Asianet News MalayalamAsianet News Malayalam

ഇന്നോവയുടെ ചേട്ടന്‍റെ 20 അമേരിക്കന്‍ വര്‍ഷങ്ങള്‍!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പ്രിയസ് ഹൈബ്രിഡ് വാഹനത്തിന്റെ അമേരിക്കന്‍ വിപണിയിലെ ജൈത്രയാത്ര ഇരുപത് വര്‍ഷം പിന്നിട്ടു. 

Toyota Prius Marks 20 Years in the U S Market
Author
Mumbai, First Published May 15, 2020, 11:56 AM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ പ്രിയസ് ഹൈബ്രിഡ് വാഹനത്തിന്റെ അമേരിക്കന്‍ വിപണിയിലെ ജൈത്രയാത്ര ഇരുപത് വര്‍ഷം പിന്നിട്ടു. സ്വന്തം നാടായ ജപ്പാനില്‍ 1997 ഡിസംബറിലാണ് പ്രിയസ് ആദ്യമായി അവതരിച്ചത്. തുടര്‍ന്ന് 2000ത്തില്‍ അമേരിക്കന്‍ അരങ്ങേറ്റം നടത്തി. 

അമേരിക്കന്‍ വിപണിയില്‍ ഇതുവരെ 19 ലക്ഷത്തിലധികം യൂണിറ്റ് ടൊയോട്ട  പ്രിയസ് വിറ്റു. ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ 2021 മോഡല്‍ ടൊയോട്ട പ്രിയസ് ‘2020 എഡിഷന്‍’ പുറത്തിറക്കുകയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കള്‍. 2,020 യൂണിറ്റ് മാത്രമായിരിക്കും വില്‍ക്കുന്നത്. പ്രിയസ് എക്‌സ്എല്‍ഇ ഫ്രണ്ട് വീല്‍ ഡ്രൈവ് വേര്‍ഷന്‍ അടിസ്ഥാനമാക്കിയാണ് 2020 എഡിഷന്‍ നിര്‍മിക്കുന്നത്.

ആഗോളതലത്തില്‍ ഇതുവരെയായി ഒന്നരക്കോടി (15 ദശലക്ഷം) സങ്കര ഇന്ധന (ഹൈബ്രിഡ്) വാഹനങ്ങള്‍ വിറ്റതായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 1997 ല്‍ പ്രിയസ് അവതരിപ്പിച്ചതു മുതലുള്ള കണക്കാണിത്.  ടൊയോട്ട വലിയ തോതില്‍ ഉല്‍പ്പാദനം നടത്തി വിപണിയിലെത്തിച്ച ആദ്യ പൂര്‍ണ ഹൈബ്രിഡ് കാറാണ് പ്രിയസ്. നിലവില്‍ ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡുകളിലായി ആകെ 44 ഹൈബ്രിഡ് മോഡലുകളാണ് ടൊയോട്ട വില്‍ക്കുന്നത്. ഹൈബ്രിഡ് വാഹന വില്‍പ്പന വഴി 120 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കഴിഞ്ഞതായി ടൊയോട്ട അവകാശപ്പെട്ടു. തകേഷി ഉചിയമദയാണ് ആദ്യ ഹൈബ്രിഡ് കാര്‍ വികസിപ്പിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത്. ‘പ്രിയസിന്റെ പിതാവ്’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

സൂപ്പര്‍സോണിക് റെഡ്, വിന്‍ഡ് ചില്‍ പേള്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ സ്‌പെഷല്‍ എഡിഷന്‍ പ്രിയസ് ലഭിക്കും. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ 17 ഇഞ്ച് അലോയ് വീലുകള്‍, ഹെഡ്‌ലാംപുകള്‍, ബി പില്ലറുകള്‍, പുറത്തെ റിയര്‍ വ്യൂ കണ്ണാടികളുടെ ക്യാപ്പുകള്‍ എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ്. ബോഡിയുടെ അതേ നിറത്തിലുള്ളതാണ് റിയര്‍ സ്‌പോയ്‌ലര്‍. പലയിടങ്ങളിലായി ‘2020’ ബാഡ്‍ജ് കാണാം.

കാറിനകത്തെ ഷിഫ്റ്റ് നോബും എ പില്ലറും കറുപ്പ് നിറത്തിലാണ്. എച്ച് വിഎസി വെന്റുകളില്‍ സ്‌മോക്ക്ഡ് ഫിനിഷ് നല്‍കി. കീ ഫോബിലും ഫ്‌ളോര്‍ മാറ്റുകളിലും 2020 എംബ്ലം കാണാം. എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന (പവേര്‍ഡ്) ഹീറ്റഡ് ഡ്രൈവര്‍ സീറ്റ്, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍ എന്നിവ എക്‌സ്എല്‍ഇ വേരിയന്റില്‍ സ്റ്റാന്‍ഡേഡാണ്. മുമ്പത്തെ ആപ്പിള്‍ കാര്‍പ്ലേ കൂടാതെ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ കൂടി സപ്പോര്‍ട്ട് ചെയ്യും.

പ്രീ കൊളീഷന്‍ പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, ഡൈനാമിക് ക്രൂസ് കണ്‍ട്രോള്‍, ബൈസൈക്ലിസ്റ്റ് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലര്‍ട്ട്, റോഡ് സൈന്‍ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ‘ടൊയോട്ട സേഫ്റ്റി സെന്‍സ് 2.0’ ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം 2021 മോഡല്‍ പ്രിയസിന് ലഭിച്ചു.

70 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന പെട്രോള്‍ എന്‍ജിനും 44 ബിഎച്ച്പി പുറപ്പെടുവിക്കുന്ന ഇലക്ട്രിക് മോട്ടോറും ഉള്‍പ്പെടുന്ന പവര്‍ട്രെയ്‌നാണ് ഒറിജിനല്‍ എംകെ1 പ്രിയസിന് കരുത്തേകിയിരുന്നത്. 18 കിലോമീറ്ററായിരുന്നു ഇന്ധനക്ഷമത. കൂടുതല്‍ സ്ഥലസൗകര്യം, കൂടുതല്‍ ഇന്ധനക്ഷമത എന്നിവയോടെ 2004 ല്‍ രണ്ടാം തലമുറ ടൊയോട്ട പ്രിയസ് പുറത്തിറക്കി. പുതിയ ബ്രേക്ക് ബൈ വയര്‍ സിസ്റ്റം സവിശേഷതയായിരുന്നു. മൂന്നാം തലമുറ പ്രിയസിന്റെ ഇന്ധനക്ഷമത 21 കിലോമീറ്ററായിരുന്നു. കൂടുതല്‍ കരുത്ത്, കാബിനില്‍ കൂടുതല്‍ സ്ഥലസൗകര്യം, ആധുനിക സുരക്ഷാ ഫീച്ചറുകള്‍ എന്നിവ ലഭിച്ചു.

നിരവധി ടൊയോട്ട, ലെക്‌സസ് മോഡലുകള്‍ അടിസ്ഥാനമാക്കിയ ടൊയോട്ടയുടെ ടിഎന്‍ജിഎ കെ പ്ലാറ്റ്‌ഫോമിലാണ് നിലവിലെ നാലാം തലമുറ പ്രിയസ് നിര്‍മിച്ചത്. അമേരിക്കന്‍ വിപണിയില്‍ 2019 മോഡല്‍ പ്രിയസിന് ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ നല്‍കി. നിലവില്‍ ടൊയോട്ട നിരയിലെ പത്ത് ഹൈബ്രിഡ് മോഡലുകളിലൊന്നാണ് പ്രിയസ്. 2020 എഡിഷന്‍ ടൊയോട്ട പ്രിയസ് ഈ മാസം 18 ന് അനാവരണം ചെയ്യും. അന്നുതന്നെ രണ്ട് ഓള്‍ ന്യൂ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios