ഇന്‍പുട്ട് ചെലവുകളിലെ ഗണ്യമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ ഈ വര്‍ധനവ് ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ മോഡലായ ക്രിസ്റ്റയുടെ വില കൂട്ടി. ഈ മോഡലിന്റെ വിലയില്‍ രണ്ട് ശതമാനത്തോളം വര്‍ധനവ് വരുത്തിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. 

ഇന്‍പുട്ട് ചെലവുകളിലെ ഗണ്യമായ വര്‍ധനവ് ഭാഗികമായി നികത്താന്‍ ഈ വര്‍ധനവ് ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്. മൂല്യവത്തായ ഉപഭോക്താക്കളില്‍ ഉണ്ടായ ആഘാതം കണക്കിലെടുത്ത് കുറഞ്ഞതോതിലാണ് വില വര്‍ധിപ്പിക്കുന്നതെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഉപഭോക്തൃ കേന്ദ്രീകൃത കമ്പനി എന്ന നിലയില്‍, ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവിന്റെ ആഘാതം കുറയ്ക്കുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി വ്യക്തമാക്കുന്നു. 

ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ രാജ്യത്തെ പല കമ്പനികളും അവരുടെ മോഡലുകളില്‍ വില വര്‍ധന നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു. ഈ മാസം ആദ്യത്തില്‍ മാരുതി സുസുക്കി വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇന്നോവയുടെ വില ടൊയോട്ട കൂട്ടുന്നത്. ഈ ഏപ്രില്‍ മാസത്തിലും വാഹനത്തിന്‍റെ വില കൂട്ടിയിരുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഫെയ്‌സ്‌ലിഫ്റ്റ് 2020 ഒടുവിലാണ് വിപണിയില്‍ എത്തുന്നത്. എം‌പി‌വിയുടെ മുഴുവൻ ലൈനപ്പിലുടനീളം 26,000 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. 

സമാനതകളില്ലാത്ത സവിശേഷതകളും പുതിയ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇന്നോവ ക്രിസ്റ്റയെന്നാണ് കമ്പനി പറയുന്നത്. ഹെഡ്‌ലാമ്പുകളിലേക്ക് ലോലമായി സന്നിവേശിപ്പിക്കുന്ന ക്രോം അലങ്കാരത്തോടുകൂടിയ പുതിയ ട്രപസോയിഡല്‍ പിയാനോ ബ്ലാക്ക് ഗ്രില്‍, കൂര്‍ത്ത ഫ്രണ്ട് ബമ്പര്‍ ഡിസൈന്‍, സമകാലിക കാഴ്ച്ചയ്ക്കായി ഡയമണ്ട് കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് കുളിര്‍മയും ദൃഢവുമായ മുന്‍കാഴ്ച നല്‍കുന്നു.

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഈ വിഭാഗത്തിലെ മികച്ച സവിശേഷതകളുള്ള ഏറ്റവും സുരക്ഷിതമായ വാഹനങ്ങളില്‍ ഒന്നായിരിക്കും ഈ ജനപ്രിയ എംപിവി എന്ന് കമ്പനി അവകാശപ്പെടുന്നു. ഇടുങ്ങിയ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കൂട്ടിയിടികള്‍ ഒഴിവാക്കുന്നതിനും ആയാസ രഹിതമായ ഡ്രൈവിങ് അനുഭവം നല്‍കുന്നതിനും എംഐഡി ഡിസ്‌പ്ലേ ഉപയോഗിച്ചുള്ള ഫ്രണ്ട് ക്ലിയറന്‍സ് സോനാറിലൂടെ കൂടുതല്‍ സുരക്ഷയും പ്രദാനം ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona