ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ മോഡലായ RAV4 എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. തുടക്കത്തിൽ ഹൈബ്രിഡ് എസ്‌യുവിയുടെ പരിമിതമായ എണ്ണം മാത്രമായിരിക്കും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക.

അഞ്ചാം തലമുറ RAV4 ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.  218 bhp വികസിപ്പിക്കുന്ന ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ അറ്റ്കിൻസൺ-സൈക്കിൾ പെട്രോൾ യൂണിറ്റ് പതിപ്പും വാഹനത്തിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. പിൻ ആക്‌സിലിൽ ഒരു മോട്ടോർ / ജനറേറ്റർ ഘടിപ്പിച്ചിരിക്കുന്നു. ഇത് ഓൾ വീൽ ഡ്രൈവ് സംവിധാനത്തോടു കൂടിയാണ് ലഭ്യമാവുക. അന്താരാഷ്ട്ര വിപണിയിൽ ടൊയോട്ട RAV4 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ, 2.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ, 2.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എന്നിങ്ങനെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളിലാണ് എത്തുന്നത്.

പുതിയ RAV4 എസ്‌യുവിക്ക് 4,600 മില്ലീമീറ്റർ നീളവും 1,85 മില്ലീമീറ്റർ വീതിയും 1,685 മില്ലീമീറ്റർ ഉയരവുമാണുള്ളത്. 2,690 മില്ലീമീറ്റർ ആണ് വാഹനത്തിന്‍റെ വീല്‍ബേസ്. 

ഏകദേശം 60 ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില. 2021 പകുതിയോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും.  

RAV4 ഹൈബ്രിഡ് എസ്‍യുവിയുടെ ബ്ലാക്ക് എഡിഷന്‍ അന്താരാഷ്‍ട്ര വിപണിയില്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. പുത്തന്‍ പതിപ്പിന് ഒരു മോണോക്രോം ഡിസൈനാണ് കമ്പനി അവതരിപ്പിക്കുന്നത്.