പുത്തൻ കാറുമായി സഞ്ചരിച്ച കുംടുബത്തിന് സംഭവിച്ച ഭയാനകമായ അനുഭവം

നിങ്ങളുടെ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്‍റെ സ്റ്റിയറിംഗ് വീൽ സ്റ്റിയറിംഗ് കോളത്തിൽ നിന്ന് ഊരിത്തെറിക്കുന്നതിനെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ. പല ഡ്രൈവർമാരുടെയും ഏറ്റവും മോശം പേടിസ്വപ്‍നങ്ങളിൽ ഒന്നായിരിക്കാം ഇത്. കാരണം അത്തരം ഒരു തകരാർ ഉയർന്ന വേഗതയിൽ സംഭവിച്ചാൽ തീർച്ചയായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇപ്പോഴിതാ അത്തരമൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എന്നാല്‍ സ്റ്റിയറിംഗ് വീല്‍ ഊരിത്തെറിച്ചതിന്‍റെ ആഘാതത്തേക്കാള്‍ വണ്ടിക്കമ്പനിയുടെ വാക്കുകളാണ് ഉടമയെ ഞട്ടിച്ചത്. ഇതാ ആ സംഭവത്തെക്കുറിച്ച് അറിയാം. 

അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ മോഡല്‍ വൈ കാറാണ് ഇത്തരമൊരു ഭയനാകമായ അപകടത്തില്‍പ്പെട്ടത്. അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ആണ് സംഭവം. ന്യൂജേഴ്‌സി നിവാസിയായ പ്രേരക് പട്ടേൽ എന്നയാളാണ് ആ നിര്‍ഭാഗ്യവാനായ കാറുടമ. താനും കുടുംബവും ഏറെ നാളായി കാത്തിരുന്ന ടെസ്‌ല മോഡൽ Y ഡെലിവറി ചെയ്‍ത് ദിവസങ്ങൾക്ക് ശേഷം നടന്ന ഭയാനകമായ അനുഭവം ട്വിറ്ററിൽ ആണ് അദ്ദേഹം പങ്കിട്ടത് . ഒരു ഷോപ്പിംഗ് മാൾ സന്ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഹൈവേയില്‍ വച്ച് ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റിയറിംഗ് വീൽ പെട്ടെന്ന് അഴിഞ്ഞുവീഴുകയായിരുന്നു. എന്നാല്‍ അത്ഭുതകരമായി കുടുംബം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. റോഡില്‍ തിരക്കു കുറവായിരുന്നതിനാല്‍ റോഡിന്റെ വശത്ത് തന്റെ ടെസ്‌ല മോഡൽ വൈ സുരക്ഷിതമായി നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.അതുകൊണ്ടുതന്നെ സംഭവത്തിൽ ആർക്കും ശാരീരികമായി പരിക്കില്ല.

എന്നാല്‍ അപകടത്തേക്കാള്‍ വലിയ ഞെട്ടല്‍ പിന്നീടാണ് തനിക്ക് സംഭവിച്ചതെന്നും ഉടമ പറയുന്നു. വാറന്റിയിലും സൗജന്യമായും തന്റെ ടെസ്‌ല മോഡൽ Y യുടെ വ്യക്തമായ നിർമ്മാണ തകരാർ പരിഹരിക്കുന്നതിന് പകരം തന്റെ സർവീസ് സെന്റർ 104 യുഎസ് ഡോളർ റിപ്പയർ ബിൽ നൽകിയപ്പോൾ ഞെട്ടിപ്പോയതായി ഉടമ പറയുന്നു. വാഹന നിർമ്മാതാവിന്റെ ഭാഗത്തുനിന്നുണ്ടായ നിർമ്മാണ വൈകല്യത്തിന് ടെസ്‌ല സർവീസ് സെന്റർ ഈടാക്കിയെന്ന് ഉടമ പറയുന്നു. ഇതോടെ ഉടമ സേവന കേന്ദ്രവുമായുള്ള ആശയവിനിമയത്തിന്റെ സ്‌ക്രീൻഷോട്ടുകളും ബില്ലുകളും ഉൾപ്പെടുത്തി ടെസ്‌ല സിഇഒ എലോൺ മസ്‌കിന് ട്വീറ്റ് ചെയ്‍തു. ഈ അസംബന്ധത്തെക്കുറിച്ച് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. അതിനുശേഷം, സേവന കേന്ദ്രം ഒടുവിൽ അറ്റകുറ്റപ്പണികൾക്കുള്ള ചാർജുകൾ ഒഴിവാക്കി. 

പിന്നാലെ ടെസ്‌ല സർവീസ് സെന്റർ ബാധിച്ച മോഡൽ ടിയെ കൂടുതൽ വിശദമായി പരിശോധിച്ചു. കാറിനും പകരം പുതിയ മോഡൽ Y നൽകാൻ വാഹന നിർമ്മാതാക്കൾ തീരുമാനിച്ചു. വളരെ വേഗം പുതിയ വാഹനം നൽകുമെന്ന് വാഹന നിർമ്മാതാവ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഡെലിവറി തീയതി ഇതുവരെ തന്നിട്ടില്ലെന്നും ഉടമ പറയുന്നു. 

എന്നിട്ടും തകരാര്‍ ആരുടെ ഉത്തരവാദിത്തമാണെന്ന തർക്കം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ല വാഹന ഉടമയ്ക്ക് അയച്ച കത്തില്‍ തങ്ങളുടെ ഭാഗത്ത് അപാകതയൊന്നും ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു തിരിച്ചുവിളിയും ഉണ്ടായിട്ടില്ല. എന്നാല്‍ പകരം ഒരു കാർ ലഭിച്ചിട്ടും, ഇത് ടെസ്‌ലയുടെ തെറ്റാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഉടമ. മറ്റൊരു കുടുംബത്തിനും ഇത് സംഭവിക്കാതിരിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും കമ്പനി ഇതേക്കുറിച്ച് അന്വേഷിക്കുകയും അവർ ചെയ്‍ത തെറ്റ് ഇനി സംഭവിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം എന്നും അദ്ദേഹം വ്യക്തമാക്കിയതായി എൻജെ ഡോട്ട് കോം ഉള്‍പ്പെടെ വിവിധ വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.