ഏഥർ, ഓല, ടിവിഎസ്, ഹീറോ എന്നിവയിൽ നിന്ന് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയവർക്ക് ചാർജറിന്റെ റീഫണ്ട് ലഭിക്കും. 2023 മാർച്ചിന് മുമ്പ് വാങ്ങിയവർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. അപേക്ഷിക്കാൻ 2025 ഏപ്രിൽ വരെ സമയമുണ്ട്.
നിങ്ങൾക്ക് ഏഥർ, ഓല, ടിവിഎസ് അല്ലെങ്കിൽ ഹീറോ ഇലക്ട്രിക്ക് തുടങ്ങിയ കമ്പനികളുടെ ഒരു ഇലക്ട്രിക് സ്‍കൂട്ടർ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ചാർജറിന് മുടക്കിയ പണം റീഫണ്ട് ലഭിക്കും. സ്‍കൂട്ടർ വാങ്ങുമ്പോൾ ചാർജറിനായി പ്രത്യേകം പണം നൽകിയ സ്‍കൂട്ടർ ഉടമകൾക്കാണ് കമ്പനി റീഫണ്ട് നൽകുന്നത്. ഏതാനും ആഴ്ചകളായി, ഈ കമ്പനികൾ ചാർജർ റീഫണ്ടുകൾ സംബന്ധിച്ച് പൊതു അറിയിപ്പുകൾ പുറപ്പെടുവിക്കുന്നു. 2023 മാർച്ചിന് മുമ്പ് നിങ്ങൾ ഏതർ, ഒല, ടിവിഎസ് അല്ലെങ്കിൽ ഹീറോ എന്നിവയിൽ നിന്ന് ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് മുഴുവൻ റീഫണ്ടിനും അർഹതയുണ്ട്. 2023 ജൂൺ മാസത്തിൽ ആണ് ഈ റീഫണ്ട് നടപടികൾ ആരംഭിച്ചത്. ഇതുവരെ, ബാധിതരായ 90 ശതമാനം ഉപഭോക്താക്കളും റീഫണ്ട് ക്ലെയിം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോട്ടുകൾ. നിങ്ങൾ റീഫണ്ടിന് അർഹത ഉള്ളവരാണെങ്കിൽ, ഇപ്പോൾ വൈകരുത്. പൊതു അറിയിപ്പ് അനുസരിച്ച്, റീഫണ്ട് സ്‍കീമിന് 2025 ഏപ്രിൽ മാസം വരെ മാത്രമാണ് സാധുത ഉള്ളത്.
എന്താണ് ചെയ്യേണ്ടത്?
ചാർജറിൻ്റെ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന്, നിങ്ങൾ മൂന്ന് ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്:
1- ആദ്യം നിങ്ങൾ ഒരു ഇലക്ട്രിക് സ്‍കൂട്ടർ വാങ്ങിയതിന് ബില്ലിനൊപ്പം തെളിവ് നൽകുക.
2- റദ്ദാക്കിയ ചെക്കിനൊപ്പം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പങ്കിടുക.
3- ഇമെയിൽ വഴിയോ അവരുടെ ഷോറൂം സന്ദർശിച്ചോ കമ്പനിയുമായി ബന്ധപ്പെടുക.
റീഫണ്ടിനു പിന്നിലെ കാരണം
ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) സർട്ടിഫിക്കേഷൻ അനുസരിച്ച്, ചാർജർ ഒരു ഇലക്ട്രിക് വാഹനത്തിന്റെ (ഇവി) അനിവാര്യ ഘടകമാണ്. ഇത് വാഹനത്തിന്റെ സുരക്ഷയും അനുയോജ്യതയും ഉറപ്പാക്കുന്നു. അനുയോജ്യമായ ചാർജർ ഇല്ലാതെ ഒരു ഇവി വിൽക്കുന്നത് സുരക്ഷാ അപകടങ്ങൾക്ക് കാരണമാകാം അല്ലെങ്കിൽ വാഹനത്തിന് കേടുപാടുകൾക്കും കാരണമാകാം.
ഫെയിം II (ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ്) സബ്‌സിഡി നയത്തിന് കീഴിൽ, 1.5 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് സബ്‌സിഡിക്ക് അർഹതയില്ല. എങ്കിലും, ഫെയിം (FAME) നയത്തിൽ ചാർജറുകൾ വ്യക്തമായി പരാമർശിച്ചിരുന്നില്ല. സബ്‌സിഡി പരിധിക്കുള്ളിൽ സ്‌കൂട്ടർ വില കൊണ്ടുവരാൻ, നിർമ്മാതാക്കൾ ചാർജറിന് അധിക നിരക്ക് ഈടാക്കാൻ തുടങ്ങി. അതിനാൽ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കാതെ വന്നു. ഇതോടെ വാഹനത്തിൻ്റെ അവശ്യ ഘടകങ്ങളായതിനാൽ ചാർജറുകൾക്ക് പണം വേറെ ഈടാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ പിന്നീട് വ്യക്തമാക്കി. ഈ നിർദ്ദേശം പാലിക്കുന്നതിനായി, ചാർജറിനായി പ്രത്യേകം പണം നൽകേണ്ട എല്ലാ ഉപഭോക്താക്കൾക്കും പണം തിരികെ നൽകാൻ ഒടുവിൽ കമ്പനികൾ സമ്മതിക്കുകയായിരുന്നു.
എന്തിനാണ് ഇപ്പോൾ നോട്ടീസ് നൽകുന്നത്?
റീഫണ്ട് നടപടികൾ ആരംഭിച്ച് ഒന്നര വർഷത്തിലേറെയായി ഈ അറിയിപ്പുകൾ ഇപ്പോൾ വരുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എസ്എംഎസുകൾ, ഇമെയിലുകൾ, വാട്ട്‌സ്ആപ്പ് അറിയിപ്പുകൾ, വെബ്‌സൈറ്റുകളിലെയും സോഷ്യൽ മീഡിയകളിലെയും പൊതു അറിയിപ്പുകൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ ചാനലുകളിലൂടെ ഇതിനകം തന്നെ പ്രശ്‍നബാധിതരായ ഉപഭോക്താക്കൾക്ക് നിരവധി ഓർമ്മപ്പെടുത്തലുകൾ അയച്ചിട്ടുണ്ടെന്ന് കമ്പനികൾ അവകാശപ്പെടുന്നു. എന്നിട്ടും ചില ഉപഭോക്താക്കൾ പ്രതികരിക്കുകയോ അവരുടെ റീഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്തിട്ടില്ല. ഈ റീഫണ്ട് നടപടികൾ അവസാനിപ്പിക്കാൻ കമ്പനികൾ പത്രങ്ങളിൽ പൊതു അറിയിപ്പുകൾ നൽകണമെന്ന് ഘനവ്യവസായ മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഈ പ്രക്രിയ അവസാനിപ്പിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നത്.

