Asianet News MalayalamAsianet News Malayalam

ഇന്ത്യൻ വിപണിയിൽ ഈ ബൈക്കുകളുടെ വില കൂടുന്നു

കെടിഎമ്മിന് ഡ്യൂക്ക്, ആർസി, അഡ്വഞ്ചർ എന്നീ ശ്രേണികളിലായി ഒമ്പതോളം ബൈക്കുകളാണ് ഉള്ളത്. ഇതില്‍ 2,54,739 രൂപ എക്‌സ് ഷോറൂം വിലയുണ്ടായിരുന്ന കെടിഎം 250 അഡ്വഞ്ചറിന്റെ വില വെറും 256 രൂപ മാത്രം കൂട്ടി...

The price of e bikes is increasing in the Indian market
Author
Mumbai, First Published Jul 7, 2021, 10:35 AM IST

ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെയും ഇതേ കമ്പനിയുടെ കീഴിലുള്ള സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണയുടെയും ഇന്ത്യന്‍ ശ്രേണിയിലെ ബൈക്കുകളുടെയെല്ലാം വില കൂട്ടിയതായി റിപ്പോര്‍ട്ട്.  11,000 രൂപയോളമാണ് ഇരു കമ്പനികളും വർദ്ധിപ്പിച്ചതെന്നാണ് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ വില ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. കെടിഎം ബൈക്കുകളുടെ വില ഈ വർഷം ഇത് മൂന്നാം തവണയാണ് വർദ്ധിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  

കെടിഎമ്മിന് ഡ്യൂക്ക്, ആർസി, അഡ്വഞ്ചർ എന്നീ ശ്രേണികളിലായി ഒമ്പതോളം ബൈക്കുകളാണ് ഉള്ളത്. ഇതില്‍ 2,54,739 രൂപ എക്‌സ് ഷോറൂം വിലയുണ്ടായിരുന്ന കെടിഎം 250 അഡ്വഞ്ചറിന്റെ വില വെറും 256 രൂപ മാത്രം കൂട്ടി. 2,54,995 ആണ് പുതിയ എക്‌സ്-ഷോറൂം വില. എന്നാൽ, 3,16,863 രൂപ വിലയുണ്ടായിരുന്ന കെടിഎം 390 അഡ്വഞ്ചറിന്റെ വില 11,423 രൂപയാണ് കൂടിയത്. കെടിഎം 390 അഡ്വഞ്ചറിന്റെ എക്‌സ്-ഷോറൂം വില ഇതോടെ 328,286 രൂപയായി ഉയർന്നു.

ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയ്ക്ക് യഥാക്രമം 2,022 രൂപയും 6,848 രൂപയുമാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. RC 125-ന് ഡ്യൂക്ക് 125 നെ അപേക്ഷിച്ച് 10,000 രൂപ അധിക വില വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ 1.80 ലക്ഷം രൂപയാണ് RC 125-ന്റെ എക്‌സ്‌ഷോറൂം വില. RC 200-ന് 2,253 രൂപയുടെ നാമമാത്രമായ വില വര്‍ദ്ധനവാണ് ലഭിക്കുന്നത്.

വിറ്റ്പിലന്‍ 250, സ്വാറ്റ്പിലന്‍ 250 എന്നീ മോഡലുകളാണ് ഹസ്ഖ് വാര്‍ണയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. 2020 മാര്‍ച്ചില്‍ ആയിരുന്നു ഈ മോഡലുകള്‍ ഇന്ത്യയില്‍ എത്തുന്നത്. ഇരുമോഡലുകള്‍ക്കും യഥാക്രമം 11097 രൂപ, 11098 രൂപ എന്നിങ്ങനെയാണ് വില കൂടിയിരിക്കുന്നത്. കെടിഎം ഡ്യൂക്ക് 250യെ അടിസ്ഥാനപ്പെടുത്തിയുള്ള  മോഡലുകളാണ് ഈ രണ്ട് വാഹനങ്ങളും. 250 ഡ്യൂക്ക്‌ന്റെ അതേ ട്രെല്ലിസ് ഫ്രയിമും എന്‍ജിനുമാണ്  ഈ രണ്ട് വാഹനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ 248 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 29.2 ബി എച്ച് പി കരുത്തും 24 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

ഡ്യൂക്ക് 250 അടിസ്ഥാനപ്പെടുത്തിയുള്ള മോഡലാണ് എങ്കിലും ഡ്യൂക്കിനേക്കാള്‍ വളരെ വ്യത്യസ്തത ഏറിയ രൂപശൈലിയിലാണ് ഈ വാഹനങ്ങള്‍ എത്തുന്നത്. സ്വാറ്റ്പിലന്‍ 250 ഒരു റിട്രോ സ്‌ക്രാംബ്ലര്‍ സ്‌റ്റൈലും, വിറ്റ്പിലന്‍ 250ക്ക് കഫേ റൈസര്‍ രൂപശൈലിയുമാണ് നല്‍കിയിരിക്കുന്നത്. ഡ്യുക്കിനേക്കാള്‍ ഇരുപതിനായിരം രൂപ വിലക്കുറവില്‍ ആണ് ഈ രണ്ടു വാഹനങ്ങളും എത്തുന്നത്. 1.85 ലക്ഷം രൂപയായിരുന്നു അവതരണ വേളയില്‍ ഈ രണ്ട് വാഹനങ്ങളുടെയും ദില്ലി എക്‌സ് ഷോറൂം വില.

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്ഖ് വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി.  ഇന്ത്യയില്‍ ബജാജ് ഓട്ടോയുടെ കീഴിലാണ്  നിലവില്‍   ഇരു കമ്പനികളും പ്രവര്‍ത്തിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios