Asianet News MalayalamAsianet News Malayalam

ഫോർച്യൂണർ ലെജൻഡറുമായി ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിൽ പുതിയ ഫോർച്യൂണർ ലെജൻഡറിനെ എത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്

Toyota Fortuner Legender Launch Follow Up
Author
Mumbai, First Published Dec 11, 2020, 4:08 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിൽ പുതിയ ഫോർച്യൂണർ ലെജൻഡറിനെ എത്തിക്കാന്‍ ഒരുങ്ങുകയാണെന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോർച്യൂണറിന്റെ കൂടുതൽ കരുത്താര്‍ന്ന പതിപ്പാണ് ഫോർച്യൂണർ ലെജൻഡര്‍. 

ഫോർച്യൂണറിന്റെ ഈ അപ്‌ഡേറ്റ് ചെയ്ത പതിപ്പിന് ഒരു പുതിയ രൂപം, പുതിയ സവിശേഷതകൾ, കൂടാതെ ചില അപ്‌ഡേറ്റ് ചെയ്ത ഓഫ് റോഡ് കിറ്റുകൾ, കൂടുതൽ ശക്തമായ 2.8 ഡീസൽ എഞ്ചിൻ എന്നിവ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കറുപ്പിൽ പൊതിഞ്ഞ സ്പ്ലിറ്റ് ഗ്രിൽ ആണ് മുൻകാഴ്ചയിൽ ലെജൻഡർ പതിപ്പിന്റെ ആകർഷണം. കറുപ്പ് ഘടകങ്ങൾ കൂടുതൽ ചേർത്ത വ്യത്യസ്തമായ സ്‌പോർട്ടി ബമ്പർ, കറുത്ത ഹൗസിങ്ങോടുകൂടിയ ഫോഗ് ലാംപ്, സീക്വൻഷ്യൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, വ്യത്യസ്തമായ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, 20-ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-ടോൺ പെയിന്റ്, സൈഡ് സ്കർട്ട്, സ്പോർട്ടിയായ പിൻ ബമ്പർ എന്നിവയാണ് ഫോർച്യൂണർ ലെജൻഡർ വേരിയന്റിനെ മറ്റുള്ള ഫോർച്യൂണർ വേരിയന്റിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ഇന്റീരിയറിൽ പുത്തൻ ഫോർച്യൂണറിലെ 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റത്തിന് പകരം ലെജൻഡർ വേരിയന്റിൽ 9.0-ഇഞ്ച് യൂണിറ്റാണ്. ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഈ സ്ക്രീൻ 360 ഡിഗ്രി ക്യാമറയുടെ സ്ക്രീൻ ആയും പ്രവർത്തിക്കും. വെയർലെസ്സ് ചാർജിങ്, മൾട്ടി ഫങ്ക്ഷൻ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ടോൺ സീറ്റുകൾ, ഹാൻഡ്‌സ്ഫ്രീ ബൂട്ട് ഓപ്പണിങ് എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകൾ. ഇതുകൂടാതെ 7 എയർബാഗുകൾ, 'ടൊയോട്ട സേഫ്റ്റി സെൻസ്' സുരക്ഷയുള്ള ഫീച്ചറുകളുടെ കിറ്റ് എന്നിവയും ലെജൻഡർ വേരിയന്റിൽ അധികമുണ്ട്.

ടൊയോട്ട ഫോർച്യൂണറിലെ 2.8-ലിറ്റർ ഡീസൽ എൻജിനാണ് ലെജൻഡർ പതിപ്പിന്‍റെയും ഹൃദയം. പക്ഷെ 177 എച്പി പവറിന് പകരം 204 എച്ച്പി പവർ ആണ് ഈ എൻജിൻ തായ്‌ലൻഡിൽ വിൽക്കുന്ന ലെജൻഡർ മോഡലിൽ നിർമ്മിക്കുന്നത്. മാത്രമല്ല 50 എൻഎം ടോർക്കും കൂടി 500 എൻഎം ആയിരിക്കും ഔട്പുട്ട്.

ടൊയോട്ട ഫോർച്യൂണറിനേക്കാൾ ലെജൻഡർ പതിപ്പിന് വില കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ ഏകദേശം 40 ലക്ഷത്തിനടുത്ത് എക്‌സ്-ഷോറൂം വില സ്വാഭാവികമായും ടൊയോട്ട ഫോർച്യൂണർ ലെജൻഡറിന് പ്രതീക്ഷിക്കാം. അടുത്ത വർഷത്തിന്റെ തുടക്കത്തിലാണ് ലെജൻഡർ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്. 

Follow Us:
Download App:
  • android
  • ios