ജനപ്രിയ എംപിവിയായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ബിഎസ് 6 പതിപ്പിനെ കമ്പനി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്.  ഇപ്പോഴിതാ ജനപ്രിയ എം‌പി‌വിയുടെ സിഎന്‍ജി വകഭേദവും നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നത്.  ആദ്യമായിട്ടാണ് വാഹനത്തിന്‍റെ സിഎന്‍ജി പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. പിറകിലെ ഗ്ലാസില്‍ സിഎന്‍ജി എന്ന് സ്റ്റിക്കര്‍ പതിച്ച ഇന്നോവയാണ് ക്യാമറക്കണ്ണില്‍ കുടുങ്ങിയത്. 

എഞ്ചിന്‍ സംബന്ധമായ മാറ്റങ്ങള്‍ മാത്രമായതിനാലാവണം പ്രീ-പ്രൊഡക്ഷൻ ഇന്നോവ ക്രിസ്റ്റ സിഎന്‍ജി യൂണിറ്റ് മറയ്ക്കാതെയായിരുന്നു പരീക്ഷണയോട്ടം. ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സിംഗിൾ-ഉടമ ക്യാബ് ഡ്രൈവർമാർക്കും സിഎന്‍ജി വകഭേദങ്ങൾ മികച്ച ഒരു ഓപ്ഷനായിരിക്കും. ഇതു തന്നെയാവും കമ്പനിയുടെ ലക്ഷ്യവും. മാത്രമല്ല ബിഎസ്6ലേക്ക് മാറ്റിയപ്പോള്‍ ഉയർന്നവിലകൾക്കിടയിൽ വാഹനത്തിന്‍റെ ജനപ്രിയത പിടിച്ചുനിര്‍ത്തുകയും എം‌പി‌വിയുടെ പെട്രോൾ സിഎന്‍ജി പതിപ്പിലൂടെ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.  നിലവില്‍ മഹീന്ദ്ര മരാസോ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന എംപിവി സെഗ്മെന്‍റിലേക്ക് കിയ കാര്‍ണിവല്‍ കൂടി എത്തുന്നതോടെ മത്സരം കടുക്കും. ഇതിനു മുന്നോടിയായാണ് ടൊയോട്ടയുടെ നീക്കങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നിലവിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ  ബിഎസ്6 പതിപ്പിലെ മൂന്ന് (ഒരു പെട്രോൾ, രണ്ട് ഡീസൽ യൂണിറ്റുകൾ) എഞ്ചിനുകൾക്ക് വിപരീതമായി രണ്ട് എഞ്ചിൻ ഓപ്ഷനുകൾ മാത്രമേ ലഭ്യമാകൂ. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ പെട്രോൾ, ഡീസൽ വേരിയന്റുകൾ ലഭ്യമാകും. ബിഎസ് 6ഇന്നോവ ക്രിസ്റ്റക്ക് 24,06,000 രൂപ ടൂറിംഗ് സ്പോട്ടിന് 15,36,000 രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില.

2016ൽ നിരത്തിലെത്തിയ ഇന്നോവ ക്രിസ്റ്റ, ആഡംബര സവിശേഷതകൾ, സുഖസൗകര്യങ്ങൾ, സുരക്ഷ, ശക്തമായ പ്രകടനം, കുറഞ്ഞ അറ്റകുറ്റപ്പണി, ഉയർന്ന പുനർവിൽപ്പന മൂല്യം തുടങ്ങിയ സവിശേഷതകളോടെ എം‌പി‌വി വിഭാഗത്തിൽ ഒന്നാമതാണ്. ടൊയോട്ടയുടെ ഐതിഹാസികമായ ഗുണനിലവാരം, ദൈർഘ്യം, വിശ്വാസ്യത (ക്യുഡിആർ) എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.

2005ൽ നിരത്തിലെത്തിയ ഇന്നോവ കഴിഞ്ഞ 15വർഷമായി 9ലക്ഷം യൂണിറ്റ് വിറ്റഴിച്ചുകൊണ്ട് വിപണിയിൽ എംപിവി സെഗ്മെൻറിൽ മുൻനിരയിലാണ്.  2.7ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് 40ശതമാനം വിപണി വിഹിതത്തോടെ ഇന്നോവ സെഗ്മെന്റിൽ ഒന്നാം സ്ഥാനത്താണ്. വെഹിക്കിൾ  സ്റ്റെബിലിറ്റി കണ്ട്രോൾ (VSC), ഹിൽ അസ്സിസ്റ്റ്‌ കണ്ട്രോൾ (HAC) എമർജൻസി ബ്രേക്ക് സിഗ്നൽ (EBS) എന്നിവ എല്ലാ ഗ്രേഡുകളിലുമുള്ള  ബിഎസ് 6 ഇന്നോവ  ക്രിസ്റ്റകളിലും ഉൾപ്പെടുത്തിയിരിക്കുന്നു.