ഹോണ്ട ഇന്ത്യ 50,000 ഹോണ്ട സെൻസിംഗ് എഡിഎഎസ് ഫീച്ചർ സജ്ജീകരിച്ച കാറുകൾ പുറത്തിറക്കി. 2022 മെയ് മാസത്തിൽ സിറ്റി e:HEV -ലൂടെയാണ് ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഹോണ്ടയുടെ പ്രതിബദ്ധതയുടെ തെളിവാണിത്.
ഹോണ്ട ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. കമ്പനിക്ക് ഇപ്പോൾ ഇന്ത്യൻ റോഡുകളിൽ 50,000 ഹോണ്ട സെൻസിംഗ് എഡിഎഎസ് ഫീച്ചർ സജ്ജീകരിച്ച കാറുകൾ ഉണ്ട്. 2022 മെയ് മാസത്തിലാണ് സിറ്റി e:HEV -യിലൂടെ ഹോണ്ട ആദ്യമായി ഹോണ്ട സെൻസിംഗ് എഡിഎഎസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. അതിനുശേഷം കമ്പനി എഡിഎഎസ് സാങ്കേതികവിദ്യ തുടർച്ചയായി വികസിപ്പിച്ചു. ഈ സാങ്കേതികവിദ്യ ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഇപ്പോൾ വൻ ജനപ്രിയമായി മാറിയിരിക്കുകയാണ്.
ഹോണ്ട ഇന്ത്യ പല സെഗ്‌മെന്റുകളിലും എഡിഎഎസ് സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകളിൽ എഡിഎഎസ് അവതരിപ്പിച്ച ആദ്യത്തെ കമ്പനിയും ഹോണ്ടയാണ്. 2023-ൽ ഹോണ്ട സിറ്റിയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. ഹോണ്ട സിറ്റി വാങ്ങുന്നവരിൽ 95 ശതമാനം പേരും എഡിഎഎസ് സജ്ജമായ വകഭേദങ്ങൾ തിരഞ്ഞെടുക്കുന്നു. എലിവേറ്റിൽ 60 ശതമാനവും അമേസ് വാങ്ങുന്നവരിൽ 30 ശതമാനവും എഡിഎഎസ് സജ്ജമായ വകഭേദങ്ങൾ തിരഞ്ഞെടുക്കുന്നു എന്നും കമ്പനി പറയുന്നു.
ഹോണ്ട സെൻസിംഗ് ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യയാണ്. ഇത് ഉയർന്ന പ്രകടനമുള്ള ഫ്രണ്ട് വൈഡ്-വ്യൂ ക്യാമറ ഉപയോഗിച്ച് മുന്നിലുള്ള റോഡ് സ്‍കാൻ ചെയ്ത് റോഡ് ലൈനുകൾ, റോഡ് അതിരുകൾ എന്നിവ തിരിച്ചറിയുകയും മറ്റ് വസ്തുക്കൾ കണ്ടെത്തുകയും ചെയ്യുന്നതിന് ദൂരവ്യാപകമായ ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കുന്നു. അപകട സാധ്യത കുറയ്ക്കുന്നതിന് ഈ സിസ്റ്റം ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയും ചില സന്ദർഭങ്ങളിൽ, കൂട്ടിയിടിയുടെ തീവ്രത ഒഴിവാക്കാനോ കുറയ്ക്കാനോ ഇടപെടുകയും ചെയ്യുന്നു. കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (CMBS), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ (RDM), ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം (LKAS), ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ (LCDN), ഓട്ടോ ഹൈ-ബീം (AHB) എന്നിവയാണ് ഹോണ്ട സെൻസിംഗിന്റെ സിഗ്നേച്ചർ സവിശേഷതകൾ.
ഈ നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ച ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബഹൽ ഹോണ്ട കാർസ് ഇന്ത്യയുടെ എല്ലാ കാര്യങ്ങളിലും സുരക്ഷയാണ് കാതലായ ഘടകം എന്ന് വ്യക്തമാക്കി. ഇന്ത്യൻ റോഡുകളിൽ 50,000 എഡിഎഎസ് കാറുകൾ എന്ന നാഴികക്കല്ല് കൈവരിക്കുന്നത് എല്ലാവർക്കും സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

