തിരുവനന്തപുരം: താല്‍ക്കാലികമായി സര്‍വ്വീസ് അവസാനിപ്പിക്കാനുള്ള ജി ഫോം പൂരിപ്പിച്ചു നല്‍കി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. ലോക്ക് ഡൗണ്‍ കഴിഞ്ഞ് നിരത്തില്‍ ഇറങ്ങേണ്ടി വരുമ്പോഴുള്ള നഷ്‍ടം ഒഴിവാക്കാനാണ് ബസുടമകളുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗതവകുപ്പിന്റെ അനുമതിയോടെ ബസുകള്‍ കയറ്റിയിടുന്നതിനുള്ള ജി ഫോം അപേക്ഷയാണ് ഉടമകള്‍ നല്‍കിത്തുടങ്ങിയത്. 

സംസ്ഥാനത്ത് 12,000ഓളം സ്വകാര്യബസുകളാണുള്ളത്.  ഇപ്പോള്‍ത്തന്നെ 5000ത്തില്‍ അധികം ഉടമകല്‍ ജി ഫോം അപേക്ഷകള്‍ നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓഫീസുകളുടെ മുന്നില്‍ വെച്ചിരിക്കുന്ന പെട്ടികളില്‍ അപേക്ഷയും പണമടച്ചതിന്റെ രേഖയും കൊണ്ടിടുകയാണ് ഉടമകള്‍.

ജി ഫോം നല്‍കിയാല്‍ മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകള്‍ സര്‍വ്വീസ് നടത്താതെ കയറ്റിയിടാം. ഒരിക്കല്‍ കയറ്റിയിട്ടുകഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. 

ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും എന്നതിനാലാണ് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്താനുള്ള ഉടമകളുടെ നീക്കം.  സധാരണയായി ശരാശരി 70 യാത്രക്കാരെ വരെ ബസുകളില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഈ പതിവ് അനുവദിക്കാനുള്ള സാധ്യത കുറവാണ്. 

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖകള്‍ ഇക്കാര്യത്തില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീറ്റ് ശേഷിയുടെ പകുതിപേരെ മാത്രമേ ബസുകളില്‍ അനുവദിക്കാന്‍ സാധ്യതയുള്ളൂ. നിന്നുകൊണ്ടുള്ള യാത്രയ്ക്കും വിലക്ക് വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ ബസുകള്‍ ഓടിച്ചാല്‍ നഷ്‍ടം കൂടും എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ക്ഷേമനിധിയില്‍നിന്ന് ബസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ക്ഷേമനിധിയില്‍ അംഗമല്ലാത്ത ജീവനക്കാരുടെ എണ്ണം കൂടുതലാണ്.  

നഷ്ടം വരാതെ ബസ് സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തില്‍ ഒരു പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് കയറ്റിയിടുന്നതെന്നാണ് ഉടമകള്‍ പറയുന്നത്. പാക്കേജ് പ്രഖ്യാപിച്ചാല്‍ ജി ഫോം പിന്‍വലിച്ച് സര്‍വീസ് നടത്താം എന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.