Asianet News MalayalamAsianet News Malayalam

പുതിയ എസ്​യുവിയുമായി ടൊയോട്ട

അടുത്തിടെ പുറത്തിറക്കിയ കൊറോള ക്രോസ് എസ്‌യുവിയുടെ (Corolla Cross SUV) മറ്റൊരു പതിപ്പാണ്​ ഫ്രണ്ട്​ലാൻഡർ എന്നാണ്​ സൂചന. 

Toyota teases Frontlander SUV
Author
Mumbai, First Published Sep 30, 2021, 10:27 PM IST

ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട (Toyota) പുതിയ എസ്​യുവിയുടെ ടീസർ പുറത്തിറക്കി. ആഗോള വിപണികൾക്കായി ടൊയോട്ട തങ്ങളുടെ ഏറ്റവും പുതിയ ഫ്രണ്ട്‌ലാൻഡർ (Frontlander SUV) എന്ന ഈ എസ്‌യുവിയുടെ അവതരണം ഉടൻ നടക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ പുറത്തിറക്കിയ കൊറോള ക്രോസ് എസ്‌യുവിയുടെ (Corolla Cross SUV) മറ്റൊരു പതിപ്പാണ്​ ഫ്രണ്ട്​ലാൻഡർ എന്നാണ്​ സൂചന. 

പുതിയ എസ്‌യുവി ആദ്യം ചൈനയിലാവും വിൽപ്പനക്ക്​ എത്തുക. ഒന്നിലധികം പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ആഗോളതലത്തിൽ ജനപ്രിയമായ ആർ.എ.വി 4 എസ്​.യു.വിയ്ക്ക് താഴെയായിട്ടായിരിക്കും ടൊയോട്ടനിരയിൽ വാഹനം ഇടംപിടിക്കുക. ചൈനീസ് ബ്രാൻഡായ ജി.എ.സിയുടെ പങ്കാളിത്തത്തോടെയായിരിക്കും ടൊയോട്ട വാഹനം നിർമിക്കുക.

നിലവിൽ ജപ്പാനിൽ വിൽക്കുന്ന കൊറോള ക്രോസുമായി ഡിസൈനും എഞ്ചിനുമെല്ലാം പങ്കിടുന്ന വാഹനമാണ്​ ഫ്രണ്ട്​ലാൻഡർ. രണ്ട് മോഡലുകളുടെയും സൈഡ് പ്രൊഫൈൽ സമാനമായി തുടരുമ്പോൾ, ഫ്രണ്ട്‌ലാന്ററിന് ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് മെയിൻ ഗ്രിൽ, ട്വീക്ക്ഡ് ബമ്പറുകൾ എന്നിവയുടെ രൂപത്തിൽ ചില സവിശേഷ ഘടകങ്ങൾ ലഭിക്കുന്നു.

ആസിയാൻ മാർക്കറ്റുകളിലും അമേരിക്കയിലും വിൽക്കുന്ന പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ജപ്പാനിൽ വിൽക്കുന്ന കൊറോള ക്രോസിന് സവിശേഷമായൊരു സ്റ്റൈലിങ്​ ഉണ്ട്. ടൊയോട്ടയുടെ ടിഎൻജിഎ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഫ്രണ്ട്‌ലാൻഡർ നിർമിച്ചിരിക്കുന്നത്. ഫ്രണ്ട്‌ലാൻഡർ, കൊറോള ക്രോസ് എസ്‌യുവികളുടെ സൈഡ് പ്രൊഫൈൽ ഏതാണ്ട് സമാനമാണ്. എന്നാൽ, ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ബമ്പർ, നേരിയ മാറ്റം വരുത്തിയ പിൻ ബമ്പർ എന്നിവ വ്യത്യസ്​തമാണ്.

ടൊയോട്ടയുടെ ടിഎൻജിഎ മോഡുലാർ പ്ലാറ്റ്ഫോമിലാണ് ഫ്രണ്ട്ലാൻഡർ നിർമ്മിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ടൊയോട്ടയുടെ നിരവധി എസ്‌യുവികളിലും സെഡാനുകളിലും ഇതേ ഘടന കാണപ്പെടുന്നു.  ഹൈബ്രിഡ് സാങ്കേതികവിദ്യയോടു കൂടിയ 1.8 ലിറ്റർ പെട്രോൾ എഞ്ചിനാവും ഫ്രണ്ട്‍ലാന്‍ഡറിന്‍റെ ഹൃദയം. 

ചൈനീസ് അരങ്ങേറ്റത്തിന് ശേഷം എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. പക്ഷേ, ടൊയോട്ട ഇന്ത്യ അതിന്റെ RAV4 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios