തിരുവനന്തപുരം: ഇരുചക്ര വാഹന ഷോറൂമിന്‍റെ പൂട്ട് തകര്‍ത്ത് കള്ളന്‍ അകത്തുകയറി. തുടര്‍ന്ന് പ്രദര്‍ശനത്തിനു വച്ച 1.25 ലക്ഷത്തിന്‍റെ ബൈക്കുമായി  കള്ളന്‍ കടന്നു. തലസ്ഥാന ജില്ലയില്‍ കാട്ടാക്കടയിലാണ് സംഭവം.

തിരുവനന്തപുരം റോഡിലെ എട്ടിരുത്തിയിലുള്ള ബൈക്ക് ഷോറൂമിലാണ് സംഭവം. ഷോറൂം ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്‍ടാവ് അകത്തുകയറിയത്. തുടര്‍ന്ന് ഷോറൂമില്‍ നിന്നും ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. 1.25 ലക്ഷം രൂപയോളം എക്സ് ഷോറൂം വിലയുള്ള ബൈക്കാണ് ഇവിടെ നിന്നും മോഷണം പോയത്.

കഴിഞ്ഞ ദിവസം രാവിലെ ഷോ റൂം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. ഷോറൂമില്‍ നിന്നും പണവും നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഉടമ പൊലീസിൽ പരാതി നല്‍കി.

ഷോറൂം ഷട്ടറിന്റെ പൂട്ടുകളും കള്ളൻ കൊണ്ടുപോയ നിലയിലും ഷോറൂമിലെ മറ്റ് ഇരുചക്ര വാഹനങ്ങള്‍ സ്ഥാനം മാറ്റി വച്ച നിലയിലും ആണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.