2025-ൽ ചില മികച്ച കാറുകൾ പുറത്തിറങ്ങുമ്പോൾ, ചില മോഡലുകൾ വിപണിയിൽ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കപ്പെടുകയാണ്. ഔഡി A8 L, RS5 സ്പോർട്ബാക്ക്, ടാറ്റ നെക്സോൺ ഇവി 40.5kWh തുടങ്ങിയവ ഈ വർഷം നിർത്തലാക്കിയവയിൽ ചിലതാണ്. മാരുതി സിയാസ് ഉടൻ തന്നെ ഈ ലിസ്റ്റിലേക്ക് എത്തും.

2025 ൽ, നിരവധി മികച്ച കാറുകളുടെ ലോഞ്ച് നടക്കുന്നു. അതേസമയം ചില കാറുകളുടെ യാത്രയും എന്നെന്നേക്കുമായി അവസാനിക്കുകയാണ്. ഈ വർഷം ഇതുവരെ രണ്ട് ഔഡി കാറുകളായ A8 L, RS5 സ്പോർട്ബാക്ക് എന്നിവയും ടാറ്റ നെക്സോൺ ഇവിയുടെ 40.5kWh ബാറ്ററി പായ്ക്ക് മോഡലും നിർത്തലാക്കി. അടുത്ത നമ്പർ മാരുതി സിയാസിന്റേതാണ്. ഇതാ അടുത്താകലത്ത് ഇന്ത്യൻ വിപണിയിൽ നിന്നും നീക്കം ചെയ്യപ്പെട്ടതും നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ളതുമായി ചില കാറുകളെ പരിചയപ്പെടാം.

ഔഡി A8 L
2017 ൽ നാലാം തലമുറ ഓഡി A8 L ആഗോള വിപണിയിൽ പുറത്തിറങ്ങി. 2020 ൽ ഇത് ഇന്ത്യയിൽ പുറത്തിറങ്ങി. ഇതിനുശേഷം, അതിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 2022 ൽ അവതരിപ്പിച്ചു. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ, മാട്രിക്സ് ലൈറ്റുകൾ, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. 3.0 ലിറ്റർ TFSI V6 ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന് നൽകിയിരിക്കുന്നത്. എങ്കിലും, ഇപ്പോൾ കമ്പനി ഈ കാർ നിർത്തലാക്കിയിരിക്കുന്നു.

ഔഡി ആർഎസ്5 സ്പോർട്ബാക്ക്
2021 ലാണ് കമ്പനി ഈ കാർ പുറത്തിറക്കിയത്. 1.13 കോടി രൂപ വിലയുള്ള ഈ കാറിൽ 444 ബിഎച്ച്പിയും 700 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.9 ലിറ്റർ ട്വിൻ-ടർബോ വി6 എഞ്ചിനാണ് ഉള്ളത്. അതിന് ഒരു ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഉണ്ടായിരുന്നു. ഇതിന് ചരിഞ്ഞ കൂപ്പെ മേൽക്കൂരയും സ്‌പോർട്ടി ഡിസൈനുമുണ്ട്. ഈ കാർ വെറും 4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ/കിലോമീറ്റർ വേഗത കൈവരിക്കും. ഈ കാർ ഇപ്പോൾ നിർത്തലാക്കി.

ടാറ്റ നെക്‌സോൺ ഇവി 40.5kWh
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവിയായ നെക്‌സോൺ ഇവിയുടെ മിഡ്-സ്‌പെക്ക് 40.5kWh ബാറ്ററി പതിപ്പ് കമ്പനി നിർത്തലാക്കി. 2023 സെപ്റ്റംബറിൽ നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയ സമയത്ത്, ഈ ഓൾ-ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവിക്ക് 30kWh (MR), 40.5kWh (LR) ബാറ്ററി ഓപ്ഷനുകൾ നൽകിയിരുന്നു. ഒരു വർഷത്തിനുശേഷം ടാറ്റ അതിൽ 45kWh ബാറ്ററി ഓപ്ഷൻ ചേർത്തു. അതായത് 40.5kWh ബാറ്ററി ബാക്ക് 45kWh ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.

മാരുതി സിയാസ് ഏപ്രിലിൽ നിർത്തലാക്കും
മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ഇടത്തരം സെഡാനായ സിയാസിന്റെ ഇന്ത്യയിലെ വിൽപ്പന നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. സിയാസിന്റെ വിൽപ്പന വർഷങ്ങളായി തുടർച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. 2025 ഏപ്രിലോടെ സിയാസ് ഘട്ടം ഘട്ടമായി നിർത്തലാക്കും എന്നാണ് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2025 മാർച്ചോടെ ഇതിന്റെ ഉത്പാദനം നിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രസ്‍താവനകളൊന്നും നൽകിയിട്ടില്ല.