Asianet News MalayalamAsianet News Malayalam

ഇന്നോവയുടെ ചേട്ടന്മാരുടെ വില കുത്തനെ കൂട്ടി ടൊയോട്ട!

അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഈ മോഡലുകളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ്
ഇപ്പോള്‍ ടൊയോട്ട.

Toyota Camry Hybrid And Vellfire MPV
Author
Mumbai, First Published Jul 7, 2020, 2:12 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പ്രീമിയം സെഡാന്‍, എംപിവി ശ്രേണികളില്‍  എത്തിച്ച വാഹനങ്ങളാണ് കാംറി, വെല്‍ഫയര്‍ മോഡലുകള്‍. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ഈ മോഡലുകളുടെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍ ടൊയോട്ട.

ഈ മോഡലുകള്‍ക്ക് നാല് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ കാംറിക്ക് 1.14 ലക്ഷവും വെല്‍ഫയറിന് 4 ലക്ഷം രൂപയുമാണ് വില കൂടിയിരിക്കുന്നത്. 

ബിഎസ്-6 എന്‍ജിനിലെത്തിയ കാംറി ഹൈബ്രിഡിന് 37.88 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. പുതിയ വില അനുസരിച്ച് ഇത് 39.02 ആയും വെല്‍ഫയറിന്റെ എക്‌സ്‌ഷോറൂം വില 79.50 ലക്ഷത്തില്‍ നിന്ന് 83.50 ലക്ഷമായി ഉയരുകയും ചെയ്‍തിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്കിലുണ്ടായി വര്‍ധനവിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ നിബന്ധിതരായതെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. 

ഹൈബ്രിഡ് സെഡാന്‍ വാഹനമായ കാംറി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് നിരത്തുകളിലെത്തുന്നത്. അതേസമയം, ആഡംബര എംപിവി വാഹനമായ വെല്‍ഫയര്‍ പൂര്‍ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഇന്ത്യയിലെത്തുന്നത്. ഇരുവാഹനങ്ങളും ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ് ഇന്ത്യയിലെത്തുന്നത്. 

2019 ജനുവരിയിലാണ് എട്ടാം തലമുറ കാംറി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. കാംറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്‍റെ ബിഎസ് 6 പാലിക്കുന്ന പതിപ്പ് മെയ് മാസത്തിലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്നതാണ് ടൊയോട്ട കാമ്‌റിയുടെ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍. പെട്രോള്‍ എന്‍ജിന്‍ 178 പിഎസ് കരുത്തും 221 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 120 പിഎസ് കരുത്തും 202 എന്‍എം ടോര്‍ക്കുമാണ്. ആകെ പരമാവധി പവര്‍ ഔട്ട്പുട്ട് 218 പിഎസ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായ സിവിടി എന്‍ജിനുമായി ഘടിപ്പിച്ചു. ഇലക്ട്രിക് കരുത്തില്‍ മാത്രം അല്ലെങ്കില്‍ ഐസി എന്‍ജിനില്‍ മാത്രം അല്ലെങ്കില്‍ രണ്ടും ഉപയോഗിച്ചും സെഡാന്‍ ഡ്രൈവ് ചെയ്യാന്‍ കഴിയും. ഇക്കോ, നോര്‍മല്‍, പവര്‍ എന്നിവയാണ് മൂന്ന് ഡ്രൈവിംഗ് മോഡുകള്‍.

ടൊയോട്ടയുടെ പുതിയ തലമുറ വാഹനങ്ങൾ അടിസ്ഥാനപ്പെടുത്തിയ TNGA-K (ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോമിലാണ് കാംറിയും നിർമ്മിച്ചിരിക്കുന്നത്. ല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ലെക്സസ് മോഡലുകളിലേതിന് സമാനമായ വലിയ ഗ്രില്‍, വലിയ എയര്‍ഡാം, റീഡിസൈൻ ചെയ്ത ബമ്പർ എന്നിങ്ങനെ 2019 മോഡൽ കാംറിയിലെ മാറ്റങ്ങൾ ബിഎസ്6 പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ടൊയോട്ടയുടെ മറ്റൊരു ഹൈബ്രിഡ് മോഡലായ പ്രിയസിന് സമാനമായ ടെയ്ല്‍ലാമ്പ്, ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റ്, ഫൈവ് സ്പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് കാംറിയുടെ മറ്റുള്ള ആകർഷണങ്ങൾ.

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ 2020 ഫെബ്രുവരി 26-നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 79.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയോളം വരും വാഹനത്തിന്‍റെ ഓണ്‍റോഡ് വില. ഒരു മാസം 60 യൂണിറ്റാണ് ടൊയോട്ട ഇന്ത്യയ്ക്കായി അനുവദിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ആദ്യഘട്ടത്തില്‍ കേരളത്തിൽ ഈ വാഹനം സ്വന്തമാക്കിയത്. 

എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. മധ്യനിരയില്‍ പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

4,935 എംഎം നീളവും 1,850 എംഎം വീതിയും 1,935 എംഎം ഉയരവുമുണ്ട് വാഹനത്തിന്. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയറിന്റെ രണ്ടാമത്തെ നിരയിൽ വലുപ്പമുള്ള എക്സികൂട്ടിവ് ലോഞ്ച് സീറ്റുകൾ നൽകിയിരിക്കുന്നു. റിക്ലൈൻ ചെയ്യാൻ സാധിക്കുന്ന ബാക്ക് റസ്റ്റ്‌,  നീളവും ആംഗിളും ക്രമീകരിക്കാൻ കഴിയുന്ന ഇലക്ട്രിക് ലെഗ് റെസ്റ്റ് മുന്നിലേക്കും പിന്നിലേക്കും നീക്കാനുള്ള സൗകര്യം എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.  ആം റെസ്റ്റിൽ പ്രത്യേക കൺസോളും സജ്ജീകരിച്ചിരിക്കുന്നു.  ഒരു ബട്ടൺ അമർത്തിയാൽ മധ്യനിര സീറ്റുകൾ ഒരു പരിധിവരെ കിടക്കയായി മാറ്റാൻ കഴിയും. നിവർത്താനും മടക്കാനും കഴിയുന്ന പ്രത്യേകതരം ടേബിളുകളും വാഹനത്തിലുണ്ട്.

മികച്ച തുകൽ ഉപയോഗിച്ചുകൊണ്ടുള്ള അപ്ഹോൾസ്റ്ററി,  ത്രീ സോൺ എസി,  16 കളർ ആംബിയന്റ് റൂഫ് ഇല്യൂമിനേഷൻ, സൺ ബ്ലൈൻഡ്‌സ്,  മൂൺ റൂഫ്,  വി ഐ പി പേർസണൽ സ്പോട്ലൈറ്റ്സ്,  വൺ ടച് പവർ സ്ലൈഡ് സൈഡ് ഡോറുകൾ,  ഗ്രീൻ ടിന്റഡ് അകോസ്റ്റിക് ഗ്ലാസ്സുകൾ എന്നിവയും വെൽഫെയറിന്റെ ആഡംബത്തിന്റെ മാറ്റ് കൂട്ടുന്നു.

സ്മാർട്ട്‌ എൻട്രിയോടുകൂടിയുള്ള പുഷ് സ്റ്റാർട്ട്‌,  ബ്രേക്ക് ഹോൾടോഡുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്,  തുടങ്ങിയ നിരവധി അത്യാധുനിക ആഡംബര ഫീച്ചറുകളും വെൽഫെയറിലുണ്ട്. 17സ്പീക്കർ ജെബിഎൽ പ്രീമിയം ഓഡിയോ ഉൾപ്പെടെ ഏറ്റവും മികച്ച ഇന്ഫോടെയ്ന്മെന്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.  ആപ്പിൾ കാർ പ്ലേ,  ആൻഡ്രോയ്ഡ് ഓട്ടോ,  തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഏഴ് എസ്ആർഎസ് എയർ ബാഗുകൾ,  എച്എസി, വി എസ് സി,  പനോരമിക് വ്യൂ മോണിറ്റർ,  എമർജൻസി ബ്രേക്ക് സിഗ്നൽ,  വിഡിഐഎം എന്നിവ ഉൾപ്പെടെ വെൽഫെയർ സുരക്ഷക്കും വളരെ പ്രാധാന്യം നൽകിയിരിക്കുന്നു.

ബേർണിങ് ബ്ലാക്ക്,  വൈറ്റ് പേൾ,  ഗ്രാഫൈറ്റ്,  ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് വെൽഫെയർ വിപണിയിലെത്തുന്നത്. ഫ്ലാക്‌സൻ, ബ്ലാക്ക് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയർ നിറങ്ങൾ. ഇറക്കുമതി ചെയ്ത ആദ്യ മൂന്ന് ബാച്ച് വാഹനങ്ങൾ ഇപ്പോൾ തന്നെ വിറ്റുതീർന്നിട്ടുണ്ട്.

17 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി,  50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും  സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

Follow Us:
Download App:
  • android
  • ios