ഇന്ത്യയിൽ സിഎൻജി വാഹനങ്ങളുടെ വിൽപ്പനയിൽ വൻ വർധനവ് ഉണ്ടാകാൻ സാധ്യത. കുറഞ്ഞ ചിലവും, ഫില്ലിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിച്ചതും പ്രധാന കാരണങ്ങളാണ്. 2025 ഓടെ സിഎൻജി വാഹനങ്ങളുടെ എണ്ണം 75 ലക്ഷം കടക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വരും മാസങ്ങളിൽ ഇന്ത്യയിൽ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വാഹനങ്ങളുടെ വിൽപ്പനയിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്ന് റിപ്പോട്ട്. ശുദ്ധ ഇന്ധനങ്ങൾക്കായുള്ള ഇന്ത്യൻ സർക്കാരിന്റെ പ്രേരണയും രാജ്യത്തുടനീളം സിഎൻജി ഫില്ലിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വിപുലീകരണവും മൂലം 2024-25 സാമ്പത്തിക വർഷം അവസാനത്തോടെ രാജ്യത്ത് സിഎൻജി വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന ഒരുലക്ഷം യൂണിറ്റിൽ എത്തുമെന്ന് ക്രിസിൽ റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യയിലെ സിഎൻജി വാഹനങ്ങളുടെ എണ്ണം 75 ലക്ഷമായി ഉയർത്തും. ഇത് 2016 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 26 ലക്ഷത്തിൽ നിന്ന് മൂന്നിരട്ടി വർദ്ധനവാണ്. കൂടാതെ, ഇന്ത്യയിലെ സിഎൻജി വാഹനങ്ങളുടെ 12 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കും (സിഎജിആർ) ഇത് അടയാളപ്പെടുത്തും.
ഇന്ത്യയിലുടനീളമുള്ള സിഎൻജി ഫില്ലിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെട്ടതാണ് സിഎൻജി വാഹന സ്വീകാര്യതയിലെ ഈ പ്രതീക്ഷിത വളർച്ചയ്ക്ക് പ്രധാന കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക വർഷം അവസാനത്തോടെ സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകളുടെ എണ്ണം 7,400 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. 2016 സാമ്പത്തിക വർഷത്തിൽ ഇത് വെറും 1,081 ആയിരുന്നു. ഇന്ത്യയിൽ ഉടനീളമുള്ള സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകളുടെ വളർച്ച 2016 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ ഏകദേശം 24 ശതമാനം സിഎജിആർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ഉടനീളമുള്ള സിഎൻജി ഫില്ലിംഗ് സ്റ്റേഷനുകളുടെ വ്യാപനം ഫില്ലിംഗ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും കാരണമായതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ഇതിനുപുറമെ, മുമ്പത്തെ ഒറ്റ അക്ക ഓപ്ഷനുകളെ അപേക്ഷിച്ച് 30-ലധികം സിഎൻജി പാസഞ്ചർ വാഹന മോഡലുകളുടെ ലഭ്യത വർദ്ധിച്ചതും വിൽപ്പന നിരക്കിനെ കൂടുതൽ വർദ്ധിപ്പിച്ചു. വാണിജ്യ വാഹന വിഭാഗത്തിലും സിഎൻജി വിൽപ്പനയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സിഎൻജി വേരിയന്റുകൾ അവതരിപ്പിച്ചതോടെ ഇരുചക്ര വാഹന വിഭാഗം നിലവിൽ വളർച്ച കൈവരിക്കുന്നു. അതേസമയം 28-29 ശതമാനം വളർച്ചാ നിരക്കുള്ള ത്രീ-വീലർ സെഗ്‌മെന്റ് ഇലക്ട്രിക് വാഹനങ്ങളിൽ (ഇവി) നിന്ന് മത്സരത്തെ നേരിടുന്നു.
അതേസമയം ശക്തമായ വളർച്ച ഉണ്ടായിരുന്നിട്ടും, സിഎൻജി അടിസ്ഥാന സൗകര്യങ്ങളുടെ ദീർഘകാല വികസനത്തിനും സ്വീകാര്യതയ്ക്കും തടസ്സമാകുന്ന ചില വെല്ലുവിളികൾ ക്രിസിൽ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. സിഎൻജി വില വർദ്ധനവും ഇലക്ട്രിക് മൊബിലിറ്റി, ഹൈബ്രിഡ് സാങ്കേതികവിദ്യകൾ തുടങ്ങിയ ബദൽ ഇന്ധനങ്ങളിൽ നിന്നുള്ള മത്സരവും പഠനം ചൂണ്ടിക്കാട്ടുന്നു.

