ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ പുതിയ ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ വേരിയന്റ് ഉടൻ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്ന് സിഗ് വീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോർച്യൂണറിന്റെ കൂടുതൽ കരുത്താര്‍ന്ന പതിപ്പാണ് ഫോർച്യൂണർ ലെജൻഡര്‍. ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആഗോളതലത്തില്‍ പുറത്തിറക്കിയിരുന്നത്. അപ്ഡേറ്റ് ചെയ്ത എസ്‌യുവി ഉടന്‍ തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന.

വരാനിരിക്കുന്ന മോഡലിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോൾ പുറത്തുവന്നു. എസ്‌യുവിയുടെ പുതിയ രൂപകല്‍പ്പന, സവിശേഷതകള്‍, മറ്റ് വിശദാംശങ്ങളും ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ ഏറ്റവും പുതിയ സ്‌പൈ ഇമേജുകള്‍ വ്യക്തമാക്കുന്നു. ലെജന്‍ഡര്‍ പതിപ്പിന് കൂടുതല്‍ ആക്രമണാത്മകവും സ്‌പോര്‍ട്ടി ലുക്കും ഉണ്ട്. എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഉള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് ലഭിക്കും. ലെജന്‍ഡര്‍ വേരിയന്റില്‍ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമും പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും കാണാം.

ടൊയോട്ട ഫോർച്യൂണറിലെ 2.8-ലിറ്റർ ഡീസൽ എൻജിനാണ് ലെജൻഡർ പതിപ്പിന്‍റെയും ഹൃദയം. പക്ഷെ 177 എച്പി പവറിന് പകരം 204 എച്ച്പി പവർ ആണ് ഈ എൻജിൻ തായ്‌ലൻഡിൽ വിൽക്കുന്ന ലെജൻഡർ മോഡലിൽ നിർമ്മിക്കുന്നത്. മാത്രമല്ല 50 എൻഎം ടോർക്കും കൂടി 500 എൻഎം ആയിരിക്കും ഔട്പുട്ട്.

പുതിയ ടെയില്‍ ലൈറ്റുകള്‍, എല്‍ഇഡി ബാര്‍, പുതിയ ബമ്പര്‍, റൂഫ് സംയോജിത സ്പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ പിന്നിലുണ്ട്. വിന്‍ഡോയ്ക്ക് കീഴിലുള്ള ക്രോം ലൈന്‍, ഒആര്‍വിഎമ്മുകള്‍, പില്ലറുകള്‍, റൂഫ് എന്നിവ ലഭിക്കുന്നു. ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള പുതിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചേക്കും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്‌യുവിയില്‍ വരുന്നത്. 

ഇന്റീരിയറിൽ പുത്തൻ ഫോർച്യൂണറിലെ 8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ പുത്തൻ ഇൻഫോടൈന്മെന്റ് സിസ്റ്റത്തിന് പകരം ലെജൻഡർ വേരിയന്റിൽ 9.0-ഇഞ്ച് യൂണിറ്റാണ്. ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഈ സ്ക്രീൻ 360 ഡിഗ്രി ക്യാമറയുടെ സ്ക്രീൻ ആയും പ്രവർത്തിക്കും. വെയർലെസ്സ് ചാർജിങ്, മൾട്ടി ഫങ്ക്ഷൻ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ടോൺ സീറ്റുകൾ, ഹാൻഡ്‌സ്ഫ്രീ ബൂട്ട് ഓപ്പണിങ് എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകൾ. ഇതുകൂടാതെ 7 എയർബാഗുകൾ, 'ടൊയോട്ട സേഫ്റ്റി സെൻസ്' സുരക്ഷയുള്ള ഫീച്ചറുകളുടെ കിറ്റ് എന്നിവയും ലെജൻഡർ വേരിയന്റിൽ അധികമുണ്ട്.

ടൊയോട്ട ഫോർച്യൂണറിനേക്കാൾ ലെജൻഡർ പതിപ്പിന് വില കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ ഏകദേശം 40 ലക്ഷത്തിനടുത്ത് എക്‌സ്-ഷോറൂം വില സ്വാഭാവികമായും ടൊയോട്ട ഫോർച്യൂണർ ലെജൻഡറിന് പ്രതീക്ഷിക്കാം. അടുത്ത വർഷത്തിന്റെ തുടക്കത്തിലാണ് ലെജൻഡർ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ട്.  വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പേസ്, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 എന്നിവരാകും എതിരാളികള്‍.