്‍ലെസ് സ്റ്റീലിലാണ് വാഹനത്തിന്റെ നിര്‍മാണം.  പിന്നിലെ വലിയ ലഗേജ് സ്‌പേസ് ബോഡിയുടെ ഭാഗമായ ചട്ടക്കൂടിനുള്ളിലാണ്. വളരെ ഉറപ്പേറിയ ബോഡിയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.  

എല്ലാ ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ക്കുമായി 17 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ് നല്‍കിയിരിക്കുന്നു. കാര്‍ഗോ കൊണ്ടുപോകുന്നതിനുള്ള ഭാഗത്തിന് 6.5 അടി നീളമുണ്ട്. ഏകദേശം നൂറ് ഘനയടിയാണ് സംഭരണ ഇടം. 6.5 ഫീറ്റ് നീളമുള്ള വാഹനത്തില്‍ ആറ് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. അതേസമയം ലക്ഷങ്ങള്‍ ബുക്കിംഗുമായി കുതിക്കുകയാണ് സൈബര്‍ ട്രക്ക്. വാഹനത്തിന് 10 ലക്ഷത്തിലേറെ ബുക്കിംഗ് ലഭിച്ചെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios