സുരക്ഷയുടെയും ആഡംബരത്തിന്‍റെയുമൊക്കെ കാര്യത്തില്‍ ജനപ്രിയത ഏറെയുള്ള വാഹനമാണ് ടൊയോട്ടയുടെ ഇന്നോവ. എന്നാല്‍ ലുധിയാനയിലെ ഒരു ഉടമയുടെ അനുഭവം ഇന്നോവയുടെ പ്രശസ്‍തിക്കുമേല്‍ അല്‍പം കരിനിഴല്‍ വീഴ്‍ത്തുന്നതാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മൂന്നുതവണ മലക്കം മറിഞ്ഞിട്ടും ഈ ഇന്നോവയിലെ ഏഴ് എയര്‍ബാഗുകളില്‍  ഒരെണ്ണം പോലും തുറന്നില്ലെന്നാണ് ഉടമ പറയുന്നത്. 

കൂട്ടിയിടിയില്‍ തകര്‍ന്നു തരിപ്പണമായ ഈ ഇന്നോവയുടെ ചിത്രങ്ങളും അപകടവാര്‍ത്തയും  വാഹന പ്രേമികളുടെ ഓണ്‍ലൈന്‍ കൂട്ടായ്‍മയായ ടീം ബിഎച്ച്പി ഫോറത്തില്‍ ഉടമ പങ്കുവച്ചതോടെയാണ് പുറത്തറിയുന്നത്. 

ലുധിയാനയിലാണ് അപകടം. ഇന്നോവ ക്രിസ്റ്റയും ഹ്യുണ്ടായി കാറുമാണ് കൂട്ടിയിടിച്ചത്. ട്രാഫിക്ക് സിഗ്‌നല്‍ ശ്രദ്ധിക്കാതെ ഇടവഴിയില്‍ നിന്ന് മെയിന്‍ റോഡിലേക്ക് അമിതവേഗത്തില്‍ കയറിയ ഹ്യുണ്ടായി കാറാണ് അപകടത്തിന് കാരണമെന്നാണ് ഇന്നോവ ക്രിസ്റ്റ ഉടമ പറയുന്നത്. 

എന്തായാലും വമ്പന്‍ കൂട്ടിയിടിയാണ് നടന്നതെന്ന് അപകടത്തിന്‍റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. കൂട്ടിയിടിയില്‍ മൂന്ന് വട്ടം മലക്കം മറിഞ്ഞാണത്രെ ഇന്നോവ നിലംതൊട്ടത്. വാഹനത്തിന്‍റെ ഒരുഭാഗം പാടെ തകര്‍ന്ന നിലയിലാണ്. 

അപകട സമയത്ത് വാഹനത്തിലെ ഏഴ് എയര്‍ബാഗുകളില്‍ ഒരെണ്ണം പോലും പ്രവര്‍ത്തിച്ചില്ലെന്നാണ് ഉടമ പറയുന്നത്. താനുള്‍പ്പടെ മൂന്ന് പേരാണ് ഇന്നോവയിലുണ്ടായിരുന്നതെന്നും എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഉടമ പറയുന്നു.

അപകട സമയത്ത് സെന്‍സറുകള്‍ മുഖേനയാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്ര വലിയ ആഘാതമേറ്റിട്ടും ഒരെണ്ണം പോലും തുറക്കാത്തതെന്തെന്നാണ് ഉടമയുടെ ചോദ്യം. താന്‍ കൃത്യമായി വാഹനം സര്‍വ്വീസ് ചെയ്യാറുണ്ടെന്നും എയര്‍ബാഗുകളില്‍ കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ലെന്നും യാത്രികരെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന ഉടമ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

കഴിഞ്ഞ വര്‍ഷം സമാനരീതിയില്‍ എയര്‍ബാഗുകള്‍ തുറക്കാതിരുന്ന മഹീന്ദ്ര XUV500 -യുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Photo Courtesy: TEAM BHP