കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടികളുമായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം).

ഇതിനായി വില്‍പ്പന, സര്‍വീസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ടൊയോട്ട ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ വാഹനം വാങ്ങാനും സര്‍വീസ് ചെയ്തുലഭിക്കാനുമുള്ള സൗകര്യമാണ് ഇതില്‍ പ്രധാനം.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഡീലര്‍ പങ്കാളികളുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു. ബിസിനസ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കും.

ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ വാഹനം വാങ്ങുന്നതിന് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവിധ മോഡലുകളുടെ 360 ഡിഗ്രി ഡിസ്‌പ്ലേ ഒരുക്കിയതായി കമ്പനി അറിയിച്ചു. ഓരോ വാഹനത്തിലും ഉപയോക്താവിന് ‘വിര്‍ച്വല്‍ ടൂര്‍’ നടത്താന്‍ കഴിയും. വാഹനങ്ങളുടെ വിവരം അറിയുന്നതിനും ടെസ്റ്റ് ഡ്രൈവ് ബുക്ക് ചെയ്യുന്നതിനും സര്‍വീസ് അപ്പോയന്റ്‌മെന്റ് എടുക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. വാഹനം വീട്ടില്‍നിന്ന് കൊണ്ടുപോയി സര്‍വീസ് ചെയ്തശേഷം തിരികെയെത്തിക്കും. വാഹനം വാങ്ങുമ്പോള്‍ വീട്ടില്‍ ഡെലിവറി ചെയ്യും.

കൊറോണ വൈറസിനെതിരെ വേണ്ട മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡീലര്‍ പങ്കാളികള്‍ക്കും കമ്പനി നിര്‍ദേശം നല്‍കി. വൈറസ് വ്യാപനം തടയുന്നതിന് ഡീലര്‍ഷിപ്പുകളിലെ എല്ലാ കസ്റ്റമര്‍ ടച്ച്‌പോയന്റുകളും അണുവിമുക്തമാക്കണമെന്നും നിര്‍ദേശിച്ചു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പ്ലാന്റിലെയും കോര്‍പ്പറേറ്റ് ഓഫീസിലെയും ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും കമ്പനി അറിയിച്ചു. വിരലടയാളം ഉപയോഗിച്ചുള്ള ബയോമെട്രിക് ഹാജര്‍ സംവിധാനം തല്‍ക്കാലം നിര്‍ത്തിവെച്ചു.