വിപണിയിലെത്താന്‍ ഒരുങ്ങുന്ന ആഡംബര സെഡാന്‍ ഗോസ്റ്റിന്‍റെ പുതുതലമുറയുടെ ആദ്യ ടീസര്‍ ചിത്രം പുറത്തുവിട്ട് ഐക്കണിക്ക് ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‍സ്. പുതിയ ഗോസ്റ്റ് ബി‌എം‌ഡബ്ല്യു 7 സീരീസുമായി സ്റ്റീൽ മോണോകോക്ക് ഷാസി പങ്കിട്ട മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി പുതിയ ബെസ്‌പോക്ക് പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്. ഈ നീക്കം പുതിയ ഗോസ്റ്റ് നിലവിലെ മോഡലിനെക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ പുതിയതും വലുതുമായ സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ കൊണ്ട് വലയം ചെയ്യും. അത് ഒരു ക്ലോക്ക് കൊണ്ട് ചുറ്റപ്പെടും. എയര്‍-കോണ്‍ വെന്റുകളും മറ്റ് കണ്‍ട്രോള്‍ ഉപരിതലങ്ങളും സെന്റര്‍ കണ്‍സോളില്‍ താഴെയായി സ്ഥാപിക്കും.

മുന്‍ഗാമിയെപ്പോലെ പുതിയ ഗോസ്റ്റില്‍ 6.6 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V12 എഞ്ചിന്‍ തന്നെയാകും ഹൃദയം. പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആയിരിക്കും ട്രാന്‍സ്‍മിഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഫോർ വീൽ ഡ്രൈവ്, ഫോർ വീൽ സ്റ്റിയറിംഗ് എന്നിവയും റോൾസ് റോയ്‌സ് വാഗ്ദാനം ചെയ്യും. കൂടാതെ പുതിയ ഗോസ്റ്റ് 48V ഇലക്ട്രിക്കൽ ആർക്കിടെക്ചറും, ആക്റ്റീവ് റോൾ ബാറുകൾ പോലുള്ള സാങ്കേതികവിദ്യയും അവതരിപ്പിക്കുമെന്നാണ് സൂചന.

ലേസര്‍ ഹെഡ്ലൈറ്റുകളും ഫുള്‍-എല്‍ഇഡി ടെയില്‍ ലാമ്പുകളും പോലുള്ള ആധുനിക സ്പര്‍ശങ്ങളും റോള്‍സ് റോയ്സ് അവതരിപ്പിക്കും. ആഡംബര സെഡാന്റെ അകത്തളത്തില്‍ പുതിയ ഗോസ്റ്റിന് ഫാന്റം, കലിനന്‍ എന്നിവയ്ക്ക് സമാനമായ ഒരു ഡിസൈന്‍ ഉണ്ടാകും.