Asianet News MalayalamAsianet News Malayalam

ടെസ്‌ലയുടെ ഇന്ത്യയിലെ ആസ്ഥാനം മുംബൈയിൽ ഒരുങ്ങിയേക്കും

ടെസ്‌ലയുടെ ആസ്ഥാനം ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ ആരംഭിച്ചേക്കും 

Tesla India headquarters to be in Mumbai
Author
Mumbai, First Published Apr 29, 2021, 9:35 AM IST

അമേരിക്കന്‍ ഇലകട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യ എനര്‍ജി എന്ന സ്ഥാപനം ബെംഗളൂരുവില്‍ ആരംഭിച്ചു കഴിഞ്ഞു. ടെസ്‌ലയുടെ ആസ്ഥാനം ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ ആരംഭിച്ചേക്കും എന്ന് ടീം ബിച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ വോര്‍ളി മേഖലയിലായിരിക്കും ടെസ്‌ലയുടെ ഓഫീസ് ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസായിരിക്കും മുംബൈയില്‍ ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ പ്ലാന്റ് ബെംഗളൂരു ആസ്ഥാനമായി തന്നെ നിര്‍മിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ടെസ്‌ല ജീവനക്കാരെ നിയമിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് മേധാവിയായി മനൂജ് ഖുറാനയെ ടെസ്‌ല നിയമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.  മനൂജ് ഖുറാനയെ കൂടാതെ, ചാര്‍ജിംഗ് മാനേജരായി നിശാന്ത് പ്രസാദിനെ നിയമിച്ചു. ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജിംഗ്, ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ്, ഹോം ചാര്‍ജിംഗ് ബിസിനസ് നയിക്കുന്നത് പ്രസാദ് ആയിരിക്കും. എച്ച്ആര്‍ ലീഡറായി ചിത്ര തോമസിനെ നിയമിച്ചു. 

ലോക്കല്‍ ടീം രൂപീകരിച്ച് ഇന്ത്യാ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ് ടെസ്‌ല. ഇന്ത്യയില്‍ ആദ്യ കാര്‍ ഡെലിവറി ചെയ്യുമ്പോള്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ സന്നിഹിതനായിരിക്കുമെന്നാണ് ടെസ്‌ല ക്ലബ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മധ്യത്തോടെ ടെസ്‌ല മോഡല്‍ 3 സെഡാന്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന ആരംഭിക്കും. വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളാണ് ടെസ്‌ല. ടെസ്‌ലയുടെ മോഡല്‍ 3 ആയിരിക്കും ഇന്ത്യയില്‍ ആദ്യമെത്തിക്കുകയെന്നാണ് സൂചന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. 60 കിലോവാട്ട് ഹൈ പവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് വിദേശ നിരത്തുകളില്‍ ഓടുന്ന മോഡല്‍ 3-യില്‍ പ്രവര്‍ത്തിക്കുന്നത്. 

കര്‍ണാടകയില്‍ ആയിരിക്കും ടെസ്‌ല തങ്ങളുടെ ഫാക്റ്ററി സ്ഥാപിക്കുന്നത്. ബെംഗളൂരുവില്‍ ഇന്ത്യാ കമ്പനി ഇതിനകം രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ ഷോറൂമുകൾ തുറക്കുന്നതിനായി ടെസ്‍ല പരിശോധനകൾ തുടങ്ങിയതായും നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ജനുവരിയിൽ ടെസ്‍ല ഇതിന്റെ ഭാ​ഗമായി ഇന്ത്യയിൽ ഒരു പ്രാദേശിക യൂണിറ്റ് രജിസ്റ്റർ ചെയ്തു, ഈ കമ്പനിയിലൂടെ മോഡൽ 3 സെഡാൻ ഇറക്കുമതി ചെയ്ത് വിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2021 പകുതിയോടെ, വിപണിയിലെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സജീവമാകാനാണ് കമ്പനിയുടെ ആലോചനകളെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന.

തലസ്ഥാനമായ ദില്ലി, മുംബൈ, ടെക് സിറ്റിയായ ബെംഗളൂരു എന്നിവിടങ്ങളിൽ 20,000-30,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള അനുയോജ്യമായ കൊമേഴ്ഷ്യൽ സ്പേസുകൾ കണ്ടെത്താനുളള ശ്രമത്തിലാണ് ടെസ്‍ല.  ഗ്ലോബൽ പ്രോപ്പർട്ടി കൺസൾട്ടന്റ് സിബിആർഇ ഗ്രൂപ്പ് ടെസ്‍ലയുടെ ഷോറൂം തിരയലുകൾക്കായി നിയമിക്കപ്പെട്ടിരുന്നു. ആഴ്ചകളായി ഇവർ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. സമ്പന്നരായ ഉപഭോക്താക്കളെ കമ്പനിയിലേക്ക് എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുന്ന ഇടങ്ങളാണ് കമ്പനി അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios