Asianet News MalayalamAsianet News Malayalam

15 വർഷം തികഞ്ഞ ഈ വാഹനങ്ങളുടെ ആയുസ് ഇനി വെറും നാലുമാസം മാത്രം!

റോഡ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വാര്‍ത്തകള്‍. 

These Vehicles Older Than 15 Years To Be Scrapped From April 2023
Author
First Published Nov 28, 2022, 10:39 AM IST

രാജ്യത്തുടനീളമുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി വിവിധ മാനദണ്ഡങ്ങളും നയങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.  വളരെപ്പെട്ടെന്ന് തന്നെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ ഇതിന്‍റെ ഭാഗമാണ്. ഇങ്ങനെ വായു മലിനീകരണത്തിനെതിരായ പോരാട്ടം അനുദിനം ശക്തിപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍, ഇപ്പോൾ ഒരുപടി കൂടി മുന്നോട്ട് പോകുന്നതായിട്ടാണ് പുതിയ മാധ്യമ റിപ്പോർട്ടുകൾ നല്‍കുന്ന സൂചന. 

പുതിയ ഒരു റിപ്പോർട്ട് അനുസരിച്ച്, റോഡ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വാര്‍ത്തകള്‍. ഈ വിജ്ഞാപനം അനുസരിച്ച് 15 വർഷത്തില്‍ അധികം പഴക്കമുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും 2023 ഏപ്രില്‍ മാസത്തോടെ ഒഴിവാക്കും എന്നാണ് റിപ്പോര്‍ട്ട്. 15 വർഷം പൂർത്തിയാക്കിയ എല്ലാ സർക്കാർ വാഹനങ്ങളും നിർത്തലാക്കുമെന്നും ഇതിനുള്ള നയം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ഉടമസ്ഥതയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുന്നു. പഴയ സർക്കാർ വാഹനങ്ങൾ പിൻവലിക്കുന്നതിനുള്ള സമയക്രമത്തിന് അംഗീകാരം നൽകിയതായും നിതിൻ ഗഡ്‍കരി പറഞ്ഞു. സംസ്ഥാന സർക്കാർ ഏജൻസികൾ നടത്തുന്ന ബസ് ഫ്ളീറ്റുകളുടെ നവീകരണത്തിനായി അദ്ദേഹം പ്രേരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി സർക്കാർ ഫ്ളീറ്റുകൾ ഇതിനകം തന്നെ ഇലക്ട്രിക് ബസുകൾ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്.

സെപ്റ്റംബർ 14 ന് നിതിൻ ഗഡ്‍കരി രാജ്യത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് മൂന്ന് രജിസ്റ്റർ ചെയ്‍ത വാഹനങ്ങൾ സ്ക്രാപ്പിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുനനു. ഈ വർഷം ഏപ്രിലിലാണ് വാഹന സ്ക്രാപ്പേജ് നയം നിലവിൽ വന്നത്.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്‍താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 

 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.  വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു. 

ചിത്രം പ്രതീകാത്മകം

Follow Us:
Download App:
  • android
  • ios