Asianet News MalayalamAsianet News Malayalam

വീട്ടുമുറ്റങ്ങള്‍ തേടി പുതിയൊരു ഇന്നോവ പുറപ്പെടാനൊരുങ്ങുന്നു!

ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നവംബര്‍ അവസാനത്തോടെ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Toyota Innova Crysta facelift will launch in India this month
Author
Mumbai, First Published Nov 13, 2020, 10:30 AM IST

ജനപ്രിയ മോഡല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് ഫെസ്‌ലി‌ഫ്റ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട എന്ന് കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്.  ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് നവംബര്‍ അവസാനത്തോടെ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വരവിന് മുന്നോടിയായി ഈ വാഹനത്തിനുള്ള അനൗദ്യോഗിക ബുക്കിംഗ് ചില ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ടെന്നും ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിമുടി മാറ്റങ്ങളോടെയാണ് പുത്തന്‍ വാഹനം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ മുഖം മിനുക്കിയ പതിപ്പ് ഒക്ടോബറില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2016ന് ശേഷമുള്ള വാഹനത്തിന്‍റെ ആദ്യ ഫേസ്‍ലിഫ്റ്റ് പതിപ്പായിരുന്നു ഇത്. ഈ വാഹനത്തോട് സാമ്യമുള്ള ഡിസൈനിലായിരിക്കും ഇന്ത്യയിലെത്തുന്ന വാഹനവും ഒരുങ്ങുകയെന്നാണ് സൂചന. 

അഴിച്ചുപണിത ഗ്രില്ല്, രൂപമാറ്റം വരുത്തിയ ഗ്രില്ല്, ബ്ലാക്ക് ഫൈബര്‍ ആവരണത്തില്‍ നല്‍കിയിട്ടുള്ള ടേണ്‍ ഇന്റിക്കേറ്റര്‍, ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ബംമ്പറില്‍ നല്‍കിയിട്ടുള്ള പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ്, സില്‍വര്‍ ഫിനീഷിങ്ങ് സ്‌കിഡ് പ്ലേറ്റ്, പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് എക്‌സ്റ്റീയറില്‍ മാറ്റമൊരുക്കുന്നത്. 

അകത്തളത്തിലെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഫീച്ചറുകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വുഡന്‍ പാനലിങ്ങുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍. 

2.4 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഇന്നോവ ക്രിസ്റ്റ ഇന്ത്യയിലെത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 360 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡല്‍ 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍. നിലവിലുള്ള മോഡലിനെക്കാള്‍ 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വില ഉയര്‍ത്തിയാണ് പുതിയ ക്രിസ്റ്റ എത്തുന്നതെന്നിം റിപ്പോര്‍ട്ടുകളുണ്ട്. 

2016-ൽ പുറത്തിറങ്ങിയ മോഡലാണ് നിലവില്‍ വിപണിയിലുള്ളത്. ഇത് കമ്പനിയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിക്കൊടുക്കുന്ന വാഹനം കൂടിയാണ്. എന്നാല്‍ 2020ലെ​ വിൽപ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍  വിൽപ്പനയില്‍ ഇന്നോവ ക്രിസ്​റ്റ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  2019 ഓഗസ്റ്റില്‍ ഇന്നോവയുടെ 4,796 യൂണിറ്റുകൾ വിറ്റഴിക്കാനായിരുന്നു. 39 ശതമാനത്തോളമാണ് ഇടിവ്.  മികച്ച മൂന്ന്​ പേരുകളിൽ നിന്ന് ഇന്നോവ പുറത്താവുകയും ചെയ്​തു. അതുകൊണ്ടു തന്നെ ഒരു മുഖം മിനുക്കല്‍ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയില്‍ എത്തിച്ചത്. അടിസ്ഥാന വേരിയന്റ് മുതല്‍ വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്. വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് എംപിവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കി. ഇബിഡി സഹിതം എബിഎസ്, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഉയരം ക്രമീകരിക്കാവുന്ന സീറ്റ്‌ബെല്‍റ്റുകള്‍, ഐസോഫിക്‌സ് സീറ്റ് മൗണ്ടുകള്‍, സീറ്റ്‌ബെല്‍റ്റ് വാണിംഗ് എന്നിവയാണ് നിലവിലെ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകള്‍. മറ്റ് സുരക്ഷാ ഫീച്ചറുകള്‍ പരിശോധിച്ചാല്‍, ജിഎക്‌സ് മാന്വല്‍, ജിഎക്‌സ് ഓട്ടോമാറ്റിക്, വിഎക്‌സ് മാന്വല്‍ എന്നീ വേരിയന്റുകളില്‍ മൂന്ന് എയര്‍ബാഗുകള്‍ നല്‍കി. ടോപ് സ്‌പെക് ഇസഡ്എക്‌സ് വേരിയന്റിന് സുരക്ഷയൊരുക്കുന്നത് ഏഴ് എയര്‍ബാഗുകള്‍, എല്ലാ സീറ്റുകളിലും ത്രീ പോയന്റ് സീറ്റ്‌ബെല്‍റ്റുകള്‍, ഇമ്മൊബിലൈസര്‍ + സൈറണ്‍ + അള്‍ട്രാസോണിക് സെന്‍സര്‍ + ഗ്ലാസ് ബ്രേക്ക് സെന്‍സര്‍ എന്നിവയാണ്. മറ്റ് ഫീച്ചറുകളില്‍ മാറ്റമില്ല. 

2004ല്‍ ഇന്തോനേഷ്യയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. ക്വാളിസിനു പകരക്കാരനായി 2005 ൽ ആണ് ആദ്യ ഇന്നോവ ഇന്ത്യന്‍ വിപണിയിലെത്തിയത്.  12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യലേക്കുമെത്തി. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.

2016ലെ ദില്ലി ഓട്ടോ എക്സ്‍പോയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്പോഴായി ലിമിറ്റഡ് എഡീഷന്‍ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വാഹനം പുറത്തിറങ്ങിയതിന്‍റെ 15-ാം വാര്‍ഷികം പ്രമാണിച്ച് ലീഡര്‍ഷിപ്പ് എഡിഷന്‍ എന്ന  പുതിയൊരു പ്രത്യേക പതിപ്പിനെക്കൂടി കമ്പനി അടുത്തിടെ നിരത്തിലെത്തിച്ചിരുന്നു.  

മാരുതി എര്‍ട്ടിഗ, മഹീന്ദ്ര ബൊലേറോ, റെനോ ട്രൈബര്‍ തുടങ്ങിയവരാണ് എംപിവി സെഗ്മെന്റില്‍ ഇന്നോവയുടെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios