രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടാറ്റാ മോട്ടോഴ്‌സിന്‍റെ പുതു തലമുറ സെഡാനായ ടിഗോറിന്‍റെ പരീക്ഷണ ഓട്ടം നടത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ ചിത്രങ്ങള്‍ പുറത്ത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ ടിഗോര്‍ ഫെയ്‌സ്‍ലിഫ്റ്റിനെ ടാറ്റ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഇന്ന് ലഭിക്കുന്നതില്‍ ഏറ്റവും വില കുറഞ്ഞ സെഡാനാണ് ടിഗോര്‍. നിരവധി മാറ്റങ്ങള്‍ പുതിയ ഫെയസ്‌ലിഫ്റ്റ് പതിപ്പില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്ത് വരുന്ന ചിത്രങ്ങളില്‍ നിന്ന് അത് മനസ്സിലാക്കാനും സാധിക്കും. ആദ്യ കാഴ്ചയില്‍ ഒരു അഗ്രസീവ് രൂപമാണ് ടിഗോറിന് ലഭിക്കുക. പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് അടുത്തിടെ ടാറ്റ അവതരിപ്പിച്ച അള്‍ട്രോസിന്‍റെ അതേ ശൈലിയില്‍ തന്നെയാണ് വാഹനത്തിന്‍റെ മുന്‍ഭാഗത്തെ ഡിസൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഡിസൈനില്‍ ഉള്ള ഗ്രില്ലും ഹെഡ്‌ലാമ്പുകളുമാണ് പുത്തന്‍ ടിഗോറില്‍. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനവും മാറിയിട്ടുണ്ട്. ക്രോമിന്റെ സാന്നിധ്യം ഗ്രില്ലില്‍ ഇല്ലെന്നതും മറ്റൊരു സവിശേഷതയാണ്. ഹാരിയറിലേതു പോലെ ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാകും വാഹനത്തിനും ലഭിക്കുക. പുതിയ എയര്‍ഡാനമുകള്‍ക്കൊപ്പം മുന്നിലെയും പിന്നിലെയും ബമ്പറുകളിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം അകത്തളത്തിലെ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമല്ല. എങ്കിലും പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഡീസല്‍ പതിപ്പുകള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഉണ്ടായിരിക്കില്ലെന്നാണ് സൂചന. നിലവില്‍ രണ്ട് എഞ്ചിന്‍ വകഭേദങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 84 bhp കരുത്തും 114 Nm torque ഉം നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 70 bhp കരുത്തും 140 Nm torque ഉം നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ടിഗോര്‍ വിപണിയിലുള്ളത്.

രണ്ടിലും അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍. സിറ്റി, ഇക്കോ എന്നിങ്ങനെ രണ്ട് മോഡുകളും വാഹനത്തില്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 23.84 കിലോമീറ്റര്‍ മൈലേജും ഡീസല്‍ എഞ്ചിന്‍ 27.28 കിലോമീറ്റര്‍ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

2017ലാണ് ടിഗോറിനെ ടാറ്റ അവതരിപ്പിക്കുന്നത്. ടിയാഗോയെ അടിസ്ഥാനമാക്കിയാണ് ടിഗോറിനെ രൂപപ്പെടുത്തിയത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈനില്‍ പുറത്തിറങ്ങുന്ന മൂന്നാമനാണ് ടിഗോര്‍. 2018ല്‍ ടിഗോറിന്റെ പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2020 ജനുവരി മുതല്‍ ടാറ്റ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതിനുസരിച്ച് ടിഗോറിന്റെ വിലയിലും മാറ്റമുണ്ടാകും.