തുടരെത്തുടരെയുള്ള നിയമലംഘനങ്ങളിലൂടെ അടുത്തകാലത്ത് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളും കോണ്ട്രാക്ട് കാര്യേജ് ബസുകളുമൊക്കെ വില്ലന്‍വേഷത്തിലാണ്. സ്‍കൂളിലെ വിനോദ യാത്രക്കിടെ ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഇത്തരം ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്. ചെവി പൊട്ടുന്ന ശബ്‍ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ടുവരുമ്പോള്‍ അതിനെയൊക്കെ പരസ്യമായി വെല്ലുവിളിക്കുന്ന ബസുടമകളെയും അടുത്തിടെ കണ്ടുവരുന്നുണ്ട്.  

ബസുടമകള്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇത്തരം കോപ്രായങ്ങളുടെയൊക്കെ പിന്നില്‍. എന്തുചെയ്‍തും ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രത്തിന്‍റെ ഭാഗമാണ് ഇത്തരം പല നിയമലംഘനങ്ങളും. പലപ്പോഴും ബസുടമകളുടെ ഈ ലാഭക്കൊതിയുടെ പേരില്‍ ഉടമകളെക്കാള്‍ ഏറെ പഴി കേള്‍ക്കുന്നത് പാവപ്പെട്ടവരായ ബസ് തൊഴിലാളികളായിരിക്കും എന്നതാണ് മറ്റൊരു കൗതുകം. 

ടൂറിസ്റ്റ് ബസുടമകളുടെ ഈ അനാരോഗ്യമത്സരം കാരണം അടുത്തിടെ ഒരു ഡ്രൈവര്‍ക്ക് തന്‍റെ ജീവന്‍ തന്നെ നഷ്‍ടമായിരിക്കുകയാണ്. ബസിലെ ലൈറ്റും ഫാനും നന്നാക്കുന്നതിനിടയിൽ ഡ്രൈവർ ഷോക്കേറ്റ് മരിച്ച സംഭവം നാട് ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ വ്യാഴാഴ്‍ച റാന്നിയിലായിരുന്നു സംഭവം. വൃന്ദാവനം പൊങ്ങനാ മണ്ണിൽ ബിനു രാജൻ( 48) ആണ് മരിച്ചത്. 

ഇട്ടിയപ്പാറ റോഡിനോട് ചേർന്നുള്ള വിസ്‍മയ ബസിന്റെ ഷെഡിൽ വെച്ചായിരുന്നു അപകടം. ബസില്‍ സഹായിക്കൊപ്പം പണിയെടുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ബിനു രാജന്റെ ഇടത് കൈവിരലിലും നെഞ്ചിലുമെല്ലാം പൊള്ളലേറ്റ പാടുകളുണ്ട്.

ബസിൽ നിന്ന് ഇത്തരത്തിൽ ഷോക്കേറ്റുള്ള മരണം അപൂർവ്വമാണെന്നാണ് പൊലീസ് പറയുന്നത്.  ടൂറിസ്റ്റു ബസുകളുടെ മ്യൂസിക്ക് സിറ്റത്തിനും ടിവിയ്ക്കുമെല്ലാം വേണ്ടി വരുന്ന ഹൈവോള്‍ട്ടേജ് കറന്റിന് ഉപയോഗിക്കുന്ന ഇൻവെർട്ടറിൽ (എസി ഡിസി കൺവെർട്ടർ) നിന്ന് ഷോക്കേറ്റതാണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസി കറന്റ് ഇൻവേർട്ടറിലൂടെ എസിയാക്കി കൺവേർട്ട് ചെയ്യുമ്പോൾ വന്ന ഹൈവോൾട്ടേജ് വൈദ്യുതിയാണ് അപകട കാരണം.

ടിവിയും വലിയ മ്യൂസിക്ക് സിസ്റ്റവുമെല്ലാം ടൂറിസ്റ്റു ബസുകളിൽ ഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഇൻവേർട്ടറുകൾ ഘടിപ്പിക്കുന്നത്. നിയമപ്രകാരം മുൻകൂർ അനുമതിയില്ലാതെ ഇത്തരത്തിൽ ബസുകളിൽ ഇൻവേർട്ടറുകൾ ഉപയോഗിക്കാൻ സാധിക്കില്ല. അപകടമുണ്ടായ ബസിന് അനുമതി ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല.

എന്തായാലും ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ യാത്രികരുടെ മാത്രമല്ല തൊഴിലാളികളുടെ ജീവനും കൂടി അപകടത്തിലാഴ്‍ത്തുന്നത് ഒരേസമയം വേദനപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്.