2019ന്‍റെ ആദ്യ പകുതിയില്‍ തന്നെ ഏറ്റവുമധികം വിൽപ്പന നേടിയ വൈദ്യുത കാർ എന്ന നേട്ടവുമായി ടെസ്‌ലയുടെ മോഡൽ ത്രീ. ഇ വി വോള്യംസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ 1.28 ലക്ഷം മോഡൽ ത്രീ കാറുകളാണ് നിരത്തിലെത്തിയത്. 

ചൈനീസ് നിര്‍മാതാക്കളായ ബെയ്‍ജിംങ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ഹോള്‍ഡിങ് കമ്പനി ലിമിറ്റഡിന്റെ ഇ യു സീരീസാണ് ഈ കാലയളവില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍റെ ലീഫാണ് മൂന്നാമത്. 

2018ന്‍റെ ആദ്യ ആറു മാസത്തിനിടെ 1.01 ലക്ഷം മോഡല്‍ ത്രീയായിരുന്നു ടെസ്‍ല വിറ്റഴിച്ചത്. മോഡല്‍ ത്രീ വില്‍പനയില്‍ ടെസ്‍ലയുടെ ജന്മനാടായ അമേരിക്കയാണ് മുന്നില്‍. 69,000 യൂണിറ്റാണ് അമേരിക്കയില്‍ മാത്രം വിറ്റത്. 38,000 മോഡല്‍ ത്രീയാ യൂറോപ്പില്‍ വിറ്റു. 12,000 യൂണിറ്റാണ്  ചൈനയിലെ വില്‍പ്പന. ആഭ്യന്തര ഉല്‍പ്പാദനം കൂടി ആരംഭിക്കുന്നതോടെ ചൈനയിലെ മോഡല്‍ ത്രീ വില്‍പ്പന കുതിച്ചുയരുമെന്നാണ് ടെസ്‍ലയുടെ പ്രതീക്ഷ.