Asianet News MalayalamAsianet News Malayalam

കാര്‍ പുതിയതാണോ? ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!

ആദ്യത്തെ മാസങ്ങളില്‍ കാറിനെ എങ്ങനെ പരിപാലിക്കണം എന്നുള്ള അറിവില്ലായ്‍മ മൂലമാവും പലരും കാറിനോട് ഇങ്ങനെ പെരുമാറുന്നത്. കാര്‍ വാങ്ങി ആദ്യത്തെ കുറച്ചു നാളുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ നിങ്ങളുടെ കാറിന് ദീര്‍ഘായുസ് ലഭിക്കും.

These driving habits avoid in new cars
Author
Trivandrum, First Published Jul 14, 2021, 11:23 PM IST

പലരുടെയും സ്വപ്‍നമാണ് സ്വന്തമായി ഒരു കാര്‍ എന്നത്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ചും ലോണെടുത്തും ഒക്കെയാവും നമ്മളില്‍ പലരും ആ സ്വപ്‍നം സാക്ഷാത്കരിക്കുക. എന്നാല്‍ പുതിയ കാര്‍ സ്വന്തമാക്കി കഴിഞ്ഞാല്‍ പലരും അതൊക്കെ മറന്നുപോകുകയാണ് പതിവ്. ആദ്യത്തെ മാസങ്ങളില്‍ കാറിനെ എങ്ങനെ പരിപാലിക്കണം എന്നുള്ള അറിവില്ലായ്‍മ മൂലമാവും പലരും കാറിനോട് ഇങ്ങനെ പെരുമാറുന്നത്. കാര്‍ വാങ്ങി ആദ്യത്തെ കുറച്ചു നാളുകളില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ നിങ്ങളുടെ കാറിന് ദീര്‍ഘായുസ് ലഭിക്കും.

1. ഫുള്‍ ത്രോട്ടില്‍
പുതിയ കാര്‍ വാങ്ങിയ ഉടനെ ഫുള്‍ ത്രോട്ടിലില്‍ ചീറി പായുന്നത് പലരുടെയും ഹോബിയാണ്. ഇത്തരക്കാരില്‍ ഭൂരിഭാഗവും യുവാക്കളായിരിക്കും. ആവേശത്തിന്‍റെ പുറത്തുമാത്രമായിരിക്കില്ല ഇത്തരം കടുംകൈ പലരും കാറിനോട് ചെയ്യുന്നത്. ഇങ്ങനെ  സമ്മര്‍ദ്ദം ചെലുത്തിയാല്‍ കാറിന്‍റെ എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കാമെന്ന വിശ്വാസത്തിന്‍റെ പുറത്തുകൂടിയാവും ഇത്. എന്നാലിത് കാറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. കാരണം ഒട്ടേറെ ചലിക്കുന്ന ഘടകങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് എഞ്ചിന്‍. ഫുള്‍ ത്രോട്ടിലില്‍ സഞ്ചരിക്കുമ്പോള്‍ പുതിയ എഞ്ചിനില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഇത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യും. കുറേയധികം കിലോമീറ്ററുകള്‍ ഓടിയതിന് ശേഷമേ പുതിയ കാറുകള്‍ പൂര്‍ണ മികവിലേക്ക് എത്തുകയുള്ളൂവെന്ന് മിക്ക വാഹന നിര്‍മ്മാതാക്കളും വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ പുതിയ കാറിന്‍റെ ആദ്യ 500-1000 കിലോമീറ്ററുകള്‍ (കാറുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും) ഫുള്‍ ത്രോട്ടിലില്‍ പായിക്കാതിരിക്കുന്നതാണ് ഉത്തമം.

2. ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കരുത്
വ്യത്യസ്‍ത ലോഡുകളുമായി പൊരുത്തപ്പെടാന്‍  എഞ്ചിന് സാവകാശം വേണമെന്നതിനാല്‍ ക്രൂയിസ് കണ്ട്രോള്‍ ആദ്യത്തെ കുറച്ചുനാള്‍ ഉപയോഗിക്കാതിരിക്കുകയാവും നല്ലത്. കാരണം ക്രൂയിസ് കണ്‍ട്രോളില്‍, എഞ്ചിന്‍ ഒരു നിശ്ചിത rpm ലാണ് സഞ്ചരിക്കുക. മാത്രമല്ല, ഇത്തരം സാഹചര്യത്തില്‍ ദീര്‍ഘസമയത്തേക്ക് ലോഡില്‍ വ്യത്യാസങ്ങളുമുണ്ടാകില്ല. ഇത് കാറിന്റെ എഞ്ചിന്‍ ഘടനയെ സ്വാധീനിക്കും. അതായത് കുറഞ്ഞ വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും അമിത വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും പുതിയ കാറിന് അത്ര നല്ലതല്ല.

3. റെഡ്‌ലൈന്‍ കടക്കരുത്
എഞ്ചിനിലും അനുബന്ധഘടകങ്ങളിലും അമിത സമ്മര്‍ദ്ദം സംഭവിക്കുമെന്നതിനാല്‍ ആര്‍പിഎം മീറ്ററില്‍ റെഡ് ലൈന്‍ കടക്കുന്നതും പുതിയ കാറിന് നല്ലതല്ല

4. അമിത ഭാരം കയറ്റരുത്
പുതിയ കാറില്‍ അമിത ഭാരം കയറ്റുന്നതും എഞ്ചിന്‍ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. റോഡ് സാഹചര്യങ്ങളുമായി പുതിയ എഞ്ചിന്‍ പൊരുത്തപ്പെടുന്നത് വരെ അമിത ഭാരം കയറ്റാതിരിക്കുന്നതാണ് കാറിന്റെ ഭാവിയ്ക്ക് നല്ലത്.

5. എഞ്ചിന്‍ ചൂടാകില്ലെങ്കില്‍ ഡ്രൈവ് ചെയ്യരുത്
ചെറിയ ദൂരത്തേക്ക് പുതിയ കാര്‍ ഓടിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, കാര്‍ ചൂടാകാന്‍ ഒരല്‍പം സമയമെടുക്കും. ശരിയായ താപത്തിലെത്തിയാല്‍ മാത്രമാണ് എഞ്ചിന്‍ പൂര്‍ണ മികവില്‍ പ്രവര്‍ത്തിക്കുക. ചെറിയ ദൂരം മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍ എഞ്ചിന്‍ ആവശ്യമായ തോതില്‍ ചൂടാകില്ല. തത്ഫലമായി എഞ്ചിന്‍ തകരാറിന് വഴിവക്കും. പഴയ കാറുകള്‍ക്കും ഇത് ബാധകമാണ്.

Courtesy: Automotive Blogs & Websites

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios