ഗ്ലോബല്‍ ലോഞ്ച് അരങ്ങേറാനിരിക്കെ ടൊയോട്ട ഇന്തോനേഷ്യയാണ് ഇന്നോവ ഹൈക്രോസിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തു വിട്ടത്.

ടൊയോട്ട ഇന്നോവയുടെ പുതിയ മോഡല്‍ അടുത്തമാസം വിപണിയിലെത്തും. ഇന്നോവ ഹൈക്രോസിന്റെ ടീസര്‍ ചിത്രം പുറത്തുവന്നു. ഗ്ലോബല്‍ ലോഞ്ച് അരങ്ങേറാനിരിക്കെ ടൊയോട്ട ഇന്തോനേഷ്യയാണ് ഇന്നോവ ഹൈക്രോസിന്റെ ടീസര്‍ ചിത്രം പുറത്തു വിട്ടത്. ഇന്നോവ ഹൈക്രോസിന്റെ മുന്നില്‍ നിന്നുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ക്രോസ് ഓവറുകളേത് പോലുള്ള മുന്‍ഭാഗമാണ്. വലിയ ഹെക്സാഗണ്‍ ആകൃതിയിലുള്ള ഗ്രില്ലാണ് നല്‍കിയിരിക്കുന്നത്. എല്‍ ഷേപ്പ് ഇന്‍സേര്‍ട്ടോട് കൂടിയ വീതിയേറിയ ഹെഡ്ലാംപും ചിത്രത്തില്‍ വ്യക്തമായി കാണാന്‍ കഴിയും.

മസ്കുലര്‍ ലൈനോട് കൂടിയ ബോണറ്റാണ്. ട്രൈആംഗുലര്‍ ഹൌസിംഗോട് കൂടിയ ഫോഗ് ലാംപ് എന്നിവ ചിത്രത്തില്‍ നിന്ന് കാണാന്‍ സാധിക്കും. പുതിയ ഇന്നോവയ്ക്ക് എംപിവിയേക്കാളും ക്രോസ് ഓവറിനോടാണ് കൂടുതല്‍ സാമ്യം എന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. ഡീസല്‍ എന്‍ജിനുണ്ടാവില്ല. അര്‍ബന്‍ ക്രൂയിസറ്‍ ഹൈ റൈഡറിലേതുപോലെ പെട്രോള്‍ - ഹൈബ്രിഡ് എന്‍ജിനാവും ഹൈക്രോസിലുണ്ടാവുക. 

അടുത്തിടെ ഹൈക്രോസിന്‍റെ റോഡ് ടെസ്റ്റ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എല്‍ഇഡി ബ്രേക്ക് ലൈറ്റുകളോട് കൂടിയ കുത്തനെയുള്ള ടെയില്‍ ലാംപും ടെന്‍സ്പോക്ക് അലോയ് വീലുമാണെന്ന് സ്പൈ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. 4.7 മീറ്ററായിരിക്കും നീളം. വീല്‍ ബേസ് 2850 എംഎം. ഇന്നോവ ക്രിസ്റ്റയേക്കാളും വലുപ്പം കൂടുതലുള്ള മോഡലാവും ഹൈക്രോസ്. നിലവിലെ മോഡലിനേപ്പോലെ മള്‍ട്ടിപ്പിള്‍ സീറ്റിംഗ് ഓപ്ഷനുകള്‍ ഹൈക്രോസിനുമുണ്ടാകും.

360ഡിഗ്രി ക്യാമറ, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ഓട്ടോമാന്‍ ഫംഗ്ഷനോട് കൂടിയ രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍, വലിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് ഹൈക്രോസ് എത്തുകയെന്നാണ് സൂചന. മോണോ കോക്ക് രൂപകല്‍പനയിലാവും ഹൈക്രോസ് എത്തുക. മാത്രമല്ല ഫ്രണ്ട് വീല്‍ ഡ്രൈവുമായിരിക്കുമെന്നാണ് സൂചന. നിലവിലെ മോഡലുകള്‍ ലാഡര്‍ ഫ്രെയിം- റിയല്‍ വീല്‍ ഡ്രൈവ് സെറ്റപ്പാണ്. ടൊയോറ്റയുടെ മോഡുലാര്‍ പ്ലാറ്റ്ഫോമായ ടിഎന്‍ജിഎ - സിയിലാവും ഹൈക്രോസ് എത്തുക. 

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്നോവ ക്രിസ്റ്റയുടെ ബുക്കിംഗ് ടൊയോട്ട നിര്‍ത്തി വച്ചിരുന്നു. ഇന്നോവ മോഡല്‍ കമ്പനി നിര്‍ത്തുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരിക്കെയാണ് ഇന്നോവ പ്രേമികള്‍ക്ക് ആവേശമായി ഹൈക്രോസെത്തുന്നത്.