സ്‍കൂട്ടര്‍ മോഷ്‍ടിച്ച് കടന്നുകളഞ്ഞ കള്ളന് എട്ടിന്‍റെ പണി നല്‍കി സിസി ക്യാമറ. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോഷ്‍ടാവ് സ്‍കൂട്ടര്‍ തിരികെ നല്‍കി മുങ്ങി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാന പാതയിൽ ചിയാനൂർ പാടത്തെ വർക്ക് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്‍കൂട്ടർ മോഷണം പോയത്.  എന്നാല്‍ തൊട്ടടുത്ത കടയിലെ സിസി ടിവിയിൽ മോഷ്‍ടാവായ യുവാവിന്റെ ദൃശ്യം പതിഞ്ഞു. ഇതോടെ വാഹന ഉടമ ഈ ദൃശ്യങ്ങളടക്കം ചങ്ങരംകുളം പൊലീസിൽ പരാതിയും നൽകി. 

ഇതിനിടെ സോഷ്യല്‍ മീഡിയയിലും സംഭവം വൈറലായി. ഇതോടെ ഇന്നലെ സ്‍കൂട്ടറുമായി യുവാവ് തിരികെയത്തി.  സ്‍കൂട്ടറിന്‍റെ താക്കോൽ അടുത്ത കടയിൽ ഏൽപ്പിച്ച ശേഷം ഉടമ വന്നു വാങ്ങുമെന്നു പറഞ്ഞ് ഇയാള്‍ കടന്നുകളയുകയും ചെയ്‍തു. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഉടമയുടെ നമ്പറിൽ വിളിച്ച് അബദ്ധം പറ്റിയതാണെന്നും സ്‍കൂട്ടർ തിരിച്ചെത്തിച്ചെന്നും അറിയിക്കുകയും ചെയ്‍തു. 

തുടര്‍ന്ന് ഈ നമ്പറില്‍ തിരികെ വിളിച്ചപ്പോള്‍ അതൊരു ഓട്ടോ ഡ്രൈവറുടെ നമ്പറാണെന്ന് തെളിഞ്ഞു. ചങ്ങരംകുളത്ത് നിന്നും ചെറവല്ലൂരിലേക്ക് മോഷ്‍ടാവ് യാത്ര ചെയ്‍ത ഓട്ടോയുടെ ഡ്രൈവറുടെ ഫോണിൽനിന്നായിരുന്നു ഈ വിളിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവത്തെപ്പറ്റി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.