ഉന്നത മാനേജ്‌മെന്റ് തലത്തില്‍ നിയമനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമനായ ടെസ്‍ല ഈ വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുമുന്നോടിയായി ഉന്നത മാനേജ്‌മെന്റ് തലത്തില്‍ നിയമനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനിയെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയായി മനൂജ് ഖുറാനയെ ടെസ്‌ല നിയമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മനൂജ് ഖുറാനയെ കൂടാതെ, ചാര്‍ജിംഗ് മാനേജരായി നിശാന്ത് പ്രസാദിനെ നിയമിച്ചു. ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജിംഗ്, ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ്, ഹോം ചാര്‍ജിംഗ് ബിസിനസ് നയിക്കുന്നത് പ്രസാദ് ആയിരിക്കും. മുമ്പ് ഏഥര്‍ എനര്‍ജിയുടെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് എനര്‍ജി സ്റ്റോറേജ് വിഭാഗം മേധാവി ആയിരുന്നു നിശാന്ത് പ്രസാദ്. എച്ച്ആര്‍ ലീഡറായി ചിത്ര തോമസിനെ നിയമിച്ചു. വാള്‍മാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍ എന്നിവിടങ്ങളില്‍ ചിത്ര തോമസ് നേരത്തെ ജോലി ചെയ്തിരുന്നു.

ലോക്കല്‍ ടീം രൂപീകരിച്ച് ഇന്ത്യാ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ് ടെസ്‌ല. ഇന്ത്യയില്‍ ആദ്യ കാര്‍ ഡെലിവറി ചെയ്യുമ്പോള്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ സന്നിഹിതനായിരിക്കുമെന്നാണ് ടെസ്‌ല ക്ലബ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ ടെസ്‌ല മോഡല്‍ 3 സെഡാന്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന ആരംഭിക്കും. വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. 

കര്‍ണാടകയില്‍ ആയിരിക്കും ടെസ്‌ല തങ്ങളുടെ ഫാക്റ്ററി സ്ഥാപിക്കുന്നത്. ബെംഗളൂരുവില്‍ ഇന്ത്യാ കമ്പനി ഇതിനകം രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിനായി ടെസ്‍ല പരിശോധനകൾ തുടങ്ങിയതായും നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ജനുവരിയിൽ ടെസ്‍ല ഇതിന്റെ ഭാ​ഗമായി ഇന്ത്യയിൽ ഒരു പ്രാദേശിക യൂണിറ്റ് രജിസ്റ്റർ ചെയ്തു, ഈ കമ്പനിയിലൂടെ മോഡൽ 3 സെഡാൻ ഇറക്കുമതി ചെയ്ത് വിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2021 പകുതിയോടെ, വിപണിയിലെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സജീവമാകാനാണ് കമ്പനിയുടെ ആലോചനകളെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.

തലസ്ഥാനമായ ദില്ലി, മുംബൈ, ടെക് സിറ്റിയായ ബെംഗളൂരു എന്നിവിടങ്ങളിൽ 20,000-30,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള അനുയോജ്യമായ കൊമേഴ്ഷ്യൽ സ്പേസുകൾ കണ്ടെത്താനുളള ശ്രമത്തിലാണ് ടെസ്‍ല. ഗ്ലോബൽ പ്രോപ്പർട്ടി കൺസൾട്ടന്റ് സിബിആർഇ ഗ്രൂപ്പ് ടെസ്‍ലയുടെ ഷോറൂം തിരയലുകൾക്കായി നിയമിക്കപ്പെട്ടിരുന്നു. ആഴ്ചകളായി ഇവർ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. സമ്പന്നരായ ഉപഭോക്താക്കളെ കമ്പനിയിലേക്ക് എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുന്ന ഇടങ്ങളാണ് കമ്പനി അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.