കോവിഡ് വൈറസ് മൂലം വാഹന കമ്പനികൾ ഉത്പാദനം നിർത്തി വെച്ചിരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളില്‍ നിരത്തിൽ എത്തുമായിരുന്ന പല മോഡലുകളുടെ അവതരണം വൈകും. ആ മോഡലുകള്‍ ഏതൊക്കെയെന്ന് അറിയാം

ഹ്യുണ്ടായി വെർണ
ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാന്‍ വെര്‍ണയുടെ പരിഷ്‍കരിച്ച പതിപ്പിനെ ഈ മാസം വിപണിയിൽ അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ വാഹനത്തിന്റെ ലോഞ്ചും  കമ്പനി മാറ്റിവെച്ചിരിക്കുകയാണ്. പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, വലിയ ഗ്രില്ല്, പുതുക്കിയ ബംബർ തുടങ്ങിയ ഒട്ടേറെ പുതിയ സവിശേഷതകളുമായാണ് വെർണ എത്തുന്നത്. ക്രെറ്റയിൽ നിന്ന് കടംകൊണ്ട 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളും 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും ഈ മോഡലിൽ ലഭ്യമായിരിക്കും.ഓട്ടോമാറ്റിക്,  മാനുവൽ ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമാകും

ഹ്യൂണ്ടായ് ട്യൂസോൺ

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി അവതരിപ്പിച്ച ട്യൂസോണ്‍ മുഖംമിനുക്കിയ ശേഷം ഇന്ത്യൻ വിപണിയിലേക്കുള്ള അവതരണം ഈമാസം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ് വൈറസ് മൂലം ഇത് നീട്ടി വെച്ചതായി കമ്പനി അറിയിച്ചു. പുതുക്കിയ ഗ്രില്ലും എൽഇഡി ഹെഡ് ലാമ്പ്,  ഫ്രണ്ട് ബംബറും പുതിയ രീതിയിലുള്ള അലോയ് വീലുകളും ഈ മോഡലിൽ ഉണ്ടാകും. ബി എസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റർ പെട്രോൾ,  ഡീസൽ എഞ്ചിനുകളായിരിക്കും ടുസോണിൽ ഉണ്ടാവുക. 6 സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാൻസ്മിഷൻ.

സ്കോഡ റാപ്പിഡ് 1.0
സ്കോഡയുടെ സെഡാനായ റാപിഡ് ന്റെ ബുക്കിംഗുകൾ  കമ്പനി ആരംഭിച്ചിരുന്നു. ഈ മാസം പതിനാലാം തീയതി നിരത്തിലെത്തിക്കാൻ ഉദ്ദേശിച്ചിരുന്ന ഈ വാഹനത്തിൻറെ അവതരണവും കോവിഡ് ബാധയെത്തുടർന്ന് നീട്ടി വെച്ചിരിക്കുകയാണ്. 1.0ലിറ്റർ ടി എസ് ഐ  എൻജിനുമായി എത്തുന്ന ഈ വാഹനത്തിന് ഡിസൈനിൽ ഏതൊരു വ്യത്യാസങ്ങളും കമ്പനി  നൽകിയിട്ടില്ല.  ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സ് ഓപ്ഷനുകളും ലഭ്യമാകും.

ഹോണ്ട ഡബ്ലിയു ആർ വി
പുതിയ ഹോണ്ട ഡബ്ലിയു ആർ വി യുടെ ബുക്കിംഗുകൾ കമ്പനി കഴിഞ്ഞ മാസം തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ കോവിഡ്  വൈറസ് മൂലം ഈ വാഹനത്തിന്റെ വിപണി അവതരണവും നീട്ടിവെച്ചിരിക്കുകയാണ്. പുതിയ രീതിയിൽ ഡിസൈൻ ചെയ്ത  ഫ്രണ്ട് ബംബർ,ഹെഡ്ലൈറ്റ്, എൽഇഡി ടെയ്ൽ ലാമ്പ്  ഗ്രില്ല് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. ബിഎസ്6 നിലവാരത്തിലുള്ള 1.2 ലിറ്റർ പെട്രോൾ 1.5 ലിറ്റർ ഡീസൽ എൻജിൻ ആയിരിക്കും വാഹനത്തിൽ നൽകുക.

ഹോണ്ടാ സിറ്റി
അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ വിപണിയിലേക്കുള്ള അരങ്ങേറ്റം മാർച്ച് പകുതിയോടെ ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാൽ കൊറോണാ വൈറസ് മൂലം ഇത്  കുറച്ചുകൂടെ നീട്ടിവച്ചിരിക്കുകയാണ്. ഡിസൈനിൽ ഹോണ്ടാ അക്കോർഡിന്റെയും സിവിക്കിന്റെയും പോലത്തെ ഡിസൈൻ ഭാഗങ്ങൾ കടമെടുത്തു കൊണ്ടാണ് പുതിയ ഹോണ്ട സിറ്റി എത്തുന്നത്. നിലവിലുള്ള മോഡലിനേക്കാൾ നീളവും വീതിയും കൂടുതലുണ്ടാകും വരാൻപോകുന്ന ഈ മോഡലിന്. ബിഎസ്6 നിലവാരത്തിലുള്ള  1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളായിട്ടായിരിക്കും  സിറ്റി എത്തുക.

ടാറ്റ ഹോൺബിൽ 
ടാറ്റാ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മിനി എസ്‍യുവി ആണ് എച്ച് ബിഎക്സ് അഥവാ ഹോണ്‍ബില്‍. ഈ വർഷം ഏപ്രിലോടെ വിപണിയിലെത്തുമെന്ന്  കരുതിയിരുന്ന ഈ വാഹനത്തിന്റെ അവതരണവും കോവിഡ്  മൂലം നീണ്ടു പോയിരിക്കുകയാണ്. ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച മോഡലിന്റെ  90% പാർട്സും ഫീച്ചേഴ്സും  പ്രൊഡക്ഷൻ മോഡലിലും നൽകുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.