ടൂറിസ്റ്റ് ബസുകളിലെ ഞെട്ടിപ്പിക്കുന്ന അഭ്യാസപ്രകടനം വീണ്ടും. വിനോദ യാത്രക്കിടെ ബസിന് മുകളില്‍ വച്ച് പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ചതാണ് വിവാദമായത്.  താമരശേരി  കോരങ്ങാട്  ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികള്‍ ബംഗലൂരിവിലേക്ക് നടത്തിയ വിനോദയാത്രക്കിടയിലാണ് സംഭവം.

സംഭവം വാർത്തയായതോടെ നിയമം ലംഘിച്ച സ്വകാര്യ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.  സംഭവത്തില്‍  കെ.എല്‍. 35 ഡി 5858 നമ്പര്‍ ടൂറിസ്റ്റ് ബസ് ചേവായൂരില്‍ വച്ച് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് താത്കാലികമായി റദ്ദാക്കിയതായും ഡ്രൈവര്‍ക്കെതിരേ നടപടിക്ക് കോഴിക്കോട് ആര്‍ടിഒക്ക് ശുപാര്‍ശ ചെയ്തതായും ബസ് പിടിച്ചെടുത്ത കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ വ്യക്തമാക്കി. 

"

വേഗത്തില്‍ തീ പിടിക്കുന്ന പെട്രോളിയം കെമിക്കൽ കൊണ്ടുള്ള സ്പ്രേ പെയിന്‍റ് ഉപയോഗിച്ചുളള ചിത്രങ്ങളും മറ്റും ഏറെയുളള ബസിനു മുകളില്ലാണ് പൂത്തിരി കത്തിക്കുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്നത്. എന്നാല്‍ ബസിനു മുകളില്‍ കയറി പൂത്തിരി കത്തിച്ചത് ആരെന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പൂത്തിരി കത്തിച്ചത് കുട്ടികളല്ലെന്നാണ് അധ്യാപകരുടെ വിശദീകരണം. ആഘോഷം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നെന്ന് ബസ് ജീവനക്കാരും പറയുന്നു


ടൂറിസ്റ്റ് ബസ്സുകളിൽ ഗ്രാഫിക്സ് പാടില്ലെന്നും കർട്ടൻ ഉപയോഗിക്കരുതെന്നുമാണ് നിയമം.  അലങ്കാര ലൈറ്റുകൾക്കൾക്കും നിയന്ത്രണം ഉണ്ട്. നിയമം ലംഘിച്ച ഹിറ ട്രാവൽസിന്‍റെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനത്തിന്‍റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം. അതേസമയം ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്താനായി ആരംഭിച്ച ഒപ്പറേഷൻ തണ്ടർ ശക്തമായി തുടരുമെന്ന്  ഗതാഗത മന്ത്രി പറഞ്ഞു.

അതിനിടെ, ഓപ്പറേഷൻ കർശനമാക്കരുതെന്ന് ആവശ്യപ്പെട്ട് ടൂറിസ്റ്റ് ബസ്സുടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ പിഴയാണ് ഗതാഗത വകുപ്പ് ചുമത്തുന്നതെന്നും ബസുടമകള്‍ പറഞ്ഞു.