ഫ്യുവല്‍ പമ്പില്‍ തകരാര്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് 1.35 ലക്ഷത്തോളം കാറുകളെ തിരിച്ചുവിളിക്കാന്‍ മാരുതി സുസുക്കി ഇന്ത്യ അടുത്തിടെയാണ് തീരുമാനിച്ചത്. വാഗണ്‍ ആര്‍, ബലേനോ മോഡലുകളെയാണ് മാരുതി തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്.

ഈ പ്രഖ്യാപനത്തെ തുടർന്ന് പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാൻസയെ തിരിച്ചുവിളിക്കാൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിർലോസ്‍കർ മോട്ടോറും (ടികെഎം) നടപടി തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട രൂപാന്തരമാണു ഗ്ലാൻസ. അതുകൊണ്ടുതന്നെ നിർദിഷ്ട കാലാവധിക്കിടെ നിർമിച്ച 6,500 ഗ്ലാൻസ കാറുകളെ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു ടി കെ എമ്മിന്റെയും നീക്കം. 

പെട്രോൾ എൻജിനുള്ള ബലേനൊയിൽ സംശയിക്കുന്ന തകരാർ 2019 ഏപ്രിൽ രണ്ടിനും 2019 ഒക്ടോബർ ആറിനും ഇടയ്ക്കു നിർമിച്ച ഗ്ലാൻസയ്ക്കാണു ബാധകമാവുക. ഈ കാറുകൾ ഡീലർഷിപ്പുകളിലേക്കു തിരിച്ചു വിളിച്ചു പരിശോധിക്കുമെന്നും തകരാർ കണ്ടെത്തുന്ന പക്ഷം ഇന്ധന പമ്പ് സൗജന്യമായി മാറ്റി നൽകുമെന്നുമാണു ടൊയോട്ടയുടെ വാഗ്ദാനം. 

ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയും ടൊയോട്ടയും വാഹന മോഡലുകൾ പങ്കിടുന്നതു സംബന്ധിച്ച് 2018 മാർച്ചിലാണ് കരാർ ഒപ്പുവച്ചത്. തുടർന്ന് ഈ സഖ്യത്തിൽ നിന്നു പുറത്തിറങ്ങിയ ആദ്യ കാറാണു ടൊയോട്ട ഗ്ലാൻസ. ഇന്ധന പമ്പിനു തകരാറുണ്ടെന്നു സംശയിച്ച് 1.35 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാനാണു മാരുതി സുസുക്കിയുടെ നീക്കം. ഹാച്ച്ബാക്കായ വാഗണ്‍ ആർ, പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ എന്നിവയിലെ ഫ്യുവൽ പമ്പിലാണു നിർമാണ തകരാർ സംശയിക്കുന്നത്. ആകെ 56,663 വാഗൻ ആർ കാറുകളും 78,222 ബലേനൊയും തിരിച്ചു വിളിച്ചു പരിശോധിക്കാനാണു കമ്പനിയുടെ തീരുമാനം. 

2018 നവംബറിനും 2019 ഒക്ടോബറിനും ഇടയില്‍ നിര്‍മ്മിച്ച വാഗണ്‍ ആര്‍, 2019 ജനുവരിക്കും 2019 നവംബറിനും മധ്യേ നിര്‍മ്മിച്ച ബലേനോ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഒരു ലീറ്റർ എൻജിനോടെ എത്തുന്ന വാഗൻ ആർ കാറുകൾക്കാണ് പരിശോധന ആവശ്യമായി വരിക. ബലേനൊയുടെയും പെട്രോൾ പതിപ്പുകളിലാണ് തകരാര്‍ സംശയിക്കുന്നത്. 

സങ്കര ഇന്ധന വിഭാഗത്തിലടക്കമുള്ള വാഹനങ്ങൾ പങ്കിടാൻ 2018 മാർച്ചിലാണു സുസുക്കിയും ടൊയോട്ടയും കരാറിലെത്തിയത്. തുടർന്ന് ഈ കരാറിന്റെ അടിസ്ഥാനത്തിൽ ടൊയോട്ട സ്വീകരിച്ച ആദ്യ മോഡലായിരുന്നു ഗ്ലാൻസ എന്ന പേരിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിനു വേണ്ടി മാരുതി സുസുകി ഇന്ത്യയാണ് തങ്ങളുടെ ഗുജറാത്ത് പ്ലാന്റില്‍ ഗ്ലാന്‍സ നിര്‍മിക്കുന്നത്.

2019 ജൂൺ ആറിനായിരുന്നു ബലേനോയുടെ ടൊയോട്ട വേര്‍ഷനായ ഗ്ലാന്‍സയുടെ വിപണിയിലെ അരങ്ങേറ്റം. നിലവില്‍ ടൊയോട്ടയുടെ ഇന്ത്യയിലെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവുമധികം വിൽപനയുള്ള കാറാണ് ഗ്ലാൻസ.

നാലു വകഭദേങ്ങളിലാണ് ഗ്ലാന്‍സ എത്തുന്നത്. തേജസ്സ്, ദീപ്‍തം എന്നിങ്ങനെ അർത്ഥം വരുന്ന ജർമ്മൻ വാക്കിൽ നിന്നാണ് ഗ്ലാൻസ എന്ന പേരിന്‍റെ പിറവി. മികച്ച അകത്തളവും മനോഹരമായ എക്സ്റ്റീരിയറും ആണ് വാഹനത്തെ യുവതലമുറയുടെ ഇഷ്ട മോഡൽ ആക്കുന്നത്. ശക്തിയേറിയതും മികച്ച ഇന്ധനക്ഷമതയുള്ള ഉള്ളതുമായ കെ സീരീസ് എഞ്ചിൻ ആണ് വാഹനത്തിൽ. ബിഎസ് 6ലുള്ള 1.2 ലിറ്റർ കെ12ബി പെട്രോൾ എൻജിനാണ് ഗ്ലാൻസയുടെ ഹൃദയം. ഇതിന് 83 ബിഎച്ച്പി പവറിൽ 113 എൻഎം ടോർക്ക് ഉത്പാദിപ്പിക്കാൻ കഴിയും.