കൊറോണ വൈറസ് പടരുന്നത് തടയാൻ 21 ദിവസത്തേക്ക് രാജ്യം അടച്ചിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെല്ലാം ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് റദ്ദാക്കി. പെട്ടെന്നുള്ള തീരുമാനത്തോടെ ആയിരക്കണക്കിന് ആളുകൾ പലയിടങ്ങളിലായി കുടുങ്ങി. 

ദില്ലിയിലുള്ള ദൈനംദിന ജോലി നഷ്ടപ്പെട്ട ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയാണ് ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതൽ ബാധിച്ചത്. പൊതുഗതാഗത സംവിധാനവും നിലച്ചതിനാൽ, കുടിയേറ്റ തൊഴിലാളികൾ നൂറും ആയിരവും കിലോമീറ്ററുകൾ അപ്പുറമുള്ള സ്വന്തം വീടുകളിൽ എത്തിച്ചേരാന്‍ നടന്നു നീങ്ങുന്നത് അടുത്തിടെ പതിവു കാഴ്‍ചയാണ്. 

എന്നാല്‍ ബീഹാറികളായ മൂന്ന് തൊഴിലാളികള്‍ ദില്ലിയില്‍ നിന്നും സ്വന്തം നാട്ടിലെത്താല്‍ സ്വീകരിച്ച ഒരു മാര്‍ഗ്ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂട്ടർ എഞ്ചിൻ ഉപയോഗിച്ച് ഒരു ട്രോളിയെ താൽക്കാലിക വാഹനമാക്കി മാറ്റിയിരിക്കുകയാണ് ഇവര്‍. സ്‍കൂട്ടറിന്റെ എൻജിൻ ഘടിപ്പിച്ച് 'ട്രോളി'യിൽ ദില്ലിയിൽ നിന്നും ബിഹാറിലെ മധുബാനി വരെ ഏകദേശം 1200 കിലോമീറ്ററാണ് ഇവർ സഞ്ചരിക്കാൻ ശ്രമിച്ചത്. 

വടക്കേ ഇന്ത്യയിൽ കാണുന്ന തരത്തിലുള്ള എൻജിൻ ഘടിപ്പിച്ച സൈക്കിൾ ട്രോളിയാണ് ഇവർ ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ ഉത്തർപ്രദേശിൽ വച്ച് ഇവരെ പൊലീസ് തടഞ്ഞു. അപ്പോഴേക്കും ഇവര്‍ 800 കിലോമീറ്ററോളം ഇങ്ങനെ സഞ്ചരിച്ച് കഴിഞ്ഞിരുന്നു. ദില്ലിയിൽ നിന്നും ഏകദേശം 800 കിലോമീറ്റർ അകലെയുള്ള ചാൻദൗലി ജില്ലയിൽ വച്ചാണ് ഇവരെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പൊലീസ് പകർത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മൂവരുടെയും കഥ കേട്ട് പൊലീസ് ഞെട്ടി. തങ്ങളുടെ കൈവശമുണ്ടായിരുന്ന പണമെല്ലാം തീർന്നെന്നും നാട്ടിലെത്താൻ വേറെ മാർഗ്ഗങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുമാണ് ഇങ്ങനൊരു ഉദ്യമത്തിന് മുതിർന്നതെന്നും ഇവര്‍ പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് വാഹനമോടിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. 

ചാൻദൗലിയില്‍ നിന്നും ഏകദേശം 350 ൽ അധികം കിലോമീറ്റർ വീണ്ടും സഞ്ചരിച്ചാൽ മാത്രമേ ഇവരുടെ സ്വദേശത്ത് എത്താൻ സാധിക്കുകയുള്ളൂ. അതോടെ ഇവരുടെ ആരോഗ്യനില അന്വേഷിച്ച പൊലീസ് ആവശ്യത്ത് ഭക്ഷണവും വെള്ളവുമുണ്ടോ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. വിശ്രമിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച പൊലീസുകാരോട് യാത്ര തുടരാന്‍ അനുവദിക്കണം എന്നായിരുന്നു ഇവരുടെ അഭ്യര്‍ത്ഥന. തുടർന്ന് ഭക്ഷണം നൽകി, മെഡിക്കൽ ടീമുകള്‍ പരിശോധിച്ച ശേഷം ഇവരെ  യാത്ര തുടരാൻ പൊലീസ് അനുവദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.