ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് ഇന്നോവ. രാജ്യത്ത് വിറ്റഴിച്ച ഇന്നോവകളില്‍ ഭൂരിഭാഗവും ഡീസല്‍ പതിപ്പുകളായിരുന്നു.  രണ്ട് വ്യത്യസ്‍ത ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളായിരുന്നു ടൊയോട്ട ഇന്നോവയില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ ഡീസല്‍ എന്‍ജിനുകളുടെ നിര്‍മ്മാണം ടൊയോട്ട അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങളിലേക്ക് മാറുന്നതിന്‍റെ ഭാഗമായിട്ടാണ് ഡീസല്‍ എഞ്ചിനുകളുടെ നിര്‍മ്മാണം കമ്പനി അവസാനിപ്പിക്കുന്നത്. ഇന്നോവയില്‍ ഹൈബ്രിഡ് എന്‍ജിന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. 2021-ല്‍ നിരത്തിലെത്താനൊരുങ്ങുന്ന പുതുതലമുറ ക്രിസ്റ്റയിലായിരിക്കും ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2.4 ലിറ്റര്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലും 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് നിലവില്‍ ഇന്നോവ ക്രിസ്റ്റ നിരത്തിലെത്തുന്നത്. ഇതില്‍ 2.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് സംവിധാനം ഒരുക്കുക. 

ക്വാളിസിനു പകരക്കാരനായാണ് 2005 ൽ ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ പുത്തന്‍ ഇന്നോവ അടുത്തിടെയാണ് വിപണിയിലെത്തിയത്.  14.93 ലക്ഷം രൂപ മുതല്‍ 22.43 ലക്ഷം രൂപ വരെയാണ് ഇന്നോവയുടെ ദില്ലി എക്‌സ്‌ഷോറൂം വില. മാരുതി സുസുക്കി എര്‍ടിഗ, മഹീന്ദ്ര മരാസോ, റെനോ ലോഡ്‍ജി തുടങ്ങിയവരാണ് ഇന്ത്യന്‍ നിരത്തില്‍ ഇന്നോവയുടെ മുഖ്യ എതിരാളികള്‍.