Asianet News MalayalamAsianet News Malayalam

"എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല.." ഉല്‍പ്പാദനം പിന്നെയും വെട്ടിക്കുറച്ച് ഇന്നോവ മുതലാളി!

"എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഉൽപാദനം ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നതെന്ന് ഞാൻ കരുതുന്നു.." ഒരു ഓണ്‍ലൈന്‍ ബ്രീഫിംഗിനിടെ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനികളില്‍ ഒന്നായ ടൊയോട്ടയുടെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ഇങ്ങനെ പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Toyota cuts global vehicle production plan for November by 15%
Author
Mumbai, First Published Oct 17, 2021, 2:12 PM IST
  • Facebook
  • Twitter
  • Whatsapp

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട (Toyota) 2021 നവംബറിലും വാഹന നിർമാണം വെട്ടിക്കുറക്കുമെന്ന്​​ റിപ്പോര്‍ട്ട്. തങ്ങളുടെ ആഗോള വാഹന ഉല്‍പ്പാദനത്തില്‍ 15 ശതമാനത്തിന്‍റെ കുറവായിരിക്കിം നവംബര്‍ മാസത്തില്‍​ കമ്പനി വരുത്തുന്നതെന്ന് റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു​. ചിപ്പുകളുടെയും മറ്റ് പാര്‍ട്‍സുകളുടെയും ക്ഷാമം മൂലമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2021 സെപ്റ്റംബറിൽ ടൊയോട്ട ഉത്​പ്പാദനം മൂന്ന്​ ശതമാനം കുറച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനവും. അതേസമയം 12 മാസത്തേക്ക് ഒമ്പത് ദശലക്ഷം വാഹനങ്ങളെന്ന വാർഷിക ഉത്​പ്പാദന ലക്ഷ്യം മാറ്റമില്ലാതെ തുടരുമെന്നും ടൊയോട്ട അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ​ കമ്പനിക്ക് ഇപ്പോഴും ചില വാഹന ഭാഗങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും അതിനാൽ മുമ്പത്തെ ഉൽപാദന കുറവുകൾ നികത്താനാകില്ലെന്നും ടൊയോട്ട അറിയിച്ചു. പുതിയ ക്രമീകരണം ജപ്പാനിൽ ഏകദേശം 50,000 യൂനിറ്റുകളെയും വിദേശത്ത് 50,000 മുതൽ 100,000 യൂനിറ്റുകളെയും ബാധിക്കും.

അടുത്ത മാസം ഒരു ദശലക്ഷം കാറുകൾ നിർമ്മിക്കാൻ ടൊയോട്ട ആദ്യം ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇപ്പോഴത്​ ഏകദേശം 8,50,000 മുതൽ 9,00,000 യൂനിറ്റുകൾ വരെയായി കുറയ്ക്കുകയായിരുന്നു. സെപ്റ്റംബറിൽ, തെക്കുകിഴക്കൻ ഏഷ്യയിലെ കോവിഡ് -19 കേസുകളുടെ വർധനവ് കാരണം അർധചാലക നിർമാണം മന്ദഗതിയിലായിരുന്നു. തുടർന്നാണ്​ ടൊയോട്ട അവരുടെ ഉത്​പ്പാദന ശേഷി മൂന്നുശതമാനം കുറച്ചത്. 

കഴിഞ്ഞ മാസം ചൈനയിലുണ്ടായ വൈദ്യുതി ക്ഷാമം ഉത്പ്പാദനത്തെ ബാധിച്ചതായും സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഭാവി എന്താണെന്ന് വ്യക്തമല്ലെന്നും ടൊയോട്ട പറയുന്നു. കുറവുകളുണ്ടെങ്കിലും വിതരണ ശൃംഖല ശക്തിപ്പെടുത്താൻ ശ്രമിക്കുമെന്നും സ്വന്തം പ്ലാന്റുകളിലും വിതരണക്കാരിലും കോവിഡ് പ്രതിരോധ നടപടികൾ നടപ്പിലാക്കുമെന്നും ടൊയോട്ട അറിയിച്ചു. 

"എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ ഉൽപാദനം ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നതെന്ന് ഞാൻ കരുതുന്നു.." ഒരു ഓണ്‍ലൈന്‍ ബ്രീഫിംഗിനിടെ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനികളില്‍ ഒന്നായ ടൊയോട്ടയുടെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ഇങ്ങനെ പറഞ്ഞതായി റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നഷ്‍ടപ്പെട്ട ഉൽ‌പാദനം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും അതിനാണ് കമ്പനിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ആഗോള വാഹന വിപണിയെ ഒന്നാകെ ബാധിച്ച ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് മാരുതി സുസുക്കി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദനം കുറച്ചിരുന്നു. 
ടൊയോട്ട ഈ വർഷം 300,000 വാഹനങ്ങൾ കുറച്ചേ നിർമിക്കുകയുള്ളൂ എന്ന്​ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആഗോള ചിപ്പ് ക്ഷാമത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം. സെമികണ്ടക്​ടർ ക്ഷാമവും ചിപ്പ്​ നിർമാണ പ്രതിസന്ധിയുമാണ്​ കാരണം. കോവിഡ് കാരണം നിരവധി ഫാക്​ടറികളിൽ ജോലികൾ നിർത്തിവച്ചതും നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ആഗോള ഉൽപാദന ലക്ഷ്യം പുതുക്കാൻ ടൊയോട്ട കമ്പനിയെ നിർബന്ധിതരാക്കി. അടുത്ത വർഷം മാർച്ച് 31 വരെ ഒമ്പത്​ ദശലക്ഷം വാഹനങ്ങൾ നിർമിക്കാനാണ്​ ടൊയോട്ട ഇപ്പോൾ ലക്ഷ്യമിടുന്നത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍.  എന്നാല്‍ ഇന്ത്യയില്‍ ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഇന്നോവയുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമാണ് കമ്പനിക്ക് ഇപ്പോഴും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഗോളതലത്തിൽ വാഹനവ്യവസായത്തെ സെമികണ്ടക്ടര്‍ ക്ഷാമം പ്രതിസന്ധിയിലാക്കിയിട്ട്​ ഏറെക്കാലമായി. ആധുനികമായ ഒരു വാഹനത്തിൽ ഏകദേശം 1000 ചിപ്പുകള്‍ ഉപയോഗിക്കുന്നതായാണ്​ കണക്കുകള്‍​.  കൊവിഡ് വ്യാപനത്തിന്‍റെ പശ്​ചാത്തലത്തിൽ വ്യക്തിഗത കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും സ്മാർട്ട്‌ഫോണുകൾക്കുമുള്ള വർധിച്ച ആവശ്യകതയാണ്​ പ്രശ്​നത്തിന് കാരണമായത്. ചിപ്പ്​ നിർമാതാക്കൾ വാഹനവ്യവസായത്തിലേക്ക്​ കൂടുതൽ സപ്ലെ നൽകുന്നതിൽ താൽപ്പര്യം കാണിക്കാത്തതാണ്​​ പ്രശ്​നം രൂക്ഷമാക്കുന്നത്​​.

ആഗോളതലത്തില്‍ അനുഭവപ്പെടുന്ന ചിപ്പ് ക്ഷാമം 2022 അവസാനത്തോടെ ഭാഗികമായി കുറയ്ക്കാന്‍ സാധിക്കുമെങ്കിലും 2023-ഓടെ മാത്രമേ പൂര്‍ണമായി പരിഹരിക്കപ്പെടൂവെന്നാണ് സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി. മൈക്രോ ഇലക്ട്രോണിക്‌സ് മേധാവി ജീന്‍ മാര്‍ക്ക് അടുത്തിടെ അറിയിച്ചത്. ചിപ്പ് ക്ഷാമം മൂലം വണ്ടക്കമ്പനികളുടെ 2021 ലെ വരുമാനത്തില്‍ 110 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്ന് കണ്‍സള്‍ട്ടിംഗ് കമ്പനിയായ അലിക്‌സ് പാര്‍ട്‌ണേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios