പുതുക്കിയ ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, പുതിയ തലമുറ ടൊയോട്ട ഗ്ലാൻസ , അർബൻ ക്രൂയിസർ ഹൈറൈഡർ, എന്നിവയുൾപ്പെടെ നിരവധി പുതിയ ലോഞ്ചുകളുടെ പിന്തുണയോടെയാണ് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ആഭ്യന്തര മൊത്തവ്യാപാരം ടൊയോട്ട രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2023 സാമ്പത്തിക വർഷത്തിലെ ആഭ്യന്തര മൊത്തവ്യാപാരം റിപ്പോർട്ട് ചെയ്‍തു. കമ്പനി 174,015 യൂണിറ്റുകൾ വിറ്റഴിച്ച് ഉയർന്ന നേട്ടത്തോടെ സാമ്പത്തിക വർഷം അവസാനിപ്പിച്ചു. 2022 സാമ്പത്തിക വർഷത്തിൽ വിറ്റ 123,770 യൂണിറ്റുകളേക്കാൾ 41 ശതമാനം വളർച്ച രേഖപ്പെടുത്തി. പുതുക്കിയ ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, പുതിയ തലമുറ ടൊയോട്ട ഗ്ലാൻസ , അർബൻ ക്രൂയിസർ ഹൈറൈഡർ, എന്നിവയുൾപ്പെടെ നിരവധി പുതിയ ലോഞ്ചുകളുടെ പിന്തുണയോടെയാണ് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ആഭ്യന്തര മൊത്തവ്യാപാരം ടൊയോട്ട രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2023 മാർച്ചിനെ സംബന്ധിച്ചിടത്തോളം, ടൊയോട്ട ഇന്ത്യ 18,670 യൂണിറ്റുകൾ വിറ്റഴിച്ചു. 2022 മാർച്ചിൽ വിറ്റ 17,131 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഒമ്പത് ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിൽ മാത്രം കമ്പനി 46,843 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 33,204 യൂണിറ്റുകൾ ആണ് വിറ്റത്. വില്‍പ്പന 41 ശതമാനം വർധിച്ചു. ഹൈക്രോസ് , ഹൈറൈഡർ, റീലോഞ്ച് ചെയ്ത ഇന്നോവ ക്രിസ്റ്റ, ഹിലക്‌സ് പിക്ക്-അപ്പ് എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങൾക്ക് ശക്തമായ ഡിമാൻഡ് ഉണ്ടായതാണ് തങ്ങളുടെ ലോഞ്ചുകളുടെ ശക്തമായ പ്രകടനത്തിന് കാരണമെന്ന് ടൊയോട്ട പറയുന്നു. 

ഈ സാമ്പത്തിക വർഷം ഒരു മികച്ച രീതിയില് അവസാനിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും 2024-2025 സാമ്പത്തിക വർഷത്തിൽ വില്‍പ്പനയ്ക്ക് തുടർച്ചയായ ആക്കം കൂട്ടുമെന്നും വളർച്ച പ്രതീക്ഷിക്കുന്നുവെന്നും വിൽപ്പന പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ടികെഎം സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു . പാസഞ്ചർ വാഹന വിഭാഗം കഴിഞ്ഞ വർഷം സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, വൈവിധ്യമാർന്ന മൊബിലിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിപണിയിൽ തരംഗം ഉണ്ടാക്കാൻ ടികെഎമ്മിന് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഉൽപ്പന്ന ലോഞ്ചുകൾ, പുതിയതും ഹരിതവും നൂതനവുമായ സാങ്കേതിക ഓപ്ഷനുകൾ അവതരിപ്പിക്കുന്നതും ഉപഭോക്താക്കളുമായി കൂടുതൽ അടുക്കുന്നതും തുടർച്ചയായ വളർച്ചയുടെ ആക്കം വിജയകരമായി നിലനിർത്താൻ കമ്പനിയെ പ്രാപ്‍തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങളുടെ എല്ലാ ഉൽപ്പന്ന ഓഫറുകളിലുമുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിന് ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങൾ നന്ദിയുള്ളവരാണ്. അടുത്തിടെ പുറത്തിറക്കിയ ഇന്നോവ ഹൈക്രോസിന്റെയും അർബൻ ക്രൂയിസർ ഹൈറൈഡറിന്റെയും എല്ലാ വകഭേദങ്ങളും ജനപ്രീതി നേടുകയും വിപണിയിൽ നിന്ന് വൻ സ്വീകാര്യതയ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അടുത്തിടെ അവതരിപ്പിച്ച ആഗോളതലത്തിൽ പ്രശംസ നേടിയ ഹിലക്സിന് അതിന്റെ ലോഞ്ച് സമയം മുതൽ മികച്ച ഉപഭോക്തൃ പ്രതികരണം ലഭിക്കുന്നു" അതുല്‍ സൂദ് വ്യക്തമാക്കി. 

ടൊയോട്ടയില്‍ നിന്നുള്ള മറ്റ് ചില വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മാരുതി സുസുക്കി ഫ്രോങ്ക്സ് അടിസ്ഥാനമാക്കിയുള്ള കൂപ്പെ എസ്‌യുവിയുമായി ടൊയോട്ട ഈ വർഷം പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം മോഡലിനെ പുതുമ നിലനിർത്താൻ മറ്റൊരു ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും വേണ്ടിയുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.