യാത്രികന്‍ ഉറങ്ങുന്നതറിയാതെ കാറുമായി കടന്ന കള്ളന് കിട്ടിയത് എട്ടിന്‍റെ പണി

കാറില്‍ ഉറങ്ങിക്കിടന്ന യാത്രികനുമായി കാര്‍ മോഷ്‍ടിച്ച കള്ളന്‍ വാഹനവുമായി കടന്നു. അമേരിക്കയിലെ (USA) ഒഹായോയിലാണ് (Ohio) കൌതുകകരമായ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫിൻഡ്‌ലേ പൊലീസ് ഡിപ്പാർട്ട്‌മെന്റ് (Findlay Police Department) പറയുന്നതനുസരിച്ച്, കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഔഡി കാറില്‍ ഉറങ്ങിക്കിടന്ന 19കാരനുമായാണ് 32 കാരനായ കള്ളന്‍ കടന്നുകളഞ്ഞത്. പൊലീസ് പറയുന്നത് പ്രകാരം, ഗുജാർഡോ എന്ന 17കാരനും റെയ്‌ലോൺ സ്‌കോട്ട് എന്ന 19കാരനും 2012 ഔഡി എ4 ല്‍ പ്രദേശത്തെ ഡീലര്‍ഷിപ്പില്‍ എത്തിയതായിരുന്നു. 12002 കൗണ്ടി റോഡ് 99-ൽ സ്ഥിതി ചെയ്യുന്ന ഔഡി ഡീലർഷിപ്പിൽ ആയിരുന്നു ഇവര്‍ എത്തിയത്. 

ഗുജാർഡോ വാഹനത്തില്‍ നിന്ന് പുറത്തേക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം സ്കോട്ട് കാറിൽ കിടന്ന് ഉറങ്ങിപ്പോയി. ഇതിനിടെ ജസ്റ്റിൻ വോൺ എന്നയാള്‍ ഡ്രൈവർ സീറ്റിൽ കയറി വാഹനം ഓടിച്ചുപോയി. മോഷണം പെട്ടെന്ന് കണ്ടെത്തുകയും വാഹനം ട്രാക്ക് ചെയ്യാനും പോലീസിന് തത്സമയ അപ്‌ഡേറ്റുകൾ നൽകാനും ഗുജാർഡോയ്ക്ക് കഴിഞ്ഞു. ഇത് നടന്നുകൊണ്ടിരിക്കെ, സ്‌കോട്ട് ഉണർന്നു, കാറിന്റെ ലൊക്കേഷനും വോണിന്‍റെ ഭീഷണിപ്പെടുത്തുന്ന പെരുമാറ്റങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും സഹിതം ഗുജാർഡോയ്ക്ക് സ്‍കോട്ട് സന്ദേശമം കൈമാറിത്തുടങ്ങി.

സംഭവത്തെക്കുറിച്ച് ഗുജാർഡോ ലോക്കൽ പോലീസ് ഡിപ്പാർട്ട്‌മെന്റുകളെ അറിയിച്ചു. ഇതോടെ അരമണിക്കൂറിനകം, ഉച്ചയ്ക്ക് 1:30 ഓടെ പൊലീസ് ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തിയതായും പോലീസ് മേധാവി ഡേവിഡ് പോളി വെളിപ്പെടുത്തുകയും ചെയ്‍തു. പൊലീസ് വാഹനം നിര്‍ത്താന്‍ ആദ്യം ശ്രമിച്ചെങ്കിലും വോണ്‍ അനുസരിച്ചില്ല. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തെ പിന്തുടര്‍ന്നു പിടികൂടി. വോണിനെ പിടികൂടി ഫിൻഡ്‌ലേ പോലീസിന്റെ കസ്റ്റഡിയിലേക്ക് മാറ്റിയതായി റിപ്പോർട്ട് പറയുന്നു. കസ്റ്റഡിയിലെടുത്ത ജസ്റ്റിന്‍ വോണിന് (32) എതിരെ കവർച്ച, തട്ടിക്കൊണ്ടുപോകൽ, മോട്ടോർ വാഹന മോഷണം എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഭാഗ്യവശാൽ, ഈ സംഭവങ്ങള്‍ക്കിടിയലും യാത്രികനായ സ്കോട്ടിന് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കാര്‍ സ്‍കൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡീലർഷിപ്പിലെ മോഷണങ്ങൾ അമേരിക്കയില്‍ പുതുമയുള്ള കാര്യമല്ല. അടുത്തകാലത്താണ് ഇല്ലിനോയിയിലെ മാറ്റ്‌സണിലുള്ള ഹോക്കിൻസൺ കിയയിൽ നിന്ന് വാഹനങ്ങൾ മോഷ്‍ടിക്കുന്ന കള്ളന്മാർ വീഡിയോയിൽ കുടുങ്ങിയത്. മോഷ്‍ടിച്ച ഹോണ്ട സിആർ-വിയിൽ ഡീലർഷിപ്പിൽ എത്തിയ മോഷ്‍ടക്കളായിരുന്നു ഈ കവര്‍ച്ചയ്ക്ക് പിന്നില്‍. 

ഏഴ് പേർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിനായി ജനൽ ചില്ലുകൾ തകർത്ത് അകത്ത് കടന്ന ശേഷം താക്കോലിനായി അവർ ചുറ്റും തിരയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഒടുവിൽ നിരവധി താക്കോലുകൾ ഉള്‍പ്പെടുന്ന ഒരു ലോക്ക്ബോക്സ് കണ്ടെത്തുകയും ഏതാനും ആഡംബര വാഹനങ്ങളുമായി കടന്നുകളയുന്നതും വീഡിയോയില്‍ പതിഞ്ഞിരുന്നു.

അടുത്തകാലത്ത് കേരളത്തിലും സമാന സംഭവം അരങ്ങേറിയുന്നു.യൂസ്‍ഡ് കാര്‍ ഷോറൂമില്‍ നിന്നും മോഷ്‍ടിച്ച വാഹനത്തില്‍ എണ്ണ തീര്‍ന്നതാണ് ഇവിടെ മോഷ്‍ടാക്കളെ കുടുക്കിയത്. മാനന്തവാടി തോണിച്ചാലിലെ യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നും അടിച്ചുമാറ്റിയ കാറുമായി പെട്രോള്‍ പമ്പിലെത്തിയ മോഷ്ടാക്കളായിരുന്നു പിടിയിലായത്. ചങ്ങാടക്കടവിലെ മലബാർ മോട്ടോഴ്സ് യൂസ്ഡ് കാർ കടയില്‍ നിന്നുമാണ് കാര്‍ മോഷണം പോയത്. കടയുടെ മുന്നിലുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്നാണ് താക്കോലെടുത്തത്. 

ഇതിനിടെ കെട്ടിട ഉടമ കടയ്ക്കുള്ളിലെ ശബ്ദം കേട്ടം സ്ഥാപന ഉടമകളെ വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനമുടമകള്‍ പൊലീസിലും വിവരമറിയിക്കുകയായിരുന്നു. ഷോറൂമില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കുമെന്ന ധാരണയില്‍ പൊലീസുകാര്‍ മാനന്തവാടിയിലും പരിസരങ്ങളിലേയും പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് തോണിച്ചാലിലെ പെട്രോള്‍ പമ്പില്‍ മോഷ്ടാക്കള്‍ വാഹനവുമായി എത്തുന്നത്. രാത്രി സമയം പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ കുറവായിരുന്നതും ഇവിടെ പൊലീസിന് സഹായിച്ചു.