Asianet News MalayalamAsianet News Malayalam

കുട്ടികളെ കാറില്‍ ഒറ്റയ്ക്കിരുത്തിയാല്‍ പിഴ ഒരുലക്ഷമെന്ന് ഈ പൊലീസ്!

ഇത്തരം സംഭവങ്ങളിലൂടെ കുട്ടികൾക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് എന്നതിനാലാണ് അബുദബി പൊലീസ് കർശന നടപടി എടുക്കുന്നത്. 

These Police warns one lakh fine for left children alone in car
Author
Abu Dhabi - United Arab Emirates, First Published Aug 22, 2022, 2:42 PM IST

കാറുകളിൽ കുട്ടികളെ തനിച്ചിരുത്തിയ ശേഷം പുറത്തു പോകുന്നതിനെതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇങ്ങനെ ചെയ്യുന്നത് ദുരന്തം ക്ഷണിച്ച് വരുത്തുകയാണ് എന്ന് പൊലീസ് വ്യക്തമാക്കിയതായും കുട്ടികളെ കാറുകളിൽ ഉപേക്ഷിക്കുന്നവർക്ക് 5000 ദിർഹം (1,08,798 രൂപ) പിഴ ഈടാക്കുമെന്നും ഗള്‍ഫ് ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.  

വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത് എന്നും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങളിലൂടെ കുട്ടികൾക്ക് പരിക്ക് പറ്റാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് എന്നതിനാലാണ് അബുദബി പൊലീസ് കർശന നടപടി എടുക്കുന്നത്. വേനൽക്കാലത്ത് കുട്ടികളെ വാഹനങ്ങളിൽ ശ്രദ്ധിക്കാതെ വിടുന്നത് അപകടകരമാണെന്നും കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യു.എ.ഇയിലെ നിയമപ്രകാരം ശിക്ഷാർഹമാണെന്നും അബുദബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് ഹമദ് അൽ ഇസൈ പറഞ്ഞു.

യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

"ഏത് പ്രായത്തിലുള്ള കുട്ടികളെയും വാഹനത്തിൽ ആരും ശ്രദ്ധിക്കാതെ വിടരുത്. മിനിറ്റുകൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കാൻ മാത്രമല്ല, ട്രാൻസ്മിഷനും കൺട്രോളുകളും ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്‍ത അവസ്ഥയിൽ നിന്ന് നീക്കാനും അവർക്ക് കഴിയും.." ക്യാപ്റ്റൻ അൽ ഇസൈ പറഞ്ഞു. യു.എ.ഇയിലെ താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുകയാണ്. കടുത്ത വേനലുള്ള സമയത്ത് കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നത് ഏറെ അപകടകരമാണ്.

'കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിക്കുന്ന രക്ഷിതാവിന് കുറഞ്ഞത് 5,000 ദിർഹം പിഴ ചുമത്തും. ഇതോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച നിരവധി സംഭവങ്ങൾ യു.എ.ഇയിൽ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്'-അദ്ദേഹം കൂട്ടിച്ചേർത്തു. 

നൈറ്റ് ഡ്രൈവിംഗിനിടെ ഈ തോന്നലുകള്‍ വരുന്നുണ്ടോ? ജാഗ്രത!

ഫോൺ കോളിൽ മുഴുകി കുഞ്ഞിനെ കാറിൽ മറന്നുപോയ പിതാവിന്റെ സംഭവവും അൽ ഇസൈ വെളിപ്പെടുത്തി. കുഞ്ഞിനെ കാറിലിരുത്തി എയർ കണ്ടീഷൻ ഓഫാക്കിയ ശേഷം പുറത്തിറങ്ങി ഫോണിൽ സംസാരിച്ചു പിതാവ്. ഏറെ നേരമായിട്ടും പിതാവ് കാർ തുറന്നില്ല. ഇതോടെ കുഞ്ഞ് മരിച്ചിരുന്നു. ഈ സംഭവത്തെ എല്ലാവരും ഒരു മുന്നറിയിപ്പായി എടുക്കണമെന്നും ക്യാപ്റ്റൻ അൽ ഇസൈ വ്യക്തമാക്കി. 

കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ധാനി അല്‍ ഹമീരി പറഞ്ഞു.  കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ത​നി​ച്ചാ​ക്കി​പ്പോ​കു​ന്ന​തി​നെ​തി​രെ നേരത്തേ അ​ജ്‍മാ​ന്‍ പൊ​ലീ​സും മുന്നറിയിപ്പ് നൽകിയിരുന്നു. 

കാറുകളിലെ ശിശുമരണങ്ങള്‍ കൂടുന്നു
അതേസമയം ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത്തരം അപകട സംഭവങ്ങള്‍ കൂടുകയാണ്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയാത്തതാണ് ഇതിനൊക്കെ കാരണം. ഈ അശ്രദ്ധയ്‍ക്കും അജ്ഞതയ്ക്കുമൊക്കെ വലിയ വില കൊടുക്കേണ്ടി വരും. കുട്ടികളെ കാറുകളില്‍ തനിച്ചാക്കിയാല്‍ സംഭവിക്കുന്നത് എന്തെന്ന് അറിഞ്ഞിരിക്കാം

കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.

Follow Us:
Download App:
  • android
  • ios