ഹൈദരാബാദില്‍ മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴോട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരിയായ സ്‍ത്രീ മരിച്ചത് അടുത്തിടെയാണ്. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഒക്ടോബര്‍ അവസാനവാരമായിരുന്നു അപകടം. കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. 

എന്നാല്‍ ഈ സംഭവത്തില്‍ ഇപ്പോള്‍ പൊലീസിനെതിരെയും റോഡിനെതിരെയും രംഗത്തുവന്നിരിക്കുകയാണ് അപകടമുണ്ടാക്കിയ കാറിന്‍റെ ഡ്രൈവര്‍. ഡ്രൈവറായ കൃഷ്ണ മിലൻ റാവു തെലുങ്കാന ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് പൊലീസിനെതിരെയുള്ള പരാമര്‍ശം. റോഡ് നിര്‍മ്മാണത്തിലെ അശാസ്‍ത്രീയതയാണ് അപകടത്തിനു കാരണമെന്നും  ഇയാള്‍ വാദിക്കുന്നു. അപകടം നടക്കുമ്പോള്‍ തന്റെ വാഹനം പരമാവധി 50 കിലോമീറ്റർ വരെ വേഗത്തിൽ മാത്രമാണ് സഞ്ചരിച്ചിരുന്നതെന്നും 105 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന പൊലീസ് വാദം തെറ്റാണെന്നും ഡ്രൈവറുടെ ഹർജിയിൽ പറയുന്നു.  തന്നെ അറസ്റ്റ് ചെയ്യുന്നത് ഒരാഴ്ച വൈകിക്കണം എന്നാവശ്യപ്പെട്ട് കോടയില്‍ നല്‍കിയ അപേക്ഷയിലാണ് ഡ്രൈവറുടെ ഈ പരാമര്‍ശങ്ങള്‍. 

ഒക്ടോബര്‍ 23നായിരുന്നു അപകടം. മിലന്‍ റാവും (27) ഓടിച്ചിരുന്ന ഫോക്സ്‍വാഗണ്‍ ജിടിയാണ് അപകടത്തില്‍പ്പെട്ടത്.  ഫ്ലൈഓവറിനു താഴെ റോഡരികിൽ ബസ് കാത്തുനിൽക്കുകയായിരുന്നവരുടെ ഇടയിലേക്കാണ് കാര്‍ വന്നു വീണത്. അപകടത്തില്‍ കാര്‍ ദേഹത്തുവീണ സത്യദേവി (40) തൽക്ഷണം മരിച്ചു. സമീപത്തുണ്ടായിരുന്ന നാലു പേര്‍ക്കും പരുക്കേറ്റിരുന്നു. ബാലരാജു(40), കുബ്ര (23), പ്രനീത (26) എന്നിവർക്കൊപ്പം സത്യദേവിയുടെ മകള്‍ക്കും പരുക്കേറ്റു. റോഡിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾ തകർന്നു. ഫ്ലൈഓവറിൽ നിന്നു കാർ വീണ് സമീപത്തെ മരം നിലംപതിച്ചതും അപകടത്തിന്റെ തീവ്രത കൂട്ടി.

എന്നാൽ വാഹനം മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നും നിയന്ത്രണം വിട്ട കാർ ഫ്ലൈഓവറിന്റെ ഡിവൈഡറിലിടിച്ച് തെറിച്ചു താഴേക്കു വീഴുകയായിരുന്നെന്നാണ് പൊലീസ് നേരത്തെ പറഞ്ഞത്. മണിക്കൂറിൽ 40 കിലോമീറ്ററാണ് ഫ്ലൈഓവറിൽ അനുവദിച്ചിരിക്കുന്ന വേഗം. 

അപകടത്തിന്‍റെ വിവിധ ആംഗിളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.  മേല്‍പ്പാളത്തിലെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് പറക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് കാര്‍ നിലത്തേക്ക് പതിക്കുന്നതും തെറിച്ച് യാത്രികരുടെ മേലേക്ക് മറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പറന്നുവന്ന ഒരു സൈന്‍ ബോര്‍ഡിനടയില്‍പ്പെടാതെ വഴിയാത്രക്കാരിയായ ഒരു യുവതി തലനാരിഴക്ക് രക്ഷപ്പെടുന്നതും കാണാം. ആളുകള്‍ ഓടിമാറുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മിലന്‍ റാവു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാലാണ്  ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ ഫ്ലൈ ഓവറിലുണ്ടായ രണ്ടാമത്തെ അപകടമാണിത്. ഈ ഫ്ലൈഓവർ നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.