തിരുവനന്തപുരം: തലസ്ഥാന നഗരയില്‍ നിന്നും കാസര്‍കോട് വരെ നാല് മണിക്കൂറിനകം യാത്ര സാധ്യമാക്കുന്ന അര്‍ദ്ധ അതിവേഗ റെയില്‍പ്പാതയുടെ ( സില്‍വര്‍ ലൈന്‍ ) കരട്‌ രൂപരേഖയായി. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലെ റെയില്‍പ്പാതയില്‍ നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിന് സമാന്തരമായുമായിരിക്കും നിര്‍ദിഷ്ട പാത.

നിര്‍ദിഷ്ട പാതയുടെ അന്തിമ റൂട്ട്  കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെ-റെയില്‍) പ്രസിദ്ധീകരിച്ചു. വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഈ വര്‍ഷം നിര്‍മ്മാണം തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 

തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെയാണ് സ്റ്റേഷനുകള്‍. സാധ്യതാപഠന റിപ്പോര്‍ട്ടിലുണ്ടായിരുന്ന കാക്കനാട് സ്റ്റേഷനുപുറമെ കൊച്ചി(നെടുമ്പാശ്ശേരി) വിമാനത്താവളത്തില്‍ പുതിയ സ്റ്റേഷനുണ്ടാകും. പദ്ധതി ചെലവ് 63,941 കോടി രൂപ.

പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാന്‍വേണ്ടി സാധ്യതാ പഠന റിപ്പോര്‍ട്ടിലെ അലൈന്‍മെന്റില്‍ പലയിടത്തായി പരമാവധി പത്തുമുതല്‍ 50 മീറ്റര്‍ വരെ മാറ്റം വരുത്തിയിട്ടുണ്ട്. സാങ്കേതിക സവിശേഷതകളും നിലവിലെ റെയില്‍പ്പാതയിലെ കൊടുംവളവുകളും കാരണം പുതിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുക. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍നിന്ന് തുടങ്ങി. കഴക്കൂട്ടം, ആറ്റിങ്ങല്‍, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ പ്രവേശിക്കും. പിരളശ്ശേരി എല്‍.പി.സ്‌കൂളിനുസമീപം വല്ലന റോഡിലെ ടൂട്ടൂസ് ട്രാവല്‍സിനടുത്താണ് ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷന്‍.

അവിടെനിന്ന് നെല്ലിക്കല്‍ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. അവിടെ നിലവിലുള്ള റെയില്‍ വേസ് സ്റ്റേഷനു തെക്കുമാറി മുട്ടമ്പലം ദേവലോകം ഭാഗത്താണ് നിര്‍ദിഷ്ട സ്റ്റേഷന്‍. കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെനിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, തൃശ്ശൂര്‍, തിരൂരില്‍ എത്തും. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കും.

രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പുതിയ പാത വരുന്നതോടെ റോഡിലെ കുരുക്കുകള്‍ ഒരുപരിധിവരെ ഒഴിവാക്കാനാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം യാത്രാസമയം പുതിയ പാതയിലൂടെ വെറും ഒന്നര മണിക്കൂറായി ചുരുങ്ങും എന്നതാണ് ശ്രദ്ധേയം.