സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത പുതിയ കാർ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ല

വാഹനങ്ങളുടെ സുപ്രധാന ഭാഗമായ സ്റ്റീയറിംഗ് വീലുകള്‍ പോയി മറയുന്നു. സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത പുതിയ വൈദ്യുത കാർ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ൽ വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 25,000 ഡോളർ അഥവാ ഏകദേശം 18 ലക്ഷമായിരിക്കും വാഹനത്തിന്റെ വില. കമ്പനി ജീവനക്കാരുമായുള്ള സംവാദത്തിൽ ടെസ്‌ലയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ഇലോൺ മസ്‍ക് ഇക്കാര്യം സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ചൈനയിലെ ഷാങ്ഹായി ഗിഗാഫാക്ടറിയിലാവും വാഹനത്തിന്റെ നിർമ്മാണം. ഹാച്ച്ബാക്ക് വിഭാഗത്തിലാണ് കാർ ലഭ്യമാകുക എന്ന് ടെസ്ല സ്ഥാപകൻ എലോൺ മസ്‌ക് അറിയിച്ചു. ഇതോടൊപ്പം, അമേരിക്കയിൽ വാഹനത്തിനാവശ്യമായ വൈദ്യുതി ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുവാനും ടെസ്ല ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബംഗളൂരുവിൽ ആണ് ടെസ്​ല കമ്പനി രജിസ്റ്റർ ചെയ്​താണ്​ പ്രവർത്തിക്കുന്നത്​. ടെസ്​ലയുടെ മോഡൽ 3, ​​മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ടെസ്‌ലയുടെ നാലു മോഡലുകൾക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. മോഡൽ 3, ​​മോഡൽ വൈ എന്നിവയുടെ രണ്ട് വേരിയൻറുകളായിരിക്കും ആദ്യം രാജ്യത്തെത്തുക എന്നാണ്​ പ്രതീക്ഷ. എന്നാൽ കമ്പനി ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മോഡലുകളും ടെസ്‌ലയിൽ നിന്നുള്ള എൻട്രി ലെവൽ വാഹനങ്ങളാണ്. മോഡൽ എസ്, മോഡൽ എക്​സ്​ പോലുള്ള ഉയർന്ന മോഡലുകൾ പിന്നീടാകും ഇന്ത്യയിലെത്തുക. 

ഇന്ത്യയില്‍ പൂര്‍ണമായും കമ്പനി ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റ്‌സ് പദ്ധതിയുമായി ടെസ്‌ല മുന്നോട്ടു പോകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനായി സര്‍ക്കാരുമായി കമ്പനി ചര്‍ച്ച നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായുള്ള രാജ്യത്തെ നിയമാവലികള്‍ക്കനുസൃതമായി കമ്പനിക്ക് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആയേക്കും. ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ഉയർന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെസ്ല നേരത്തെ സർക്കാരിന് കത്തെഴുതിയിരുന്നു. എഫ്ഡിഐ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നത് ടെസ്ലയുടെ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാൻ തുടങ്ങുന്ന മറ്റൊരു വെല്ലുവിളിയാണ്.

ഇന്ത്യയിലെ നികുതിക്കെതിരെ ഇലോണ്‍ മസ്‌ക് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 40,000 ഡോളറിന് മുകളില്‍ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇ.വി) 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും. നികുതി താത്കാലികമായെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ടെസ്ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona