വാങ്ങി മൂന്നു ദിവസത്തിനകം പെരുവഴിയിലായ ഒരു എക്സ്‍യുവി 700 ഉടമയുടെ കദനകഥയാണിത്. ഈ ഉടമയാകട്ടെ വെറുമൊരു സാധാരണ ഉടമയല്ലതാനും. തമിഴ്‍ സിനിമാ ലോകത്തെ പ്രശസ്‍ത ക്യാമറാമാനായ റിച്ചാര്‍ഡ് എം നാഥനാണ് ആ ഹതഭാഗ്യവാനായ എക്‌സ്‌യുവി 700 ഉടമ. 

രാജ്യത്തെ ആഭ്യന്തര എസ്‍യുവി നിർമ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലാണ് എക്സ്‍യുവി 700. പുറത്തിറക്കിയ ദിവസം മുതൽ ഏറെ വാർത്തകളിൽ ഇടം നേടിയിരുന്ന മഹീന്ദ്രയുടെ മുൻനിര എസ്‌യുവിയായ എക്‌സ്‌യുവി 700. മഹീന്ദ്രയില്‍ നിന്നുള്ള ഏറ്റവും ഫീച്ചര്‍ സമ്പന്നമായ എസ്‌യുവികളിൽ ഒന്നാണിത്. മാത്രമല്ല ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങളിലൊന്നാണെന്ന് തെളിയിക്കുന്ന വളരെ നീണ്ട കാത്തിരിപ്പ് കാലയളവമുണ്ട് ഈ മോഡലിന്. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി എക്സ്‍യുവി 700ന്‍റെ സമയം അത്ര നല്ലതല്ല. ജയ്‍പൂർ ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന XUV 700 ന് പെട്ടെന്ന് തീപിടിച്ച സംഭവത്തിന് പിന്നാലെ എക്‌സ്‌യുവി 700ന്‍റെ കീര്‍ത്തിക്ക് കോട്ടം തട്ടുന്ന പുതിയൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. 

വാങ്ങി മൂന്നു ദിവസത്തിനകം പെരുവഴിയിലായ ഒരു എക്സ്‍യുവി 700 ഉടമയുടെ കദനകഥയാണിത്. ഈ ഉടമയാകട്ടെ വെറുമൊരു സാധാരണ ഉടമയല്ലതാനും. തമിഴ്‍ സിനിമാ ലോകത്തെ പ്രശസ്‍ത ക്യാമറാമാനായ റിച്ചാര്‍ഡ് എം നാഥനാണ് ആ ഹതഭാഗ്യവാനായ എക്‌സ്‌യുവി 700 ഉടമ. പുതിയ വണ്ടിയുമായി താൻ പെരുവഴിയിലായ ദുരനുഭവം ട്വീറ്ററിലൂടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ ലുസ് കോർണർ സിഗ്നലിൽ വച്ച് വെറും മൂന്നുദിവസം മുമ്പ് താൻ സ്വന്തമാക്കിയ കാര്‍ അനക്കമറ്റ് കിടക്കുന്നു എന്നാണ് വാഹനത്തിനൊപ്പമുള്ള ചിത്രം സഹിതം അദ്ദേഹത്തിന്‍റെ കുറിപ്പ്. 

ഏറെക്കാലം കാത്തിരുന്നാണ് താൻ ഈ കാര്‍ സ്വന്തമാക്കിയതെന്നും വിവരം അറിയിച്ച് ഏറെ നേരം കഴിഞ്ഞിട്ടും റോഡ് സൈഡ് അസിസ്റ്റൻസിൽ നിന്ന് ആരും പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. തനിക്ക് ഇനി ഈ കാർ വേണ്ടെന്നും മഹീന്ദ്ര ചെയര്‍മാൻ ആനന്ദ് മഹീന്ദ്രയെ ഉള്‍പ്പെടെ ടാഗ് ചെയ്‍തുകൊണ്ടുള്ള ട്വീറ്റില്‍ റിച്ചാര്‍ഡ് എം നാഥൻ വ്യക്തമാക്കുന്നു. 

"ബുക്ക് ചെയ്‍ത് 15 മാസങ്ങള്‍ക്ക് ശേഷം 2023 ജൂണ്‍ ഒന്നിനായിരുന്നു വാഹനത്തിന്‍റെ ഡെലിവറി. രണ്ടാം തീയ്യതിയായിരുന്നു വാഹനത്തിന്‍റെ രജിസ്ട്രേഷൻ. മൂന്നുദിവസത്തിനകം അഞ്ചാം തീയ്യതി ഉച്ചയ്ക്ക് 2.50 ഓടെ കാര്‍ പെരുവഴിയില്‍ പ്രവര്‍ത്തന രഹിതമായി. ഇതുവരെ നമ്പര്‍ പ്ലേറ്റ് പോലും ഘടിപ്പിച്ചിട്ടില്ല. കമ്പനിയുടെ റോഡ് സൈഡ് അസിസ്റ്റ് സംവിധാനത്തില്‍ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞുപോലും നോക്കിയില്ല. വിവരങ്ങള്‍ ഫോണ്‍ വഴി ചോദിക്കാൻ മാത്രമായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. മൂന്നുദിവസം കൊണ്ട് ഇതാണ് അവസ്ഥയെങ്കില്‍ ഭാവിയില്‍ ഈ വാഹനത്തിന്‍റെ സ്ഥിതി എന്തായിരിക്കും? ഇത് കൃത്യമായി ഓടുമെന്ന് എന്താണ് ഉറപ്പ്? മാത്രമല്ല ഇത്രയും മോശം സര്‍വ്വീസാണ് തുടക്കത്തില്‍ തന്നെ മഹീന്ദ്ര നല്‍കുന്നതെങ്കില്‍ ഭാവിയില്‍ എന്തൊക്കെയായിരിക്കും സംഭവിക്കുക? എനിക്കെന്തായാലും ഇനി ഈ കാര്‍ വേണ്ട. മുഴുവൻ തുകയും തിരിച്ചുവേണം.." കാറിനൊപ്പം റോഡരികില്‍ ഇരിക്കുന്ന ചിത്രവും പങ്കുവച്ച് റിച്ചാര്‍ഡ് എം നാഥൻ എഴുതുന്നു. 

Scroll to load tweet…

അതേസമയം ട്വീറ്റിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി പേര്‍ കമന്‍റുകളുമായെത്തി. ഇതിനിടെ മണിക്കൂറുകള്‍ക്ക് ശേഷം മഹീന്ദ്രയില്‍ നിന്നും ഒരു റിക്കവറി വാൻ വന്നുവെന്നും പക്ഷേ അതില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിച്ചാര്‍ കമന്‍റ് ചെയ്‍തിട്ടുണ്ട്. റിക്കവറി വാനില്‍ ഒരൊറ്റ ടെക്ക്നിക്കല്‍ സ്റ്റാഫ് പോലും ഉണ്ടായിരുന്നില്ലെന്നും മാത്രമല്ല ഡ്രൈവര്‍ക്ക് ഓട്ടോമാറ്റിക്ക് കാര്‍ കൈകാര്യം ചെയ്യാൻ അറിയുമായിരുന്നില്ലെന്നും റിച്ചാര്‍ഡ് കമന്‍റ് ചെയ്‍തിട്ടുണ്ട്. അങ്ങാടിത്തെരു, കോ, മാനാട് തുടങ്ങിയ പ്രശസ്‍തമായ സിനിമകളുടെ ക്യാമറ ചലിപ്പിച്ച റിച്ചാര്‍ഡ് എം നാഥൻ തമിഴ്‍ സിനിമാ ലോകത്തെ ശ്രദ്ധേയ സാനിധ്യമാണ്. 

ഷോറൂമുകളില്‍ തള്ളിക്കയറി ജനം, ആനന്ദക്കണ്ണീരും അല്‍പ്പം ആശങ്കയുമായി മുതലാളി!

എക്‌സ്‌യുവി 700നെപ്പറ്റി പറയുകയാണെങ്കില്‍ 2021-ൽ പുറത്തിറക്കിയ മഹീന്ദ്രയുടെ മുൻനിര മോഡലായ XUV700 എസ്‍യുവി പെട്രോൾ, ഡീസൽ ഇന്ധന രൂപത്തിൽ അഞ്ച് ട്രിം ലെവലുകളിൽ ലഭ്യമാണ്. ഇതില്‍ MX, AX3 പെട്രോൾ , ഡീസൽ വേരിയന്റുകൾ ബുക്ക് ചെയ്‍താല്‍ യഥാക്രമം ആറ് മാസവും ഏഴ് മാസവും വരെ കാത്തിരിക്കണം. AX5 ട്രിമ്മിന് എട്ട്മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. ടോപ്പ്-സ്പെക്ക് AX7, AX7L ട്രിമ്മുകൾക്കാണ് 15 മാസം വരെ കാത്തിരിപ്പ്. 200 എച്ച്‌പി പവറും 380 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് മഹീന്ദ്ര XUV700 ന് കരുത്തേകുന്നത്. ഡീസൽ പതിപ്പിന് 2.2 ലിറ്റർ ടർബോ എഞ്ചിൻ ലഭിക്കുന്നു, അത് രണ്ട് ട്യൂൺ സ്റ്റേറ്റുകൾ വാഗ്ദാനം ചെയ്യുന്നു - 155hp, 360Nm ടോർക്കും, 185hp, 420Nm (450Nm കൂടെ AT) ടോർക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഡീസൽ പതിപ്പിന് ഓൾ-വീൽ-ഡ്രൈവ് ലേഔട്ടിനുള്ള ഓപ്ഷനും ലഭിക്കുന്നു. 16.78 ലക്ഷം മുതല്‍ 31.75 ലക്ഷം വരെയാണ് എക്സ്‍യുവി 700ന്‍റെ എക്സ് ഷോറൂം വില. 

മഹീന്ദ്ര XUV700 ന് തീപിടിച്ച സംഭവം
അടുത്തിടെ രാജസ്ഥാനിലെ ജയിപൂരില്‍ ഓടിക്കണ്ടിരുന്ന മഹീന്ദ്ര XUV700 കാറിന് തീപിടിച്ചിരുന്നു. അമിതമായി ചൂടാകുന്നതിന്റെ യാതൊരു മുൻലക്ഷണങ്ങളുമില്ലാതെ കാർ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതായി ഉടമ പറയുന്നു. ഭാഗ്യവശാൽ തീ അതിവേഗം പടരുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും പുറത്തെത്തിയിതനാല്‍ വൻദുരന്തം ഒഴിവാകുകയായിരുന്നു. 

ഓടിക്കൊണ്ടിരുന്ന എക്‌സ്‌യുവി 700ന് തീപിടിച്ച സംഭവം, തങ്ങളുടെ തെറ്റല്ലെന്ന് മഹീന്ദ്ര

മഹീന്ദ്ര XUV700-ന് തീ പിടിക്കുന്നതിന്റെ വൈറൽ വീഡിയോയെ തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ മഹീന്ദ്ര ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. XUV700-ൽ തീപിടിത്തമുണ്ടായത് ആഫ്റ്റര്‍ മാര്‍ക്കറ്റിലെ വയറിംഗിലെ കൃത്രിമത്വത്തിന്റെ ഫലമാണെന്നായിരുന്നു കമ്പനിയുടെ കണ്ടെത്തല്‍. 

എന്നാല്‍ ചെന്നൈയിൽ നിന്നുള്ള ഈ XUV700-ൽ അത്തരത്തിലുള്ള ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല, അതിനാൽ കൃത്യമായ കാരണഅഭിപ്രായം പറയാനും കഴിയില്ല. അതുകൊണ്ടുതന്നെ മഹീന്ദ്രയിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം വരെ കാത്തിരിക്കുകയാകും ഉചിതം. 

കോപ്പിയടി കേസില്‍ കുടുങ്ങിയ ജനപ്രിയനെ ഇന്ത്യയ്ക്ക് വെളിയിലിറക്കാനാവാതെ മഹീന്ദ്ര, ഒടുവില്‍ അറ്റകൈ നീക്കം!