Asianet News MalayalamAsianet News Malayalam

കാലം മാറുന്നു, ഇന്ത്യയും! ഈ മേക്ക് ഇൻ ഇന്ത്യ എസ്‌യുവി ജപ്പാനിലേക്ക്!

മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഈ വർഷം തന്നെ ഈ എസ്‌യുവി ജപ്പാനിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ ചരിത്ര നേട്ടം ഇന്ത്യൻ ഉൽപ്പാദനത്തിൻ്റെ വർദ്ധിച്ചുവരുന്ന ശക്തിയെയും ആഗോള വ്യാപനത്തെയും അടയാളപ്പെടുത്തുന്നു.

Times are changing, so is India, Maruti Suzuki ships 1600 Fronx SUVs to Japan
Author
First Published Aug 14, 2024, 11:43 AM IST | Last Updated Aug 14, 2024, 11:48 AM IST

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജപ്പാനിലേക്ക് 'മെയ്ഡ്-ഇൻ-ഇന്ത്യ' എസ്‌യുവി ഫ്രോങ്ക്സിനെ കയറ്റുമതി ചെയ്യാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. ജപ്പാനിൽ അവതരിപ്പിക്കുന്ന മാരുതി സുസുക്കിയുടെ ആദ്യ എസ്‌യുവിയാണ് ഫ്രോങ്ക്സ്. മാരുതി സുസുക്കിയുടെ അത്യാധുനിക ഗുജറാത്ത് പ്ലാൻ്റിൽ മാത്രമാണ് ഫ്രോങ്ക്സ് നിർമ്മിക്കുന്നതെന്ന് കമ്പനി അറിയിച്ചു. തുടക്കത്തിൽ, ജപ്പാനിലേക്കുള്ള 1,600-ലധികം ഫ്രോങ്ക്സ് എസ്‌യുവികളുടെ ആദ്യ ലോഡ് ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് ജപ്പാനിലേക്ക് പുറപ്പെട്ടു.

ബലെനോയ്ക്ക് ശേഷം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കിയുടെ രണ്ടാമത്തെ മോഡലാണ് ഫ്രോങ്ക്സ്. മാരുതി സുസുക്കിയുടെ മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷൻ ഈ വർഷം തന്നെ ഈ എസ്‌യുവി ജപ്പാനിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ ചരിത്ര നേട്ടം ഇന്ത്യൻ ഉൽപ്പാദനത്തിൻ്റെ വർദ്ധിച്ചുവരുന്ന ശക്തിയെയും ആഗോള വ്യാപനത്തെയും അടയാളപ്പെടുത്തുന്നു.

ജപ്പാനിലെ റോഡുകളിൽ തങ്ങളുടെ ‘മെയ്ഡ്-ഇൻ-ഇന്ത്യ’ ഫ്രോങ്ക്സ് ഉടൻ കാണുമെന്ന് പറയുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ഫ്രോങ്‌ക്‌സിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഇത് ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ളതും നൂതനവുമായ ഓട്ടോമൊബൈൽ വിപണികളിലൊന്നാണെന്നും ജാപ്പനീസ് ഉപഭോക്താക്കൾ ഇത് നന്നായി സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും മാരുതി സുസുക്കിയുടെ ഈ നേട്ടത്തെ പ്രശംസിച്ചു. കാലം മാറുകയാണ്, മാരുതി സുസുക്കിയുടെ 1600-ലധികം 'മെയ്ഡ് ഇൻ ഇന്ത്യ' എസ്‌യുവികൾ ആദ്യമായി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത് അഭിമാന നിമിഷമാണെന്ന് പിയൂഷ് ഗോയൽ സോഷ്യൽ മീഡിയയിലെ തൻ്റെ പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, പ്രാദേശിക തലത്തിൽ ലോകോത്തര നിലവാരമുള്ള ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യൻ ഉൽപ്പാദന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി നയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, 'ബ്രാൻഡ് ഇന്ത്യ' ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പേരാകാൻ സഹായിച്ചു.

മാരുതി ഫ്രോങ്ക്സ് 
കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി ഫ്രോങ്‌സിനെ  കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 7.51 ലക്ഷം രൂപ മുതൽ 13.04 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വരുന്ന 6 വേരിയൻ്റുകളിൽ ഈ എസ്‌യുവി വരുന്നു. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് എത്തുന്നത്. ഇതിൽ 1.0 ടർബോ-പെട്രോൾ, 1.2 പെട്രോൾ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകൾ ഉൾപ്പെടുന്നു. 1.2 ലിറ്റർ പെട്രോൾ വേരിയൻ്റ് ലിറ്ററിന് 21.79 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, അതിൻ്റെ 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയൻ്റ് ലിറ്ററിന് 21.5 കിലോമീറ്റർ വരെയും ഓട്ടോമാറ്റിക് വേരിയൻ്റ് ലിറ്ററിന് 20.01 കിലോമീറ്റർ വരെയും മൈലേജ് നൽകുന്നു.

ഡ്യുവൽ ടോൺ തീമിലാണ് കമ്പനി ഈ എസ്‌യുവിയുടെ ഇൻ്റീരിയർ. തുകൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ക്രോം ഇൻ്റീരിയർ ഡോർ ഹാൻഡിലുകൾ, പ്രീമിയം ഫാബ്രിക് സീറ്റ് ബെൽറ്റുകൾ, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ്, റിയർ പാഴ്സൽ ട്രേ, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്ട്ഡോർ റിയർ വ്യൂ മിററുകൾ (ORVM), എൻട്രി പോലുള്ള കീലെസ് ഫീച്ചറുകൾ ലഭ്യമാണ്.

ഇതുകൂടാതെ, ക്രമീകരിക്കാവുന്ന ഡ്രൈവിംഗ് സീറ്റ്, പവർ വിൻഡോകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ നിരയിലെ എസി വെൻ്റുക, ഡെൽറ്റ വേരിയൻ്റിന് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വോയ്‌സ് അസിസ്റ്റൻ്റ് ഫീച്ചർ, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, 4-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, സ്റ്റിയറിംഗ് വീൽ മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകൾ ഫ്രോങ്ക്സിൽ ലഭ്യമാണ്.

2023 ഏപ്രിലിൽ ലോഞ്ച് ചെയ്‌തത് മുതൽ മാരുതി സുസുക്കി ഫ്രോങ്‌ക്‌സ് മികച്ച വിൽപ്പന നേടുന്നു.  ഏകദേശം 14 മാസംകൊണ്ട് ഈ കോംപാക്റ്റ് ക്രോസോവർ 1.5 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ല് കൈവരിച്ചു. ബലേനോ ഹാച്ച്ബാക്കിന് ശേഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ നെക്സ മോഡലായി ഇത് മാറി. 2024 ഏപ്രിലിൽ, മാരുതി ഫ്രോങ്‌സ് ബലേനോയെ മറികടന്ന് 14,286 യൂണിറ്റ് വിൽപ്പനയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്‌സ കാറായി മാറിയിരുന്നു.

2025-ൽ മാരുതി ഫ്രോങ്‌ക്‌സിന് അതിൻ്റെ ആദ്യത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമെന്ന് മാരുതി സുസുക്കി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അപ്‌ഡേറ്റിൽ  ഈ കോംപാക്റ്റ് ക്രോസ്ഓവറിന് മാരുതി സുസുക്കിയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും. എച്ച്ഇവി എന്ന കോഡ് നാമത്തിലാണ് പുതിയ വാഹനം വികസിപ്പിക്കുന്നത്. മാരുതി ഗ്രാൻഡ് വിറ്റാരയിലും ഇൻവിക്ടോയിലും ഉപയോഗിക്കുന്ന ടൊയോട്ടയുടെ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ ഇത് വളരെ ചെലവുകുറഞ്ഞതായിരിക്കും.

നാലാം തലമുറ സ്വിഫ്റ്റിൽ അടുത്തിടെ അരങ്ങേറ്റം കുറിച്ച പുതിയ 1.2 എൽ, 3-സിലിണ്ടർ പെട്രോൾ എഞ്ചിനുമായി 2025 മാരുതി ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റും വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . മാരുതി സുസുക്കിയുടെ പുതിയ ഹൈബ്രിഡ് സിസ്റ്റത്തിൻ്റെ വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. എങ്കിലും 1.2L പെട്രോൾ എഞ്ചിൻ, 1.5kWh മുതൽ 2kWh വരെ ശേഷിയുള്ള ബാറ്ററി പാക്ക്, ഒരു ഇലക്ട്രിക് മോട്ടോർ എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios