ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മിതാക്കളായ ലംബോര്‍ഗിനിയുടെ അൾട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്‍റഡോര്‍.  ഈ വാഹനത്തിന്‍റെ നിർമാണം 10,000 യൂണിറ്റ് പിന്നിട്ടെന്നാണ് റിപ്പോർട്ടുകള്‍.

തായ്ലൻഡിലെ ഉടമസ്ഥനാണ് അവെന്റഡോർ ഉൽപ്പാദനം 10,000 തികച്ച കാർ സ്വന്തമാക്കാനുള്ള സൗഭാഗ്യം.അവെന്റഡോർ ശ്രേണിയിലെ 10,000–ാമത് കാർ ചുവപ്പും ഗ്രേയും ഇടകലരുന്ന നിറത്തിലുള്ള എസ്‌വിജെ റോഡ്സ്റ്റർ ആണ്. ലംബോർഗ്നിയുടെ അഡ് പെഴ്സോനം വിഭാഗമാണ് ചുവപ്പിലും കറുപ്പിലുമായി കാറിന്റെ അകത്തളം സജ്ജമാക്കുന്നത്.

2011ലാണ് ഇതിഹാസമാനങ്ങളുള്ള മുഴ്സിലാഗൊയുടെ പിൻഗാമിയായി അവെന്റഡോർ എത്തുന്നത്. പിന്നീടുള്ള ഒൻപതു വർഷത്തിനിടെയാണ് ഇറ്റലിയിലെ സന്ത്അഗ്ത ബൊളോണീസിലെ നിർമാണശാലയിൽ നിന്ന് വി 12 എൻജിനുള്ള 10,000 അവെന്റഡോർ സൂപ്പർ കാറുകൾ പുറത്തെത്തിയത്.

2011ലെ ജനീവ മോട്ടോർ ഷോയിലാണ് എൽ പി 70–4 കൂപ്പെ ആയി അവെന്റഡോർ ആദ്യം എത്തുന്നത്. കാറിനു കരുത്തേകിയിരുന്നത് 6.5 ലീറ്റർ, വി 12 എൻജിനാണ്. 700 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാൻ പോന്ന ഈ എൻജിനു കൂട്ടാവട്ടെ ഏഴു സ്പീഡ് ഓട്ടമേറ്റഡ് സിംഗിൾ ക്ലച് ഗീയർബോക്സായിരുന്നു. പിന്നീട് എസ്, സൂപ്പർ വെലോസ്(എസ് വി), എസ് വി ജെ പതിപ്പുകൾ അവതരിപ്പിച്ചു ലംബോർഗ്നി അവെന്റഡോർ ശ്രേണി വിപുലീകരിച്ചു. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍  വെറും 2.6 സെക്കന്‍ഡുകള്‍ മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 380 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

ഒൻപതു വർഷമെടുത്താണ് അവെന്റഡോർ ഉൽപ്പാദനത്തിൽ 10,000 യൂണിറ്റെന്ന നേട്ടം സ്വന്തമാക്കുന്നത്. എന്നാൽ, കമ്പനിയുടെ ആദ്യ എസ് യു വി ‘ഉറുസ്’ ഈ നേട്ടം വെറും രണ്ടു വർഷത്തിനിടെ കൈവരിച്ചിരുന്നു. ഹുറാകാൻ ആണ് ലംബോർഗ്നിയുടെ ഇതുവരെയുള്ള വിൽപ്പന കണക്കെടുപ്പുകളിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം, ഹുറാകാൻ നാലു വർമെടുത്താണു വിൽപ്പന 10,000 തികച്ചത്. ഒപ്പം 14,022 യൂണിറ്റ് വിൽപ്പന നേടിയ ‘ഗയാഡോ’ ആയിരുന്നു ഏറ്റവുമധികം വിൽപ്പന കൈവരിച്ച ലംബോർഗ്നി. അഞ്ചാം വർഷത്തിൽ ഈ നാഴികക്കല്ല് ‘ഹുറാകാൻ’ മറി കടന്നിരുന്നു.