Asianet News MalayalamAsianet News Malayalam

പുത്തന്‍ സ്‍കോഡ ഒക്ടാവിയ ജൂണ്‍ 10ന് എത്തും

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് വാഹനത്തിന്‍റെ വരവ് അല്‍പ്പം നീണ്ടത്. ഏപ്രില്‍ മാസത്തില്‍ മോഡല്‍ വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടുകയായിരുന്നു. നാലാം തലമുറ പതിപ്പാണ് ഇന്ത്യയില്‍ നിരത്തുകളിലേക്ക് എത്തുന്നത്...
 

The new Skoda Octavia will arrive on June 10th
Author
Delhi, First Published May 30, 2021, 1:42 PM IST

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ നാലാം തലമുറ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 10ന് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും വാഹനത്തിന്‍റെ ബുക്കിംഗ് കമ്പനി തുടങ്ങിയതായും ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കോഡയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വാഹനത്തിനുള്ള ബുക്കിംഗുകള്‍ കമ്പനി സ്വീകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് വാഹനത്തിന്‍റെ വരവ് അല്‍പ്പം നീണ്ടത്. ഏപ്രില്‍ മാസത്തില്‍ മോഡല്‍ വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടുകയായിരുന്നു. നാലാം തലമുറ പതിപ്പാണ് ഇന്ത്യയില്‍ നിരത്തുകളിലേക്ക് എത്തുന്നത്.

നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്‌കോഡയുടെ MQB EVO പ്ലാറ്റ്‌ഫോമാണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത. ഒക്ടാവിയിൽ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, ഫോഗ്‌ലാമ്പ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍ എന്നിവ പുതുമയാണ്.

വശങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ്. പ്രീമിയം ഭാവമാണ് പിന്‍വശത്തിനുള്ളത്. എല്‍ഇഡി ടെയ്ല്‍ലാമ്പും സ്‌കോഡ ബാഡ്‍ജിംഗും പുതിയ ലുക്ക് നൽകുന്നു. ടൂ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, 10 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ അകത്തളത്ത് ഒരുങ്ങുന്നു.

പുതു തലമുറ സ്‌കോഡ ഒക്ടാവിയ സെഡാന്റെ വില 20 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ഇലാന്‍ട്ര ആയിരിക്കും പ്രധാന എതിരാളി. വാഹനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.  ആഗോളതലത്തില്‍ അനാവരണം ചെയ്‍ത 2020 മോഡല്‍ ഒക്ടാവിയ ചെറിയ മാറ്റങ്ങളുമായാകും ഇന്ത്യന്‍ നിരത്തിൽ എത്തുക. നേരത്തെ പരീക്ഷണയോട്ടത്തിന് വിധേയമായ ഒക്‌ടാവിയയിൽ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ എന്നിവയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ഏറെ ആകർഷകമാണ്. കൂടാതെ 17 ഇഞ്ച് റോട്ടർ എയ്‌റോ അലോയ് വീലുകളും വശങ്ങളെ മനോഹരമാക്കുന്നു.

ഇന്ത്യയില്‍ എത്തുമ്പോല്‍ വാഹനത്തിന്‍റെ ഗൗണ്ട് ക്ലിയറൻസും കൂടുതലായിരിക്കും. ബ്രാൻഡിന്റെ MQB പ്ലാറ്റ്‌ഫോമിലെ പുനർനിർമിച്ച പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ സ്‌കോഡ ഒക്ടാവിയ അതിന്റെ മുൻഗാമിയേക്കാൾ 19 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയും കൂടുതലുള്ള കാറായിരിക്കും. വാഹനത്തിൽ 2.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. ഇത് 187 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും.

രാജ്യത്തെ മിഡ് പ്രീമിയം ശ്രേണിയില്‍ സ്‌കോഡ ഒക്ടാവിയ അതിവേഗം വളര്‍ന്നു വരുന്നുണ്ടെങ്കിലും മികച്ചൊരു വില്‍പ്പന സംഖ്യ നേടിക്കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ സ്‌കോഡ ഒക്ടാവിയയില്‍ അത്യാധുനികവും നവീനവുമായ സ്റ്റൈലിംഗ് സവിശേഷതയാകും ഇടംപിടിക്കുക. ഇത് മുന്‍ഗാമിയേക്കാള്‍ നീളവും വീതിയും ഉള്ളതിനാല്‍ വലിയ ക്യാബിനും ട്രങ്കും വാഗ്ദാനം ചെയ്യുന്നുണ്ട്. വെര്‍ച്വല്‍ കോക്ക്പിറ്റ്, ഒരു പൂര്‍ണ്ണ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നിലധികം എയര്‍ബാഗുകള്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മറ്റ് നിരവധി പ്രീമിയം സവിശേഷതകള്‍ പുതിയ മോഡലില്‍ അടങ്ങിയിരിക്കുന്നു.

സ്‍കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയകള്‍ ആണെന്ന കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. 70 ലക്ഷമെന്ന എണ്ണം തികച്ച ഒക്ടാവിയയെ സ്‌കോഡയുടെ  മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്നും 2020 ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.  1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്‌കോഡ ആയിരുന്നു ഒക്ടാവിയ.

Follow Us:
Download App:
  • android
  • ios