രാജ്യത്തെ എംപിവി സെഗ്മെന്‍റിലെ മുടിചൂടാ മന്നനാണ് ജാപ്പനീസ്  വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. ഇപ്പോഴിതാ ഈ ജനപ്രിയ വാഹനത്തിന്‍റെ പുതിയ പതിപ്പിനെ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടമായ ബിഎസ്6 നിലവിൽ വരുന്നതിനു മുന്നോടിയായി വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡീസല്‍ എഞ്ചിനുപകരം അടുത്ത തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഹൈബ്രിഡ് സംവിധാനമാണ് നല്‍കുകയെന്നും പുതുക്കിയ വാഹനത്തില്‍ സമഗ്രമാറ്റം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ചെറുതായി ട്വീക്ക് ചെയ്‍ത പിന്നിലെ ബമ്പറും ടെയില്‍ ലാമ്പുകളും എന്നിങ്ങനെയാവും മാറ്റങ്ങള്‍. 

ക്വാളിസിനു പകരക്കാരനായി 2005 ലാണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യയിലുമെത്തി. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തന്‍വാഹനത്തിനു  നല്‍കിയ ഓമനപ്പേര്. എക്സ്പോയിലെ താരമായിരുന്നു അന്ന് ഇന്നോവ ക്രിസ്റ്റ. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയിൽ നിന്നും ആൾട്ടിസിൽ നിന്നും പ്രചോദിതമായിരുന്നു ക്രിസ്റ്റയുടെ മുൻഭാഗത്തിന്റെ ഡിസൈൻ.

ഈ രണ്ടാംതലമുറയാണ് നിലവില്‍ നിരത്തിലോടുന്നത്. ചൂടിനെ പ്രതിരോധിക്കുന്ന ഗ്ലാസ്, യുഎസ്ബി ചാര്‍ജിങ് പോയിന്റ്, ഗുണനിലവാരമേറിയ സ്പീക്കര്‍ എന്നിവയോടെ ഈ മോഡലിനെ അടുത്തിടെ കമ്പനി പുതുക്കിയരുന്നു. വിഎക്‌സ് എം ടി, സെഡ്എക്‌സ് എം ടി, സെഡ് എക്‌സ് എ ടി എന്നീ മോഡലുകളാണ് പുതിയ പരിഷ്‌കാരങ്ങളോടെ എത്തിയത്.