Asianet News MalayalamAsianet News Malayalam

ഇന്നോവ വീട്ടുമുറ്റത്ത് എത്തിക്കണമെങ്കില്‍ ഇനി കൂടുതല്‍ വിയര്‍ക്കണം, കാരണം!

ഇന്നോവ ക്രിസ്റ്റയുടെ വില കുത്തനെ വർധിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട

Toyota India hike price of Innova Crysta
Author
Mumbai, First Published Jun 7, 2020, 12:30 PM IST

രാജ്യത്തെ എംപിവി ശ്രേണിയിലെ ജനപ്രിയ താരം ഇന്നോവ ക്രിസ്റ്റയുടെ വില വർധിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ടൂറിങ് സ്പോർട്ടിന്റെയും ഡീസൽ വകഭേദങ്ങളുടെ വിലയിൽ 30,000 മുതൽ 61,000 രൂപയുടെ വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 

പെട്രോൾ എൻജിനുള്ള മോഡലുകളുടെ വില വർധന 30,000 മുതൽ 44,000 രൂപ വരെയാണ്. ഇന്നോവ ക്രിസ്റ്റയുടെ ദില്ലി ഷോറൂം വില 15.66 ലക്ഷം രൂപ മുതൽ 23.63 ലക്ഷം രൂപ വരെയായി ഉയർന്നു. ഇന്നോവ ടൂറിങ് സ്പോർട്ടിന്റെ ദില്ലി എക്സ് ഷോറൂം വില 19.53 ലക്ഷം മുതൽ 24.67 ലക്ഷം രൂപ വരെയായി.  വാഹനത്തിന്റെ GX വകഭേദത്തിലെ ഡീസൽ ഓട്ടോമാറ്റിക്കിന് 61,000 രൂപയുടെ ഉയർച്ചയാണ് സംഭവിച്ചിരിക്കുന്നത്. മറ്റ് വേരിയന്റുകളിൽ ഏകദേശം 44,000 രൂപയുടെ വർധനവും ലഭിച്ചിട്ടുണ്ട്. 

എൻജിനുകൾ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരത്തിലേക്കു ഉയർത്തിയതു മൂലമുള്ള അധിക ബാധ്യത പങ്കുവയ്ക്കാനും ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയെ അതിജീവിക്കാനുമാണു വില വർധനയെന്നാണു കമ്പനിയുടെ വിശദീകരണം. വിപണി സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായതിനാൽ യഥാർഥ ബാധ്യതയിലൊരു വിഹിതം മാത്രമാണ് ഉപയോക്താക്കൾക്കു കൈമാറുന്നതെന്നും ടി കെ എം അവകാശപ്പെടുന്നു. 

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്.

വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് എംപിവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. ഇബിഡി സഹിതം എബിഎസ്, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഉയരം ക്രമീകരിക്കാവുന്ന സീറ്റ്‌ബെല്‍റ്റുകള്‍, ഐസോഫിക്‌സ് സീറ്റ് മൗണ്ടുകള്‍, സീറ്റ്‌ബെല്‍റ്റ് വാണിംഗ് എന്നിവയാണ് നിലവിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍.

മറ്റ് സുരക്ഷാ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, ജിഎക്‌സ് മാന്വല്‍, ജിഎക്‌സ് ഓട്ടോമാറ്റിക്, വിഎക്‌സ് മാന്വല്‍ എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗുകള്‍ നല്‍കി. ടോപ് സ്‌പെക് ഇസഡ്എക്‌സ് വേരിയന്റിന് സുരക്ഷയൊരുക്കുന്നത് ഏഴ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ഇമ്മൊബിലൈസര്‍ + സൈറണ്‍ + അള്‍ട്രാസോണിക് സെന്‍സര്‍ + ഗ്ലാസ് ബ്രേക്ക് സെന്‍സര്‍ എന്നിവയാണ്. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. 

ബിഎസ് 6 പാലിക്കുംവിധം ടൊയോട്ട ഇന്നോവ ക്രിസ്റ്റ നേരത്തെ പരിഷ്‌കരിച്ചിരുന്നു.  2.7 ലിറ്റര്‍ പെട്രോള്‍, 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. പെട്രോള്‍ മോഡല്‍ 164 ബിഎച്ച്പി പവറും 245 എന്‍എം ടോര്‍ക്കും ഡീസല്‍ മോഡല്‍ 148 ബിഎച്ച്പി പവറും 343 എന്‍എം ടോര്‍ക്കുമേകും.അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്.  2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വാഹനം പുറത്തിറങ്ങിയതിന്‍റെ 15-ാം വാര്‍ഷികം പ്രമാണിച്ച് ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന  പുതിയൊരു പ്രത്യേക പതിപ്പിനെക്കൂടി കമ്പനി അടുത്തിടെ നിരത്തിലെത്തിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios