അമേരിക്കയിലെ അറ്റ്‌ലാന്റയിൽ നിന്നുള്ള ഒരു ഹിപ് ഹോപ്പ് റിയാലിറ്റി താരം അമേരിക്കൻ ബാങ്കുകളെ പറ്റിച്ച് കവർന്നത് പതിനഞ്ചു കോടിയോളം. അമേരിക്കയിൽ ലോക്ക് ഡൌൺ കാലത്ത് ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ എന്ന പേരിൽ ബാങ്കുകൾ സംരംഭകർക്ക് നൽകുന്ന ലോൺ ആണ് പേചെക്ക് പ്രൊട്ടക്ഷൻ പ്ലാൻ (PPP). ആ പദ്ധതിപ്രകാരം ബാങ്കിൽ മൂന്നു മില്യൺ ഡോളർ ലോണിന് അപേക്ഷിച്ച അർകാൻസാസ് മോ എന്ന പേരിൽ അറിയപ്പെടുന്ന, VH1 -ലെ 'ലവ് ഹിപ്പ്ഹോപ്പ്, അറ്റ്‌ലാന്റ ' എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ, മൗറിസ് ഫെയ്‌ൻ നേടിയെടുത്ത രണ്ടു മില്യൺ ഡോളർ ആയിരുന്നു. 
 
104 തൊഴിലാളികൾക്ക് ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാണ് എന്ന് നടിച്ചാണ് അയാൾ ബാങ്കിനെ വഞ്ചിച്ചത്. ഈ തുക അക്കൗണ്ടിൽ വന്നപാടെ അയാൾ അത് പലവിധേന പൊട്ടിച്ചു. ആദ്യം പോയത് ഒരു റോൾസ് റോയ്‌സ് ഷോറൂമിലേക്ക് ആയിരുന്നു. അവിടെ കണ്ട,   റോൾസ് റോയ്സിന്റെ ഏഴരക്കോടിയോളം വിലയുള്ള റൈത്ത് എന്ന മോഡൽ കാർ ലീസിനെടുത്തു. അതും കൊണ്ട് നേരെ ചെന്നത് ഒരു ജ്വല്ലറിയിലേക്ക്, അവിടെ നിന്ന് ലക്ഷങ്ങൾ വിലയുള്ള ഒരു റോളെക്‌സ്‌ പ്രസിഡൻഷ്യൽ വാച്ച് വിലകൊടുത്ത് വാങ്ങി. കൂടാതെ കാമുകിക്ക് ഒരു 5.73 കാരറ്റ് ഡയമണ്ട് റിങ്ങും. ബാക്കി വന്ന തുക പണമായി ബാങ്കിൽ നിന്ന് പിൻവലിച്ച് വീട്ടിൽ കൊണ്ടുവെച്ച് ആവശ്യമുള്ളപ്പോൾ എടുത്ത് പോക്കറ്റിലിട്ടു കൊണ്ടുപോയി ചെലവിട്ടുകൊണ്ടിരുന്നു ഇയാൾ. 

 

 

ഒടുവിൽ വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ അവിടെ അടുക്കിവെച്ചിരുന്ന 80,000 ഡോളർ (ഏകദേശം അറുപതു ലക്ഷത്തോളം രൂപ) കണ്ടെടുത്തു. പിടികൂടുമ്പോൾ ഇയാളുടെ പോക്കറ്റിൽ മാത്രം 9400 ഡോളറോളം ( 7 ലക്ഷത്തിലധികം രൂപ) ഉണ്ടായിരുന്നു. എന്നാൽ, അറസ്റ്റു ചെയ്ത ശേഷം പതിനായിരം ഡോളറിന്റെ ബോണ്ടിൽ വിട്ടയച്ചിരിക്കുകയാണ് അറ്റ്‌ലാന്റ  പൊലീസ് ഇയാളെ.